'വെടിവച്ചത് തൊട്ടുപിന്നിൽനിന്ന്; വെടിയുണ്ട ആബെയുടെ ഹൃദയം തുളച്ചുകയറി'

ജപ്പാൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനായ തെത്സുയ യമഗാമിയാണ് ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ വെടിവച്ചത്

Update: 2022-07-08 16:03 GMT
Editor : Shaheer | By : Web Desk
Advertising

ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണം വെടിയുണ്ട ഹൃദയത്തിൽ തുളച്ചുകയറിയെന്ന് റിപ്പോർട്ട്. കഴുത്തിലും നെഞ്ചിലും വെടിയേറ്റു. പിന്നാലെ ഹൃദയാഘാതവുമുണ്ടായതായി അദ്ദേഹത്തെ ചികിത്സ ഡോക്ടർമാർ വെളിപ്പെടുത്തി.

കഴുത്തിനും നെഞ്ചിനുംനേരെ രണ്ടു തവണയാണ് അക്രമി നിറയൊഴിച്ചത്. നെഞ്ചിനുനേരെ തൊടുത്ത വെടിയുണ്ട ഹൃദയം തുളച്ചുകയറി. ഇതേതുടർന്ന് വലിയൊരു ദ്വാരം തന്നെ ഹൃദയത്തിലുണ്ടായിരുന്നുവെന്നും വെടിയുണ്ട നീക്കം ചെയ്യാനായില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

രക്തം വാർന്ന് നിലത്തുവീണ് ആബെ

പ്രാദേശിക സമയം ഇന്നു രാവിലെ പതിനൊന്നരയോടെയാണ് ലോകത്തെ നടുക്കിയ വെടിവയ്പ്പ് നടന്നത്. ഞായറാഴ്ച നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജപ്പാനിലെ നരാ നഗരത്തിൽ നടന്ന പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു അക്രമി പിന്നിൽനിന്ന് വെടിവച്ചത്. രക്തം വാർന്നൊഴുകിയ ആബെയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമാകുകയായിരുന്നു. വൈകീട്ടോടെ അന്ത്യം സംഭവിക്കുകയും ചെയ്തു.

ആദ്യത്തെ വെടിയൊച്ച കേട്ടപ്പോൾ എന്തെങ്കിലും കളിക്കോപ്പായിരിക്കുമെന്നാണ് കരുതിയതെന്നാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു യുവതി മാധ്യമങ്ങളോട് പറഞ്ഞത്. വെടിയേറ്റിട്ടും ആബെ വീണില്ല. എന്നാൽ, ഉടൻതന്നെ അടുത്ത വെടിയൊച്ചയും കേട്ടു. ഇത്തവണ ഉഗ്രശബ്ദത്തോടെയും പുകപടലങ്ങളുയർത്തിയുമായിരുന്നു വെടിവയ്പ്പ്. വെടിയേറ്റ് ആബെ നിലത്ത് വീണു. ഉടൻ ആളുകൾ ഓടിക്കൂടി അദ്ദേഹത്തെ പ്രാഥമിക പരിചരണം നൽകി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അക്രമിയെ സ്ഥലത്തുനിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജപ്പാൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനായ തെത്സുയ യമഗാമിയായിരുന്നു പ്രതി. ആബെയുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തനായിരുന്നെന്നും തീരുമാനിച്ചുറപ്പിച്ചു തന്നെയായിരുന്നു വെടിയുതിർത്തതെന്നുമാണ് യമഗാമി പൊലീസിനോട് പറഞ്ഞത്.

Summary: Japan Ex PM Shinzo Abe was shot dead from behind and bullet penetrated his heart", says doctors

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News