'ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം തടയാനായില്ല'; മൂന്ന് ജനറൽമാരെ പുറത്താക്കി ഇസ്രായേൽ സൈന്യം; നിരവധി പേർക്കെതിരെ അച്ചടക്ക നടപടി

സൈനിക സംവിധാനത്തിനുള്ളിൽ ദീർഘകാലമായി വ്യവസ്ഥാപിതവും സംഘടനാപരവുമായ പരാജയം ഉണ്ടെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Update: 2025-11-24 14:02 GMT

ജെറുസലേം: 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന് മൂന്ന് ജനറൽമാരെ പിരിച്ചുവിട്ട് ഇസ്രായേൽ സൈന്യം. നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണവും കനത്ത തിരിച്ചടിയുമായിരുന്നു ഒക്ടോബർ ഏഴിലേത്.

ആക്രമണത്തിലേക്ക് നയിച്ച പരാജയങ്ങളെക്കുറിച്ച് വ്യവസ്ഥാപരമായ അന്വേഷണം നടത്തണമെന്ന് സൈനിക മേധാവി ഇയാൽ സമീർ ആവശ്യപ്പെട്ടതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ നടപടി. ഡിവിഷണൽ കമാൻഡർമാർ അടക്കമുള്ളവരാണ് ജനറൽമാരെെയാണ് പുറത്താക്കിയത്. ഇവരിൽ ഒരാൾ അന്ന് സൈനിക ഇന്റലിജൻസ് മേധാവിയായിരുന്നു. ​

Advertising
Advertising

ഗസ്സയിൽ നിന്നും ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ സായുധ സേന പരാജയപ്പെട്ടതിന് മൂവരും വ്യക്തിപരമായി ഉത്തരവാദികളാണെന്ന് ഞായറാഴ്ച സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വീഴ്ചയുമായി ബന്ധപ്പെട്ട് മൂവരും രാജിവച്ചതിനു പിന്നാലെയാണ് സൈന്യത്തിന്റെ നടപടി.

നാവിക, വ്യോമസേനാ മേധാവിമാർ, മറ്റ് ജനറൽമാർ, മുതിർന്ന ഉദ്യോ​ഗസ്ഥർ അടക്കമുള്ളവർക്കെതിരെയാണ് അച്ചടക്ക നടപടി. ഒക്ടോബർ ഏഴിലെ ആക്രമണങ്ങളെക്കുറിച്ചുള്ള സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കി വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. സൈനിക സംവിധാനത്തിനുള്ളിൽ ദീർഘകാലമായി വ്യവസ്ഥാപിതവും സംഘടനാപരവുമായ പരാജയം ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അസാധാരണവും ഉയർന്ന നിലവാരമുള്ളതുമായ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും, ആക്രമണത്തെക്കുറിച്ച് അപകടസൂചന നൽകാൻ കഴിയാത്തത് സൈന്യത്തിന്റെ ഇന്റലിജൻസ് പരാജയമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2023 ഒക്ടോബർ ഏഴിന് രാത്രിയിലെ തീരുമാനമെടുക്കലുകളിലെയും സേനാ വിന്യാസത്തിലേയും പോരായ്മകളെയും റിപ്പോർട്ട് അപലപിച്ചു.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ പ്രാദേശിക സമയം രാവിലെ 6.30നായിരുന്നു പതിറ്റാണ്ടുകളായി നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ തിരിച്ചടിയെന്നോണം തെൽ അവീവിലേക്ക് ഹമാസ് റോക്കറ്റുകൾ തൊടുത്തുവിട്ടത്. ഇസ്രായേലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളുടെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയണ്‍ ഡോമിന്റേയും കണ്ണുവെട്ടിച്ചായിരുന്നു ആക്രമണം.

‘തൂഫാനുൽ അഖ്സ’ എന്ന പേരില്‍ നടത്തിയ ആക്രമണത്തിന്റെ ഭാഗമായി ഇസ്രയേലിലേക്ക് ഹമാസ് പായിച്ചത് 5000ലേറെ റോക്കറ്റുകളായിരു്നനു. ആക്രമണത്തില്‍ 373 സൈനികര്‍ ഉള്‍പ്പെടെ 1,139 പേര്‍ കൊല്ലപ്പെടുകയും 250ലേറെ പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു.

നേരത്തെ, ​ഗസ്സ വംശഹത്യക്കിടെ പിടികൂടിയ ഫലസ്തീൻ തടവുകാരെ സയണിസ്റ്റ് സൈനികർ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ ചോർന്ന സംഭവത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ ചീഫ് ലീഗൽ ഓഫീസർ രാജിവച്ചിരുന്നു. സംഭവത്തിൽ ക്രിമിനൽ അന്വേഷണം ആരംഭിച്ചതോടെയാണ് അഡ്വക്കേറ്റ് ജനറൽ മേജർ ജനറൽ യിഫാത് ടോമർ- യെരുഷാൽമി ഈ മാസമാദ്യം രാജിവച്ചത്.

2024 ആ​ഗസ്റ്റിലായിരുന്നു വീഡിയോ ചോർന്നത്. ഈ വീഡിയോ ഇസ്രായേലി ചാനൽ-12 സംപ്രേഷണം ചെയ്തിരുന്നു. ഫലസ്തീൻ തടവുകാരെ സൈനികർ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ ചോർന്നതിന്റെ ഉത്തരവാദി താനാണെന്ന് വ്യക്തമാക്കിയാണ് ഇസ്രായേലി സൈന്യത്തിലെ ഉന്നത അഭിഭാഷക ഉദ്യോ​ഗസ്ഥ രാജിവച്ചത്. എസ്ഡി ടീമാൻ തടങ്കൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ചോർന്നത്. പീഡനത്തിൽ അന്വേഷണത്തിന് പിന്നാലെ അഞ്ച് റിസർവ് സൈനികർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്തിരുന്നു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News