Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഡൊണാൾഡ് ട്രംപും നെതന്യാഹുവും | Photo: The Guardian
വാഷിംഗ്‌ടൺ: ഖത്തർ ആക്രമണത്തിൽ മാപ്പ് പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തറിന് നേരെ നടന്ന ആക്രമണത്തിനും ഒരു സൈനികൻ കൊല്ലപ്പെട്ടതിനും ഖേദം രകടിപ്പിക്കുന്നതായി നെതന്യാഹു. വൈറ്റ് ഹൗസിൽ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഖത്തർ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചാണ് ഖേദപ്രകടനം. ഇസ്രായേൽ മാപ്പ് പറയാതെ ഇനി മദ്ധ്യസ്ഥ ചർച്ചക്കില്ലെന്ന് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്ന പശ്ചാത്തലത്തിലാണ് ക്ഷമാപണം.
ഈ മാസം ആദ്യം ദോഹയിൽ മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനായിരുന്നു ക്ഷമാപണം. ഹമാസ് മുതിർന്ന ഉദ്യോഗസ്ഥൻ ഖലീൽ അൽ-ഹയ്യയുടെ മകനും സഹായി ജിഹാദ് ലബാദും ഉൾപ്പെടെ അഞ്ച് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാറിൽ ഹമാസുമായുള്ള മധ്യസ്ഥത പുനരാരംഭിക്കുന്നതിനുള്ള ഖത്തറിന്റെ പ്രധാന വ്യവസ്ഥയായിരുന്നു ആക്രമണത്തിൽ ഇസ്രായേൽ ക്ഷമാപണം നടത്തുക എന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചയ്ക്കിടെ നടന്ന ക്ഷമാപണ ആഹ്വാനം അത്തരമൊരു കരാറിനുള്ള വഴിയൊരുക്കിയേക്കാം.