ഇറാൻ ആക്രമണത്തെ തുടർന്ന് മകന്റെ വിവാഹം മാറ്റിവെക്കേണ്ടിവന്നു: നെതന്യാഹു
ഇറാന്റെ മിസൈൽ ആക്രമണ ഭീഷണി മൂലം രണ്ടാം തവണയാണ് മകന്റെ വിവാഹം മാറ്റിവെക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു.
തെൽ അവീവ്: ഇറാന്റെ ആക്രമണത്തെ തുടർന്ന് മകന്റെ വിവാഹം മാറ്റിവെക്കേണ്ടിവന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇന്ന് രാവിലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തകർന്ന ബീർഷെബയിലെ സൊറോക്ക സൈനിക ആശുപത്രിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാൻ ആക്രമണത്തിന് ഇസ്രായേൽ ജനത മുഴുവൻ വില കൊടുക്കുകയാണ്. ഒരു മിന്നലാക്രമണത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്, അമ്പരപ്പിക്കുന്ന രീതിയിലാണ് നമ്മൾ അതിലൂടെ കടന്നുപോകുന്നത്. വ്യക്തിപരമായി വില കൊടുക്കേണ്ടിവന്നവരുണ്ട്, ആളുകൾ വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്, പല കുടുംബങ്ങൾക്കും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി.
നമ്മളിൽ ഓരോരുത്തരും ഈ ആക്രമണത്തിന് വ്യക്തിപരമായി വില കൊടുക്കേണ്ടിവന്നു. തന്റെ കുടുംബവും ഇതിൽ നിന്ന് രക്ഷപ്പെട്ടില്ല. മിസൈൽ ആക്രമണ ഭീഷണി കാരണം ബെന്നി അവ്‌നർ വിവാഹം റദ്ദാക്കുന്നത് ഇത് രണ്ടാം തവണയാണ്. അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവിനും ഇത് വ്യക്തിപരമായ നഷ്ടം തന്നെയാണ്. തന്റെ പ്രിയപ്പെട്ട ഭാര്യ ഒരു ഹീറോ ആണെന്ന് താൻ പറയും, കാരണം അവൾക്കും വ്യക്തിപരമായി വില കൊടുക്കേണ്ടിവന്നിട്ടുണ്ട്- നെതന്യാഹു പറഞ്ഞു.