ചെർണോബിൽ ആണവനിലയവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് യു.എൻ; ആശങ്കയോടെ ലോകം

കഴിഞ്ഞ മാസം 24ന് റഷ്യ ചെർണോബിൽ നഗരവും ആണവനിലയവും നിയന്ത്രണത്തിലാക്കിയിരുന്നു

Update: 2022-03-09 10:01 GMT
Editor : Shaheer | By : Web Desk
Advertising

യുക്രൈനിൽ റഷ്യൻ സൈനിക നടപടി ശക്തമായി തുടരുന്നതിനിടെ ചെർണോബിൽ ആണവനിലയവുമായുള്ള ആശയവിനിമയ ബന്ധം മുറിഞ്ഞതായി യു.എൻ. ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള ആണവ നിരീക്ഷണ വിഭാഗമായ ഇന്റർനാഷനൽ ആറ്റമിക് എനർജി ഏജൻസി(ഐ.എ.ഇ.എ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ മാസം 24ന് റഷ്യ ചെർണോബിൽ നഗരവും ആണവനിലയവും നിയന്ത്രണത്തിലാക്കിയിരുന്നു.

ചെർണോബിൽ ആണവനിലയത്തിൽ സ്ഥാപിച്ച നിരീക്ഷണസംവിധാനത്തിൽനിന്നുള്ള വിവരകൈമാറ്റങ്ങൾ നിലച്ചിട്ടുണ്ടെന്നും നിലയവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഐ.എ.ഇ.എ തലവൻ റാഫേൽ ഗ്രോസി പ്രസ്താവനയിൽ അറിയിച്ചു. യുക്രൈനിലെ മറ്റു സ്ഥലങ്ങളിലുള്ള നിരീക്ഷണസംവിധാനങ്ങളുടെ സ്ഥിതി പരിശോധിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

ആണവായുധങ്ങളുടെ നിർമാണം തടയാനായി വിവിധ ആണവനിലയങ്ങളിൽ ഐ.എ.ഇ.എ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഏജൻസി ആസ്ഥാനത്തുനിന്ന് ഈ സംവിധാനംവഴി കൃത്യമായി നിലയത്തിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാകും.

ജീവനക്കാരുടെ നിലയിലും ഭീതി

1986ലെ ആണവദുരന്തത്തിനുശേഷം ഡികമ്മീ ഷൻ ചെയ്ത റിയാക്ടറുകളും റേഡിയോ ആക്ടീവ് മാലിന്യസജ്ജീകരണങ്ങളുമടക്കം സ്ഥിതി ചെയ്യുന്ന പ്രത്യേക മേഖലയ്ക്കകത്താണ് ചെർണോബിൽ ആണവനിലയം സ്ഥിതി ചെയ്യുന്നത്. മറ്റൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ വേണ്ട നിരന്തര മുൻകരുതൽ നടപടിക്രമങ്ങളുടെ ഭാഗമായി ഇവിടെ 2,000ത്തോളം ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

നിലയം റഷ്യ നിയന്ത്രണത്തിലാക്കിയ ശേഷം ഇവിടെ 200ലേറെ സാങ്കേതിക വിദഗ്ധരും സുരക്ഷാജീവനക്കാരും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരുടെ സു രക്ഷാ, ആരോഗ്യനില കൂടുതൽ വഷളാകുകയാണെന്ന് യുക്രൈൻ ആണവ നിയന്ത്രണ വകുപ്പിനെ ഉദ്ധരിച്ച് ഐ.എ.ഇ.എ വെളിപ്പെടുത്തി. ചെർണോബിൽ ആണവനിലയത്തിലെ ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടേറിയതും മാനസികസംഘർഷം നിറഞ്ഞതുമായ സാഹചര്യത്തിൽ അതീവ ഉത്കണ്ഠാകുലനാണെന്ന് ഐ.എ.ഇ.എ തലവൻ റാഫേൽ ഗ്രോസി പറഞ്ഞു.

Summary: Lost Contact With Chernobyl Nuclear Data Systems, says International Atomic Energy Agency chief Rafael Grossi 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News