അമേരിക്കൻ ആപ്പിൽ വോട്ടെടുപ്പ്; നേപ്പാളിൽ പരീക്ഷിച്ച 'ഡിജിറ്റൽ ജനാധിപത്യം'

നേപ്പാളിൽ ഇടക്കാല സർക്കാരിന് നേതൃത്വം വഹിക്കാൻ സുശീല കാർക്കി എന്ന മുൻ ചീഫ് ജസ്റ്റിസിനെയായിരുന്നു തെരഞ്ഞെടുത്തത്. നിരവധി പേരുകൾ ഉയർന്നു കേട്ടെങ്കിലും ഒടുവിൽ സുശീല കാർക്കിയിലേക്ക് എത്തിയത് എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനായി പ്രക്ഷോഭകർ ഉപയോഗിച്ചത്, ഒരു സമൂഹമാധ്യമ ആപ് ആണെന്ന് പറഞ്ഞാലോ? അതിലൂടെയുള്ള വോട്ടിങ്ങിലൂടെയാണ് പുതിയ നേതാവിനെ തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞാലോ?

Update: 2025-09-19 15:00 GMT
Editor : RizwanMhd | By : Web Desk

രാജ്യത്തെ രാഷ്ട്രീയപാർട്ടികളും നേതാക്കളിലും വിശ്വാസം നഷ്ടപ്പെട്ട ഒരു തലമുറ, തെരുവിലിറങ്ങുന്നതായിരുന്നു നേപ്പാളിൽ കണ്ടത്. നേപ്പാളി രാഷ്ട്രീയസംവിധാനത്തിന്റെ അടിവേരിളക്കുന്നതായിരുന്നു GEN Z പ്രക്ഷോഭമെന്ന പേരിൽ അറിയപ്പെട്ട മുന്നേറ്റം. കെ പി ശർമ്മ ഒലിയുടെ സർക്കാരിനെ താഴെയിറക്കുകയും ഇടക്കാല സർക്കാരിന് നേതൃത്വം വഹിക്കാൻ സുശീല കാർക്കി എന്ന മുൻ ചീഫ് ജസ്റ്റിസിനെ നിയമിക്കുകയും ചെയ്തു പ്രക്ഷോഭത്തിലൂടെ... നിരവധി പേരുകൾ ഉയർന്നു കേട്ടെങ്കിലും ഒടുവിൽ സുശീല കാർക്കിയിലേക്ക് എത്തിയത് എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?

Advertising
Advertising

സെപ്റ്റംബർ എട്ടിന് ആരംഭിച്ച പ്രക്ഷോഭത്തിന് പിന്നാലെ, സമൂഹമാധ്യങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ശർമ്മ ഒലി സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ നേപ്പാളിലെ വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെ ശോചനീയാവസ്ഥയിൽ മടുപ്പ് അനുഭവിക്കുന്ന ജനത, അവിടം കൊണ്ട് നിർത്താൻ തയാറായിരുന്നില്ല. ഭരണഘടന തിരുത്തിയെഴുതണം എന്നതുൾപ്പെടെയുള്ള രാഷ്ട്രീയവും സാമൂഹികവുമായ ആവശ്യങ്ങളായിരുന്നു അവർ മുന്നോട്ടുവച്ചത്. അതിന് വേണ്ടിയുള്ള വഴിയെന്നോണമാണ് സുശീല കാർക്കിയെ തെരഞ്ഞെടുക്കുന്നത്.

ആ തെരഞ്ഞെടുപ്പ് പക്ഷെ പതിവില്നിന്ന് വ്യത്യസ്തമായിരുന്നു. അഭിപ്രായരൂപീകരണത്തിനും വോട്ടെടുപ്പിനും അവർ ഉപയോഗിച്ച പ്ലാറ്റ്ഫോം ആയിരുന്നു അതിനെ വ്യത്യസ്തമാക്കിയത്. വെർച്വൽ പോളുകളായിരുന്നു ഇടക്കാല നേതാവിനെ തെരഞ്ഞെടുക്കാൻ അവർ ഉപയോഗിച്ചത്. ഒരു ആപ്പിലൂടെ തത്സമയം നാമനിർദേശം ചെയ്യാനുള്ള അവസരമായിരുന്നു യുവാക്കൾ ഒരുക്കിയത്. ശരിക്കും ഡിജിറ്റൽ ജനാധിപത്യമെന്ന ആശയത്തിന്റെ സമൂലമായ പരീക്ഷണമായിരുന്നു നേപ്പാളിൽ നടന്നത് എന്നുവേണം പറയാൻ.

