എട്ടുമാസത്തെ തിരച്ചില്‍, ഒടുവില്‍ ബഹിരാകാശത്ത് നിന്ന് കാണാതായ തക്കാളികൾ കണ്ടെത്തി; ചിത്രങ്ങള്‍ പങ്കുവെച്ച് നാസ

ഫ്രാങ്ക് റൂബിയോ രഹസ്യമായി തക്കാളി കഴിച്ചിട്ടുണ്ടാകും എന്ന രീതിയിലും പ്രചാരണമുണ്ടായിരുന്നു

Update: 2023-12-18 03:23 GMT
Editor : Lissy P | By : Web Desk

വാഷിങ്ടണ്‍: ബഹിരാകാശ നിലയിൽ നിന്ന് കാണാതായ രണ്ട് കുഞ്ഞ് തക്കാളികൾക്ക് വേണ്ടി എട്ടുമാസമാണ് ബഹിരാകാശ യാത്രികനായ ഫ്രാങ്ക് റൂബിയോ തെരച്ചിൽ നടത്തിയത്. ഒടുവിൽ കഴിഞ്ഞ ആഴ്ചയാണ് കാണാതായ തക്കാളികളെ കണ്ടെത്തിയ വാർത്ത പുറത്ത് വന്നത്. ഇപ്പോഴിതാ കാണാതായ തക്കാളികളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നാസ.

കഴിഞ്ഞമാർച്ച് മാസത്തിലാണ് രാജ്യാന്തര ബഹിരാകാശ നിലയിൽ നിന്ന് തക്കാളികൾ അപ്രത്യക്ഷമായത്. മണ്ണ് ഇല്ലാതെയാണ് രണ്ട് സെന്റീമീറ്റർ വ്യാസമുള്ള തക്കാളികൾ പരീക്ഷണത്തിലൂടെ വിളയിച്ചെടുത്തത്. എന്നാൽ പെട്ടന്നൊരു ദിവസം തക്കാളി കാണാതായെന്നാണ് റൂബിയോ പറഞ്ഞത്. താനൊരു സിപ്പ് ലോക്ക് ബാഗിലായിരുന്നു തക്കാളി സൂക്ഷിച്ചിരുന്നതെന്നും എന്നാൽ പിന്നീടത് കാണാതായെന്നും റൂബിയോ പറഞ്ഞു. ഏകദേശം 20 മണിക്കൂറോളം താൻ തക്കാളിക്ക് വേണ്ടി തിരച്ചിലും നടത്തിയെന്നും റൂബിയോ പറഞ്ഞു. എന്നാൽ ഫ്രാങ്ക് റൂബിയോ രഹസ്യമായി തക്കാളി കഴിച്ചിട്ടുണ്ടാകും എന്ന രീതിയിലും പ്രചാരണമുണ്ടായി. എന്നാൽ അക്കാര്യം റൂബിയോ നിഷേധിക്കുകയും ചെയ്തു. സെപ്തംബർ 27 ന് റൂബിയോ ഭൂമിയിലേക്ക് മടങ്ങുകയും ചെയ്തു. ഈ മാസം ആദ്യമാണ് തക്കാളി കണ്ടെത്തിയെന്ന വിവരം ബഹിരാകാശ നിലയത്തിലെ യാത്രിക ജാസ്മിൻ മൊഘ്‌ബേലി അറിയിച്ചത്.

Advertising
Advertising

എന്നാൽ ഇതിന്റെ ചിത്രങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലായിരുന്നു. നാസയാണ് ഇപ്പോൾ തക്കാളിയുടെ ചിത്രവും അതിന്റെ ഇപ്പോഴത്തെ അവസ്ഥയും പുറത്ത് വിട്ടിരിക്കുന്നത്. തക്കാളി ചെറുതായി ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. അവയുടെ നിറവും മാറിയിച്ചുണ്ട്. എന്നാൽ സൂക്ഷ്മജീവികളോ ഫംഗസുകളോടെ സാന്നിധ്യമോ ഈ തക്കാളിയിൽ കണ്ടെത്തിയിട്ടില്ലെന്നും നാസ വെളിപ്പെടുത്തി. തക്കാളിയുടെ വീഡിയോയും നാസ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഏതായാലും'തക്കാളിക്കള്ളൻ' എന്ന ചീത്തപ്പേര് മാറിയ മാറിയ സന്തോഷത്തിലാണ് ബഹിരാകാശ സഞ്ചാരിയായ ഫ്രാങ്ക് റൂബിയോ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News