'ഇത് അവസാനിപ്പിക്കണം, കുട്ടികളാണവർ': ഗസ്സയിൽ ഹമാസിന്റെ ചെറുത്ത് നിൽപ്പിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ കുടുംബം

തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസിലായിരുന്നു ഹമാസ് പോരാളികളുടെ ചെറുത്ത്നില്‍പ്പ്, ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്

Update: 2025-06-26 07:53 GMT
Editor : rishad | By : Web Desk

കൊല്ലപ്പെട്ട റോണൽ ബെൻ-മോഷെയുടെ ശവസംസ്കാര ചടങ്ങില്‍ നിന്നും

തെല്‍ അവിവ്: ഗസ്സയിൽ ഇസ്രായേലിനെ ഞെട്ടിച്ച ഹമാസിന്റെ ചെറുത്തു നിൽപ്പില്‍ കൊല്ലപ്പെട്ട ഏഴ് സൈനികരുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. കുട്ടികളാണിവരെന്നും എത്രയും വേഗം നടപടി അവസാനിപ്പിക്കണമെന്നും കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ പറഞ്ഞു. 

തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസിലായിരുന്നു ഹമാസ് പോരാളികളുടെ ചെറുത്ത്നില്‍പ്പ്. സൈന്യത്തിന്റെ വാഹനത്തില്‍ ഘടിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ഏഴ് സൈനികരും കൊല്ലപ്പെടുന്നത്. 15 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. സ്ഥലത്തുണ്ടായിരുന്ന മറ്റു സൈനികര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായിരുന്നില്ല.

Advertising
Advertising

മധ്യ ഇസ്രായേലിലെ ക്ഫാർ യോനയിൽ നിന്നുള്ള ലെഫ്റ്റനന്റ് മതൻ ഷായ് യാഷിനോവ്സ്കി(21), റെഹോവോട്ടിൽ നിന്നുള്ള സ്റ്റാഫ് സർജന്റ് റൊണൽ ബെൻ-മോഷെ( 20) എൽയാഖിനിൽ നിന്നുള്ള സ്റ്റാഫ് സർജൻ്റ് നിവ് റാദിയ(20), മസ്‌കറെറ്റ് ബത്യയിൽ നിന്നുള്ള 19 കാരനായ സർജൻ്റ് റോനെൻ ഷാപ്പിറോ, അഷ്‌കെലോണിൽ നിന്നുള്ള 21 കാരനായ സർജന്റ് ഷഹർ മനോവ്, എഷറിൽ നിന്നുള്ള 20 കാരനായ മായൻ ബറൂച്ച് പേൾസ്റ്റീൻ, കിര്യത് യാമിൽ നിന്നുള്ള സ്റ്റാഫ് സർജൻ്റ് അലോൺ ഡേവിഡോവ്(21) എന്നിവരാണ് കൊല്ലപ്പെട്ടത്.

''സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ഉടന്‍ ഗസ്സയിലേക്ക് അയക്കപ്പെട്ട കുട്ടികളാണിവര്‍.  അർത്ഥശൂന്യമായ പ്രവൃത്തിയാണിത്. നിരവധി കുടുംബങ്ങൾക്ക് അവരുടെ കുട്ടികളെ ഇതിനകം തന്നെ നഷ്ടപ്പെട്ടു. ഇത് ഉടന്‍ അവസാനിപ്പിക്കണം''- കൊല്ലപ്പെട്ട നിവ് റാദിയയുടെ കുടുബം പറഞ്ഞു. ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 12നോടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഇസ്രായേലിനെ പ്രതിരോധിക്കാനും ബന്ദികളെ തിരിച്ചയക്കാനുമുള്ള ദൗത്യത്തിനിടെ ധീരമായി പോരാടി വീണവരണിവര്‍ എന്നാണ് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം ടാങ്ക് വേധ മിസൈൽ പ്രയോഗിക്കുന്നതിനിടെ ഗസ്സയില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 7ന് യുദ്ധം ആരംഭിച്ചതിനുശേഷം 878 സൈനികർ കൊല്ലപ്പെട്ടെന്നാണ് ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News