ഫ്രാൻസിൽ മുസ്‌ലിം പള്ളിയിൽ കയറി യുവാവിനെ കുത്തിക്കൊന്ന പ്രതി ഇറ്റലിയിൽ അറസ്റ്റിൽ; ഇസ്‌ലാമോഫോബിക്‌ ആക്രമണമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി

കൊലയ്ക്ക് മുമ്പ് ‌‌അക്രമി പള്ളിയിൽ കയറി ഉച്ചത്തിൽ ദൈവത്തെ അധിക്ഷേപിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Update: 2025-04-28 13:53 GMT

റോം: ഫ്രാൻസിൽ മുസ്‌ലിം പള്ളിയിൽ കയറി യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി ഇറ്റലിയിൽ അറസ്റ്റിൽ. വെള്ളിയാഴ്ച തെക്കൻ ഫ്രാൻസിലെ ലാ ​ഗ്രാൻഡ‍് ​കോംബെയിലെ പള്ളിയിലായിരുന്നു സംഭവം. മാലിക്കാരനായ അബൂബക്കർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇറ്റാലിയൻ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോയ പ്രതി ഞായറാഴ്ച രാത്രി ഇറ്റലിയിലെ ഫ്ലോറൻസിനടുത്തുള്ള ഒരു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു എന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതി ഫ്ലോറൻസിനടുത്തുള്ള പിസ്റ്റോയ എന്ന നഗരത്തിലെ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയതെന്ന് ഇറ്റാലിയൻ അധികൃതർ അറിയിച്ചു.

Advertising
Advertising

സംഭവത്തെ അപലപിച്ച പാരീസിലെ ഗ്രാൻഡ് മോസ്‌ക്, 20 വയസ് മാത്രമാണ് കൊല്ലപ്പെട്ട അബൂബക്കറിന്റെ പ്രായമെന്നും പള്ളി വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണമെന്നും വ്യക്തമാക്കി. 

യുവാവിന്റെ കൊലപാതകം മുസ്‌ലിം വിരുദ്ധവും വംശീയ കുറ്റകൃത്യവും ആണെന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. ഫ്രാൻസിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നെന്ന് ഗാർഡിലെ തെക്കൻ നഗരമായ അലസിലെ പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൽ കരിം ഗ്രിനി പറഞ്ഞു.

മുസ്‌ലിം വിരുദ്ധതയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനമെന്നും മറ്റ് ഉദ്ദേശ്യങ്ങളും അധികാരികൾ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണത്തെത്തുടർന്ന് വെള്ളിയാഴ്ച തന്നെ അധികൃതർ പ്രതിക്കായി അന്വേഷണം ആരംഭിച്ചിരുന്നു. ‌

അക്രമി തന്റെ ഫോണിൽ ആക്രമണം പകർത്തുകയും കൊലയ്ക്ക് മുമ്പ് പള്ളിയിൽ കയറി ഉച്ചത്തിൽ ദൈവത്തെ അധിക്ഷേപിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിയെ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഗ്രിനി പറഞ്ഞു. "എത്രയും വേഗം അയാളെ തിരികെ കൊണ്ടുവരാൻ ഞങ്ങൾ പരമാവധി ശ്രമിക്കും"- പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

ആക്രമണത്തെ അപലപിച്ച പ്രസി‍‍ഡന്റ് ഇമ്മാനുവൽ മാക്രോൺ, മതാടിസ്ഥാനത്തിലുള്ള വെറുപ്പിനും വിദ്വേഷത്തിനും വംശീയതയ്ക്കും ഫ്രാൻസിൽ സ്ഥാനമില്ലെന്നും പറഞ്ഞു. മതസ്വാതന്ത്ര്യം ലം​ഘിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ ഇസ്‌ലാമോഫോബിക്‌ ആക്രമണം എന്നാണ് ഫ്രാൻസ് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റൂ വിശേഷിപ്പിച്ചത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News