അമ്പോ! ഇതാര്!? ഞെട്ടിക്കുന്ന 'മെയ്ക്കോവറി'ല്‍ കിം ജോങ്

ഏതാനും മാസങ്ങളായി രൂക്ഷമായ ഭക്ഷ്യക്ഷാമത്തെ തുടർന്ന് കടുത്ത പട്ടിണിയിലാണ് ഉത്തര കൊറിയ

Update: 2022-01-02 13:24 GMT
Editor : Shaheer | By : Web Desk
Advertising

ഒരു വർഷത്തോളമായി രൂക്ഷമായ പട്ടിണിയിലൂടെയാണ് ഉത്തര കൊറിയൻ ജനത കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ക്ഡൗണും പ്രകൃതി ദുരന്തങ്ങളും വിദേശരാജ്യങ്ങളുടെ ഉപരോധവുമടക്കം കടുത്ത സാമ്പത്തിക ഞെരുക്കമാണ് രാജ്യം നേരിടുന്നത്. ഇതിനിടയിൽ, ഉ.കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രങ്ങളാണ് ഇപ്പോൾ രാജ്യത്തും പുറത്തും ചർച്ചയാകുന്നത്. കണ്ടിട്ട് തിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ പറ്റെ മെലിഞ്ഞ കിമ്മിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം കൊറിയൻ വാർത്താ ഏജൻസി പുറത്തുവിട്ടത്.

കിമ്മിന്റെ മെലിഞ്ഞ ചിത്രങ്ങൾ രാജ്യത്തെ ജനങ്ങളുടെ ഹൃദയം തകർത്തിരിക്കുകയാണെന്നാണ് കൊറിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തത്. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യത്തിനു വേണ്ടി കിം ഭക്ഷണം കുറച്ചിരിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുകയും ചെയ്തു. കിം ഗുരുതരമായ രോഗങ്ങളുമായി മല്ലിടുകയാണെന്ന തരത്തിൽ നേരത്തെ വ്യാപക പ്രചാരണമുണ്ടായിരുന്നു. മാസങ്ങളായി പൊതുരംഗത്തുനിന്ന് അപ്രത്യക്ഷമായിരുന്ന കിം കഴിഞ്ഞ നവംബറിൽ മെലിഞ്ഞ കോലത്തില്‍ മാധ്യമങ്ങൾക്കു മുന്നിലെത്തിയതോടെയായിരുന്നു ഇത്. 20 കിലോയോളം ഭാരം കുറഞ്ഞതായും വാർത്തകളുണ്ടായിരുന്നു.

എന്നാൽ, അനാരോഗ്യ വാർത്തകൾ കൊറിയൻ വൃത്തങ്ങൾ നിഷേധിച്ചു. ഭക്ഷണം കുറയ്ക്കാൻ കിം സ്വയം തീരുമാനിച്ചതാണെന്നും ഇതിനാലാണ് അദ്ദേഹത്തിന്റെ ഭാരം കുറയുകയും മെലിയുകയുമെല്ലാം ചെയ്തതെന്നായിരുന്നു വിശദീകരണം. പാരമ്പര്യമായി ഹൃദ്രോഗങ്ങളുള്ളവരാണ് കിമ്മിന്റെ കുടുംബം. അദ്ദേഹത്തിന്റെ പിതാവും മുത്തച്ഛനുമെല്ലാം ഹൃദ്രോഗം വന്നാണ് മരിച്ചത്. കടുത്ത മദ്യപാനിയും പുകവലിക്കാരനുമായതിനാൽ ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരം ഭക്ഷണം നിയന്ത്രിച്ചതാകാം കിമ്മെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. അല്ലാതെ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യത്തെ ജനങ്ങളോടുള്ള ഐക്യദാർഢ്യമോ ഒന്നും ഇതിനു പിന്നിലുണ്ടാവില്ലെന്നും ഇവർ പറയുന്നു.

2020ൽ കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലും വൻ നാശനഷ്ടമാണ് ഉ.കൊറിയയിലുണ്ടായത്. വലിയ തോതില്‍ കാർഷികവിളകൾ നശിക്കുകയും നിരവധി കുടുംബങ്ങൾ ഭവനരഹിതരാകുകയും ചെയ്തു. നേരത്തെ തന്നെ കോവിഡിൽ തകർന്ന രാജ്യത്ത് ഇതിനുശേഷവും നിരവധി തവണ പ്രകൃതിദുരന്തങ്ങൾ അടിക്കടിയുണ്ടായി. ഇതോടെയാണ് ഭക്ഷ്യക്ഷാമം രൂക്ഷമായത്. കൂടുതൽ ഭക്ഷ്യവസ്തുക്കളെത്തിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുതുവത്സര സന്ദേശമായി കിം രാജ്യത്തെ അറിയിച്ചത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News