ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഒരാഴ്ചക്കുള്ളിൽ തീരുമെന്ന് റിപ്പോർട്ട്
ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനം തകർക്കാൻ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയേക്കും.
തെൽ അവീവ്: ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ തീരുന്നു. ഒരാഴ്ചക്കുള്ളിൽ പ്രതിരോധ മിസൈലുകൾ തീരുമെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം യുഎസിനും ബോധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തടയാൻ ബദൽ മാർഗം തേടുകയാണ് ഇസ്രായേൽ. പ്രതിസന്ധി മറികടക്കാൻ ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനം തകർക്കാൻ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയേക്കും.
ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ യുഎസും സജീവമായി ഇടപെടുമെന്നാണ് പുതിയ വിവരം. നേരിട്ട് യുദ്ധത്തിനിറങ്ങാൻ ട്രംപ് ഭരണകൂടത്തിന് മേൽ സയണിസ്റ്റ് ലോബി സമ്മർദം ശക്തമാക്കുന്നുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കാൻ അനുകൂലമായ സമയമാണ് ഇതെന്നാണ് ഇസ്രായേൽ വിലയിരുത്തൽ.
അതേസമയം ഇറാൻ ആർക്ക് മുന്നിലും കീഴടങ്ങില്ലെന്ന് പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞു. അടിച്ചേൽപ്പിക്കുന്ന യുദ്ധവും സമാധാനവും അംഗീകരിക്കില്ല. യുഎസ് ഇടപെട്ടാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഖാംനഇ മുന്നറിയിപ്പ് നൽകി.