'ഇതോടെ ഹമാസിനെ തളർത്താമെന്നാണോ ​ കരുതുന്നത്​? എങ്കിൽ നിങ്ങള്‍ക്ക് തെറ്റി'; ഇസ്രായേലിനോട്​ ഇസ്​മാഈൽ ഹനിയ്യ

പെരുന്നാൾ ദിനത്തിലായിരുന്നു ഹനിയ്യയുടെ മൂന്ന്​ മക്കളും മൂന്ന്​ പേരക്കുട്ടികളും കൊല്ലപ്പെട്ടത്

Update: 2024-04-11 00:45 GMT
Editor : ലിസി. പി | By : Web Desk

ദുബൈ:  പെരുന്നാൾ ദിനത്തിൽ മൂന്ന്​ മക്കളും മൂന്ന്​ പേരക്കുട്ടികളും വധിക്കപ്പെടുക. ഏതൊരു പിതാവിനെയും ഉലച്ചു കളയുന്ന ആ ദുരന്ത വാർത്തയിലും ഒട്ടും കുലുങ്ങാതെ ഹമാസ്​ നേതാവ്​ ഇസ്​മാഈൽ ഹനിയ്യ. ​പ്രിയപ്പെട്ടവരുടെ മരണം ഒരു പോരാളിയെ ഒട്ടും തളർത്തില്ലെന്നതിന്‍റെ നേർസാക്ഷ്യം കൂടിയായിരുന്നു ഖത്തറിൽ കഴിയുന്ന ഇസ്​മാഈൽ ഹനിയ്യയിൽ ഇന്നലെ കണ്ടത്​.

മരണം എപ്പോഴും കൂടെയുണ്ടെന്നുറപ്പിച്ചാണ്​ ഓരോ പോരാളിയുടെയും ജീവിതം. ​ പിന്നിട്ട മാസങ്ങളിൽ ഹനിയ്യയുടെ നിരവധി ബന്ധുക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഫലസ്​തീൻ പ്രതിരോധ പ്രസ്​ഥാനത്തിന്‍റെ മുന്നണിപ്പോരാളിയായി മാറിയ ഇസ്​മാഈൽ ഹനിയ്യക്കെതിരെയും മുമ്പും പലതവണ വധശ്രമങ്ങൾ നടന്നതാണ്​. ഹമാസ്​ സ്​ഥാപകൻ ശൈഖ്​ അഹ്​മദ്​ യാസീന്‍റെ സന്തത സഹചാരിയെന്ന നിലയിൽ ആർജിച്ചെടുത്ത രാഷ്​ട്രീയ, പ്രതിരോധാനുഭവങ്ങളാണ്​ ഈ അറുപത്തിരണ്ടുകാരന്‍റെ കാതലും കരുത്തും. ഗസ്സയിൽ ശത്രു കവർന്നെടുത്ത ഉറ്റവരുടെ വാർത്ത അറിഞ്ഞപ്പോൾ ഒട്ടും ഉലയാത്ത ശബ്​ദത്തിൽ ആയിരുന്നു ഇന്നലെ ഖത്തറിൽ ഇസ്​മാഈൽ ഹനിയ്യയുടെ പ്രതികരണം.

Advertising
Advertising

'ഇതോടെ ഹമാസിനെ തളർത്താമെന്നാണോ ​ കരുതുന്നത്​? എങ്കിൽ ഇസ്രായേലിന്​ തെറ്റി: ഹനിയ്യ പറഞ്ഞു.ഗസ്സയിലെ എല്ലാ രക്​തസാക്ഷികളും എ​ന്‍റെ മക്കളാണ്​. അവരുടെ രക്​തത്തേക്കാൾ വിലയേറിയതല്ല തന്‍റെ മക്കളുടെ രക്​തമെന്നും ഹനിയ്യയുടെ വാക്കുകൾ... തീർന്നില്ല,  ഇസ്രായേലിനെ വിറകൊള്ളിക്കുമാറ്​ ഹനിയ്യ ഇത്രയും കൂടി പറഞ്ഞു.രക്​തസാക്ഷികളുടെ രക്​തത്തിലൂടെ, മുറിവേറ്റവരുടെ വേദനയിലൂടെ ഞങ്ങൾ പ്രത്യാശയും ഭാവിയും സൃഷ്​ടിക്കും. അതിലൂടെ​ രാജ്യത്തിനും ജനതക്കും സ്വാതന്ത്ര്യം നൽകും. ദൈവം മക്കളുടെ പാത എളുപ്പമാക്ക​ട്ടെയെന്നു പ്രാർഥിക്കാനും ഹനിയ്യ മറന്നില്ല.

പിന്നിട്ട കുറെ കാലമായി ഹമാസ്​ രാഷ്​ട്രീയകാര്യ മേധാവി എന്ന നിലയിൽ ചർച്ചകളിലും നയതന്ത്ര നീക്കങ്ങളിലും ആർജവത്വമുള്ള ഫലസ്​തീൻ ശബ്​ദമായി മാറുകയാണ്​ അടിമുടി പോരാളിയായ ഇസ്​മാഈൽ ഹനിയ്യ.

പെരുന്നാൾ ദിനത്തിൽ ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ശാതി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്മാഈൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. ഹനിയ്യയുടെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളുമാണ്​ വധിക്കപ്പെട്ടത്​.

ഈദ് ദിനത്തിൽ ബന്ധുവീടുകൾ സന്ദർശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഹനിയ്യയുടെ ഉറ്റവരെ കൊലപ്പെടുത്തിയ സൈന്യത്തെ അഭിനന്ദിച്ച്​ ഇസ്രായേൽ മന്ത്രിമാർ രംഗത്തുവന്നു. എന്നാൽ ആക്രമണം ബന്ദികളുടെ മോചനം വീണ്ടും അനിശ്​ചിതതത്വത്തിലാക്കിയതായി ബന്ധു​ക്കൾ പ്രതികരിച്ചു. കൈറോയിൽ അമേരിക്കയും മറ്റും മുൻകൈയെടുത്തു നടത്തുന്ന വെടിനിർത്തൽ കരാർ ചർച്ചകളുടെ ഭാവിയെയും ആക്രമണം പ്രതികൂലമായി ബാധിക്കും. തങ്ങൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളിൽ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് ഹമാസ്​ വ്യക്​തമാക്കി. പുതിയ വെടിനിർത്തൽ നിർദേശം ഹമാസ്​ അംഗീകരിക്കണമെന്ന്​ ആവശ്യപ്പെട്ട അമേരിക്ക, ഹനിയ്യയുടെ കുട്ടികളെയും പേരക്കുട്ടികളെയും വധിച്ച ഇസ്രായേൽ നടപടിയെ കുറിച്ച്​ പ്രതികരിക്കാൻ വിസമ്മതിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News