ഒരാഴ്ചക്കുള്ളിൽ സമാധാനമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ മന്ത്രി അമേരിക്കയിലേക്ക്; വൈറ്റ്ഹൗസിൽ ചർച്ച
സ്ട്രാറ്റജിക് കാര്യമന്ത്രി റോൺ ഡെർമർ നാളെ വൈറ്റ് ഹൗസിൽ യുഎസ് നേതാക്കളുമായി ചർച്ച നടത്തും
ഗസ്സസിറ്റി: ഒരാഴ്ചക്കുള്ളിൽ ഗസ്സയിൽ വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രായേൽ മന്ത്രി അമേരിക്കയിലേക്ക്. സ്ട്രാറ്റജിക് കാര്യമന്ത്രി റോണ്‍ ഡെർമർ നാളെ വൈറ്റ് ഹൗസിൽ യുഎസ് നേതാക്കളുമായി ചർച്ച നടത്തും.
യുഎസ് നിർദേശപ്രകാരം ഇസ്രായേൽ സുരക്ഷാ സമിതി രണ്ടുവട്ടം യോഗം ചേർന്നെങ്കിലും ഗസ്സയിൽ വെടിനിർത്തുന്ന കാര്യത്തിൽ തീരുമാനമൊന്നും ആയില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെൻ ഗവിർ, സ്മോട്രിക് എന്നിവരും യുഎസ് സമ്മർദം മുഖേനയുള്ള വെടിനിർത്തലിനെ എതിർക്കുകയാണ്.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവുമായി ബന്ധപ്പെട്ട ചർച്ചകളോട് ഇസ്രായേൽ സഹകരിക്കേണ്ടതില്ലെന്നാണ് മൂവരുടെയും തീരുമാനം. ഇതിനിടെയാണ് മന്ത്രിയുടെ യുഎസ് സന്ദര്‍ശനം. വൈറ്റ് ഹൗസിൽ യുഎസ് നേതാക്കളുമായാണ് റോണർ ഡെമർ ചർച്ച നടത്തുക. ബന്ദികളുടെ മോചനം ഉറപ്പാക്കാൻ ഹമാസുമായി കരാർ വേണമെന്ന നിർദേശം യുഎസ്, ഡെർമർക്കു മുമ്പാകെ ഉന്നയിക്കും. യുദ്ധാനന്തര ഗസ്സയുടെ ഭാവി ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയാകുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ ചർച്ചാനീക്കത്തിനിടയിലും ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമാണ്. 24 മണിക്കൂറിനിടെ 81 പേരാണ് കൊല്ലപ്പെട്ടത്. 422 പേർക്ക് പരിക്കേറ്റു. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയോടെ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായ കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയവർക്ക് നേരെ ഇന്നലെയും വെടിവെപ്പുണ്ടായി. ഗസ്സയിൽ യു.എസ് പിന്തുണയോയെുള്ള സഹായ പ്രവർത്തനം സുരക്ഷിതമല്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
അതിനിടെ, ഗസ്സയിലെ പട്ടിണി കിടക്കുന്ന ഫലസ്തീനികൾക്ക് സഹായമായി വിതരണം ചെയ്ത ധാന്യപ്പൊടികളടങ്ങിയ ബാഗുകളിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതായുള്ള വെളിപ്പെടുത്തൽ ആശങ്കാജനകമാണെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ പറഞ്ഞു.