സോഷ്യൽമീഡിയ നിരോധനം: നേപ്പാളിൽ ജെൻ സി പ്രതിഷേധം, പാർലമെന്റ് വളഞ്ഞു
നിരവധി യുവതി-യുവാക്കളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. കാഠ്മണ്ഡുവില്‍ അടക്കം പ്രധാന നഗരങ്ങളില്‍ ജന ജീവിതം സ്തംഭിച്ചു.
കാഠ്മണ്ഡു: രാജ്യ സുരക്ഷയുടെ പേരില്‍ സോഷ്യല്‍ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളില്‍ കൂറ്റന്‍ ജെന്‍ സി പ്രക്ഷോഭം. നിരവധി യുവതി-യുവാക്കളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
കാഠ്മണ്ഡുവിൽ ബാരിക്കേഡുകള്‍ മറികടന്ന് പതിനായിരക്കണക്കിന് പ്രതിഷേധക്കാർ പാർലമെന്റ് വളഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
കാഠ്മണ്ഡുവില്‍ അടക്കം പ്രധാന നഗരങ്ങളില്‍ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുര്‍ഭരണവും മൂടി വെയ്ക്കാനാണ് സോഷ്യല്‍ മീഡിയ നിരോധനമെന്നാണ് ചെറുപ്പക്കാര്‍ പറയുന്നത്. പലയിടത്തും ലാത്തി ചാര്‍ജും വെടിവെപ്പും നടന്നു. വെടിവെപ്പിലാണ് മരണം.
അതേസമയം, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. യുവാക്കളുടെ പ്രക്ഷോഭം നേരിടാന്‍ പട്ടാളത്തെ ഇറക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. പ്രധാന നഗരങ്ങളില്‍ സൈന്യത്തെ ഇറക്കിയിട്ടുണ്ട്.
രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാത്ത 26 സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്‌സ് തുടങ്ങി നിരവധി സാമൂഹികമാധ്യമങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നേപ്പാളില്‍ ലഭ്യമല്ലാതായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുവാക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.