ഇസ്രായേലിലെ ഹൈഫയില്‍ ഇറാന്റെ റോക്കറ്റ് ആക്രമണം; നിരവധി പേർക്ക് പരിക്ക്
ജറൂസലമിൽ മിസൈൽ പതിച്ച് തീപിടിത്തമുണ്ടായി. ഇവിടെ തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്
തെല്‍ അവിവ്: ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. വടക്കന്‍ ഇസ്രായേലിലെ ഹൈഫക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മൂന്നിടങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജറൂസലമിൽ മിസൈൽ പതിച്ച് തീപിടിത്തമുണ്ടായി. ഇവിടെ തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നേയുള്ളൂ.
ഹൈഫയിൽ മിസൈലുകള്‍ പതിച്ചതായും സ്‌ഫോടനങ്ങൾ ഉണ്ടായതായും റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്യുന്നു. തെൽ അവിവിന് നേർക്ക് കൂടുതൽ മിസൈൽ ആക്രമണം ഉടനുണ്ടാകുമെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഇസ്രായേലും ഇറാനും ഉടൻ വെടിനിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധി കൂടിക്കാഴ്ചകളും ഫോൺകോളുകളും നടക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളുടെയും ആക്രമണപ്രത്യാക്രമണങ്ങൾ കൊണ്ട് പശ്ചിമേഷ്യ പുകയുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.