'വളരെ വൈകുന്നതിന് മുമ്പ്' ഗസ്സ സന്ദർശിക്കുക; പോപ്പിനോട് അമേരിക്കൻ ഗായിക മഡോണ

ഫ്രാൻസിസ് മാർപാപ്പയുടെ പാത പിന്തുടർന്ന് ഗസ്സയിലെ ഫലസ്തീനികളെ പിന്തുണച്ച് ലിയോ മാർപാപ്പ ആവർത്തിച്ച് സംസാരിച്ചിട്ടുണ്ട്

Update: 2025-08-12 14:26 GMT

വാഷിംഗ്‌ടൺ: ഇസ്രായേലിന്റെ വംശഹത്യയും സഹായ ഉപരോധവും തുടരുന്ന സാഹചര്യത്തിൽ ഗസ്സ സന്ദർശിക്കാൻ പോപ്പ് ലിയോയോട് ആവശ്യപ്പെട്ട് അമേരിക്കൻ പോപ്പ് ഗായിക മഡോണ. 'വളരെ വൈകുന്നതിന് മുമ്പ് കുട്ടികൾക്ക് വെളിച്ചം പകരാൻ താങ്കൾ ഗസ്സ സന്ദർശിക്കുക' മഡോണ പറഞ്ഞു.

'ഒരു അമ്മ എന്ന നിലയിൽ അവരുടെ കഷ്ടപ്പാടുകൾ കാണാൻ എനിക്ക് കഴിയില്ല. ലോകത്തിലെ കുട്ടികൾ എല്ലാവരുടേതുമാണ്.' ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ മഡോണ പറഞ്ഞു. 'പ്രവേശനം നിഷേധിക്കാൻ പാടില്ലാത്ത ഒരേയൊരു വ്യക്തി താങ്കളാണ്. ആ നിഷ്കളങ്കരായ കുട്ടികളെ രക്ഷിക്കാൻ മാനുഷിക കവാടങ്ങൾ പൂർണ്ണമായും തുറക്കേണ്ടതുണ്ട്.' മഡോണ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം ഗസ്സയിലെ ക്രോസ്ഫയറിൽ കുടുങ്ങിയ നിരപരാധികളായ കുട്ടികളെ രക്ഷിക്കാൻ എല്ലാവരോടും കഴിയുന്നതെല്ലാം ചെയ്യാൻ ആവശ്യപ്പെടുക എന്നാണെന്ന് തന്റെ മകൻ റോക്കോയുടെ ജന്മദിനത്തിൽ പ്രസിദ്ധീകരിച്ച പോസ്റ്റിൽ മഡോണ പറഞ്ഞു.

Advertising
Advertising

ഫ്രാൻസിസ് മാർപാപ്പയുടെ പാത പിന്തുടർന്ന് ഗസ്സയിലെ ഫലസ്തീനികളെ പിന്തുണച്ച് ലിയോ മാർപാപ്പ ആവർത്തിച്ച് സംസാരിച്ചിട്ടുണ്ട്. ഗസ്സ സിറ്റിയിലെ ഹോളി ഫാമിലി പള്ളിക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ലയും, ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനും കഴിഞ്ഞ മാസം ഗസ്സ സന്ദർശിച്ചു.

2023 ഒക്ടോബർ മുതൽ ഗസ്സയിൽ ഇസ്രായേൽ വംശഹത്യ യുദ്ധം തുടരുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000-ത്തിലധികം ഫലസ്തീനികളെ അവർ കൊന്നൊടുക്കി. അതേസമയം, മാനുഷിക സഹായം ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്നതും ഇസ്രായേൽ തടഞ്ഞു. പട്ടിണിയും ക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിലും അന്താരാഷ്ട്ര സമ്മർദ്ദങ്ങളെ മറികടന്നാണ് ഇസ്രായേൽ ഉപരോധം നിലനിർത്തുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News