Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ദോഹ: ഖത്തറിനെതിരായ ആക്രമണം ഇസ്രായേലിനെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെടുത്തും. ആക്രമണം യുഎസ് മുന്‍കൂട്ടി അറിഞ്ഞുവെന്നത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ യുഎസിനോടുള്ള വിശ്വാസ്യത നഷ്ടപ്പെടാനും കാരണമാകും.
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ കൂടുതല്‍ രാഷ്ട്രങ്ങളെ പ്രേരിപ്പിക്കാനും ഖത്തര്‍ ആക്രമണം കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫിന്റെ പ്രധാന കൂട്ടാണ് യുഎസ്. ഇത്തവണ അധികാരമേറ്റ ശേഷം യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ആദ്യം രാഷ്രീയ സന്ദര്‍ശനം നടത്തിയത് സൗദിയിലേക്കും ഖത്തറിലേക്കുമാണ്.
ജംബോ ബോയിങ് വിമാനം സമ്മാനമായി വാങ്ങിയാണ് ട്രംപ് ഖത്തറില്‍ നിന്നും മടങ്ങിയത്. ഇസ്രായേല്‍ ആക്രമണം നടത്താനായി നീങ്ങുമ്പോള്‍ അത് തടയാന്‍ ട്രംപ് ശ്രമിച്ചില്ലായെന്നത് ശ്രദ്ധേയമാണ്. ഇസ്രായേലിന് വേണ്ടി ഏത് സുഹൃത്തുക്കളേയും മറക്കുമെന്ന സൂചന കൂടിയുണ്ട് ഖത്തര്‍ ആക്രമണത്തില്‍.
ഇത് ഗള്‍ഫ് രാഷ്ട്രങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. യുഎസിനോട് ഉള്ളില്‍ വിശ്വാസ്യത നഷ്ടപ്പെടാനും പുതിയ നീക്കം കാരണമാകും. അബ്രഹാം അക്കോഡില്‍ ഒപ്പിട്ടവര്‍ക്കും ഇടാനിരിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പു കൂടി ദോഹ ആക്രമണത്തിലുണ്ട്. അതേ സമയം, അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെടുന്നതാണ് ചിത്രം. ആരെയും കൂസാതെ എവിടെയും കയറിച്ചെല്ലാവുന്ന തെമ്മാടി രാഷ്ട്രമായാണ് ഇസ്രായേലിനുള്ള പുതിയ മുഖം.
നേരത്തെ ഒപ്പം നിന്ന ബ്രിട്ടനും, ഫ്രാന്‍സും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ നീങ്ങുന്നതും ഇനി കാണാം. ഈ മാസാവസാനം നടക്കുന്ന യുഎന്‍ പൊതുസഭയില്‍ ഫലസ്തീന് കൂടുതല്‍ പിന്തുണ ലഭിക്കാനും ഇസ്രായേല്‍ നീക്കം കാരണമാകും. ഐക്യരാഷ്ട്രസഭക്കും ഗള്‍ഫ് അറബ് രാഷ്ട്രങ്ങള്‍ക്ക് പുറമെ, ബ്രിട്ടണ്‍, ഫ്രാന്‍സ്, പാക്‌സ്താന്‍, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി എന്നിവരും ആക്രമണത്തിനെതിരെ രംഗത്ത് വന്നു.
ഇന്ത്യ ആക്രമണത്തെ അപലപിക്കാതെ ആശങ്ക രേഖപ്പെടുത്തിയാണ് ഇസ്രായേലിനൊപ്പം നിന്നത്. ദോഹയില്‍ വരെ ഇസ്രായേല്‍ ആക്രമണം നടന്നതോടെ ഹമാസിന് ലോകത്തിന്റെ എല്ലാ ഭാഗവും ഒരുപോലെയാകും. ഇതനുസരിച്ച് സംഘടന, നേതാക്കള്‍, ഭരണരീതി എന്നിവ സംബന്ധിച്ച് പുതിയ സ്വഭാവത്തിലേക്ക് മാറാനും ഈ ആക്രമണം സഹായിക്കും.
മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് പിന്മാറില്ലെന്ന് ഖത്തര്‍ പ്രഖ്യാപിച്ചതോടെ ഇനി വെടിനിര്‍ത്തലിലേക്ക് കാര്യങ്ങളെത്തുമോ എന്നതാണ് പ്രധാന ചോദ്യം. ആക്രമണത്തോടെ പരസ്പര വിശ്വാസം നഷ്ടപ്പെട്ടവരായി ഗള്‍ഫ് രാജ്യങ്ങള്‍ മാറും.
അബ്രഹാം അക്കോഡിലൂടെ ഗള്‍ഫിനോട് കൂടുതല്‍ അടുക്കാനിരുന്ന ഇസ്രായേലിന്, കൂടുതല്‍ കാലം അതിനായി കാത്തിരിക്കേണ്ടി വരും. ചുറ്റു തീയിട്ട് സുരക്ഷിതമെന്ന് കരുതുന്ന ഇസ്രായേലിന് തന്നെ സുരക്ഷാ ഭീഷണിയാകും ഖത്തര്‍ ആക്രമണം.