അമേരിക്കൻ ആപ്പായ ഡിസ്‌കോഡ് ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ഇടക്കാല സർക്കാരിനെ നയിക്കാൻ ആരുവേണമെന്ന ചർച്ചയുടെ അവസാന റൗണ്ടിൽ അഞ്ചുപേരുകളായിരുന്നു ഉയർന്നുവന്നത്. ഫൈനൽ വോട്ടിങ്ങിലും ഇവരുടെ പേരുകളായിരുന്നു ഉണ്ടായിരുന്നത്. അവരിൽനിന്നാണ് സ്വന്തന്ത്ര നീതിന്യായ സംവിധാനത്തിന് വേണ്ടി ശബ്ദമുയർത്തിയിട്ടുള്ള സുശീല കാർകി തെരഞ്ഞെടുക്കപ്പെടുന്നത്.

അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ അതാര്യമായ സംവിധാനങ്ങൾ ഉപയോഗിച്ച് നടക്കുന്ന തെരഞ്ഞെടുപ്പുകളെ പൊളിച്ചെഴുതുകയാണ് നേപ്പാൾ എന്നാണ് പ്രക്ഷോഭകർ അഭിപ്രായപ്പെടുന്നത്. ഡിസ്‌കോഡ് വഴിയുള്ള തെരഞ്ഞെടുപ്പ് സുതാര്യമാണെന്നും അതിനെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നു.

ടെക്സ്റ്റ്, വോയിസ്-വീഡിയോ കോളുകൾ, മീഡിയ ഷെയറിങ് എന്നിവ സാധ്യമാക്കുന്ന ആപ്പാണ് ഡിസ്‌കോഡ്. ഈ ആപ്പിലൂടെ നടന്ന ചർച്ചയിൽ പങ്കെടുത്ത ആയുഷ് ബഷ്യാൽ പറഞ്ഞത്, ഇതൊരു trial and error’ പരീക്ഷണമായിരുന്നു എന്നാണ്. വിവിധ തരത്തിലുള്ള ചർച്ചകളാണ്, തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്നെതെന്നും, അതിൽ രാജഭരണത്തെ പിന്തുണയ്ക്കുന്നവർ പോലും ഉണ്ടായിരുന്നുവെന്നും അവർ പറയുന്നു. എല്ലാവർക്കും തുല്യ അവസരം ഒരുക്കുന്ന 'egalitarian' സംവിധാനമാണ് ഇതെന്നും അവർ അവകാശപ്പെടുന്നുണ്ട്.

ഇതേ അഭിപ്രായമാണ്, നേപ്പാളിൽനിന് പുറത്തിറങ്ങുന്ന കലാം വീക്കിലി ന്യൂസ്‌ലെറ്റർ മേധാവി പ്രണയ റാണയും പങ്കുവയ്ക്കുന്നത്. എന്നാൽ ആർക്കും നുഴഞ്ഞുകയറി ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ച്, അഭിപ്രായങ്ങളും വോട്ടുകളും സ്വാധീനിക്കാൻ സാധിക്കുമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

2008ൽ രാജവാഴ്ച അവസാനിപ്പിക്കാനായി നടന്ന പ്രക്ഷോഭത്തിനുശേഷം നേപ്പാൾ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അരങ്ങേറിയത്. 'stop corruption not connection' അടക്കമുള്ള മുദ്യാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ അതിനെ അടിച്ചമർത്താൻ ശ്രമിച്ചതിനെ തുടർന്ന് നടന്ന അക്രമസംഭവങ്ങളിൽ 72 പേരാണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമ നിരോധനം വര്ഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന സർക്കാർ വിരോധത്തെ ആളിക്കത്തിച്ചെകിലും അഴിമതി, തൊഴിലില്ലായ്മ, ഏകാധിപത്യത്തിലേക്കു നീങ്ങുന്ന സർക്കാർ തുടങ്ങിയവയായിരുന്നു പ്രക്ഷോഭത്തിന് പിന്നിലുണ്ടായിരുന്നത്.

Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News