'മെക്സിക്കോ ഉൾക്കടലിന്റെ പേര് മാറ്റിയ തീരുമാനം പിൻവലിക്കണം, അല്ലെങ്കില്‍ നിയമനടപടി'; ഗൂഗിളിനോട് മെക്സിക്കോ

പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ആദ്യ ദിവസം തന്നെയാണ് ഗൾഫ് ഓഫ് മെക്സിക്കോയെ 'ഗൾഫ് ഓഫ് അമേരിക്ക' എന്ന് പുനർനാമകരണം ചെയ്തുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചത്

Update: 2025-02-19 04:57 GMT
Editor : rishad | By : Web Desk

മെക്സിക്കോ സിറ്റി: യുഎസിലെ ഗൂഗിള്‍ മാപ്പില്‍ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് 'അമേരിക്കാ ഉള്‍ക്കടല്‍(ഗൾഫ് ഓഫ് അമേരിക്ക)' എന്നാക്കിയ തീരുമാനത്തിനെതിരെ മെക്സിക്കോ.

തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ആദ്യ ദിവസം തന്നെയാണ് ഗൾഫ് ഓഫ് മെക്സിക്കോയെ 'ഗൾഫ് ഓഫ് അമേരിക്ക' എന്ന് പുനർനാമകരണം ചെയ്തുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചത്.

എല്ലാ മേഖലയിലും അമേരിക്കയെ ഒന്നാമത് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടായിരുന്നു ട്രംപിന്റെ നീക്കം. പിന്നാലെ ഗൂഗിൾ പേര് മാറ്റി. അതേസമയം നിയമനടപടിയിലേക്ക് നീങ്ങുന്നതിന് മുമ്പ് ഗൂഗിളിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഷെയ്ൻബോം വ്യക്തമാക്കി.

Advertising
Advertising

'' മെക്‌സിക്കന്‍ ഉള്‍ക്കടലിനെ പുനര്‍നാമം ചെയ്യാന്‍ യാതൊരു അവകാശവും ഗൂഗിളിനില്ല. മൂന്ന് രാജ്യങ്ങളാണ് മെക്‌സിക്കന്‍ ഉള്‍ക്കടല്‍ പങ്കിടുന്നത്, ഇതില്‍ യാതൊരു മാറ്റത്തിനും ഞങ്ങള്‍ തയ്യാറല്ലെന്നും''- പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം മാധ്യമങ്ങളോട് പറഞ്ഞു. ഉള്‍ക്കടലില്‍ 49 ശതമാനവും ഞങ്ങള്‍ക്കാണെന്നും ഏകദേശം 46 ശതമാനത്തിൽ മാത്രമേ യുഎസിന് അധികാരപരിധിയുള്ളൂവെന്നാണ് മെക്സിക്കോ പറയുന്നത്. ക്യൂബയുടെ നിയന്ത്രണത്തില്‍ അഞ്ച് ശതമാനവും. 

അതേസമയം ഫെബ്രുവരി 9 മുതല്‍ 'ഗൾഫ് ഓഫ് അമേരിക്ക ഡേ' ആയി അറിയപ്പെടുമെന്ന് ഉത്തരവിൽ ഒപ്പുവെക്കുമ്പോൾ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 'ഗൾഫ് ഓഫ് മെക്സിക്കോ' എന്ന പേര് 1607 മുതലുള്ളതാണ്. ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിച്ചതും ഈ പേരിലാണ്‌. 

അതേസമയം പേര് മാറ്റം യുഎസില്‍ എല്ലാവരും അംഗീകരിച്ചിട്ടില്ല. 'ഗൾഫ് ഓഫ് അമേരിക്ക' എന്ന് വിശേഷിപ്പിക്കാത്തതിന് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി(എപി) റിപ്പോർട്ടർമാരെ വൈറ്റ് ഹൗസ് അടുത്തിടെ വിലക്കിയിരുന്നു. എപി ഇപ്പോഴും 'ഗൾഫ് ഓഫ് മെക്സിക്കോ' എന്നാണ് ഉപയോഗിക്കുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News