തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ സമ്മർദം; ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

കഴിഞ്ഞ ഒക്ടോബറിലാണ് ഷിഗേരു ഇഷിബ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്

Update: 2025-09-07 16:18 GMT

ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ജൂലൈയിൽ നടന്ന പാർലമെന്റ് ഉപരിസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ സമ്മർദം ശക്തമായതിനെ തുടർന്നാണ് രാജി. ഭരണകക്ഷിയിലെ അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങിയതിന് പിന്നാലെയാണ് രാജി.

ദീർഘകാലമായി ജപ്പാനിൽ അധികാരത്തിലുള്ള പാർട്ടിയാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി. ഇഷിബക്ക് പാർലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാനാണ് രാജിയെന്ന് ഇഷിബയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

Advertising
Advertising

അതേസമയം സ്വമേധയാ രാജിവെക്കാൻ ആവശ്യപ്പെട്ട് കൃഷി മന്ത്രി ഷീൻജീരോ കൊയ്‌സുമി, മുൻ പ്രധാനമന്ത്രി യോഷിഹിഡെ സൂഗ എന്നിവർ ശനിയാഴ്ച രാത്രി ഇഷിബയെ കണ്ടിരുന്നതായി ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടി നേതാവെന്ന നിലയിൽ ഇഷിബക്ക് 2027 സെപ്റ്റംബർ വരെ കാലാവധിയുണ്ടായിരുന്നു. പാർട്ടിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടന്നേക്കും.

കഴിഞ്ഞ ഒക്ടോബറിലാണ് ഷിഗേരു ഇഷിബ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്. ഇഷിബയുടെ പ്രധാന എതിരാളിയായ സനേ ടക്കായിച്ചി, കൃഷി മന്ത്രി ഷിൻജീരോ കൊയ്‌സുമി എന്നിവർ പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News