ലെബനാന് നേരെയുള്ള ആക്രമണം തുടരും, കരാറില്‍ ഉള്‍പ്പെടില്ലെന്ന് നെതന്യാഹു

ഇറാന്‍ ഇനിയൊരിക്കലും ഭീഷണിയല്ലെന്ന് നെതന്യാഹു

Update: 2026-04-08 06:53 GMT

തെല്‍ അവിവ്: ഇറാനും യുഎസും തമ്മില്‍ ധാരണയിലെത്തിയ രണ്ടാഴ്ച വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ലെബനാനെതിരായ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ധാരണ ലെബനാന് ബാധകമല്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

ഇറാന്‍ ഇനിയൊരിക്കലും ഒരു ഭീഷണിയല്ലെന്ന് നെതന്യാഹു എക്‌സ് പോസ്റ്റില്‍ പറഞ്ഞു. അമേരിക്കക്കോ ഇസ്രായേലിനോ അറബ് രാജ്യങ്ങള്‍ക്കോ ആണവ, മിസൈല്‍, ഭീകരവാദ ഭീഷണിയാകാന്‍ ഇറാന് സാധിക്കില്ല. ഇക്കാര്യം നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ ഉറപ്പാക്കുമെന്ന് യുഎസ് ഉറപ്പുനല്‍കിയതായി നെതന്യാഹു പറഞ്ഞു.

Advertising
Advertising

അതേസമയം, ലെബനാന്‍ ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ മേഖലയില്‍ എല്ലായിടത്തും വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായാണ് ഇറാനും യുഎസിനുമിടയില്‍ മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത്. ഇതിന് വിരുദ്ധമാണ് ഇപ്പോള്‍ നെതന്യാഹുവിന്റെ നിലപാട്. മേഖലയിലെ എല്ലാ സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യം തങ്ങളുടെ 10 ഇന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളില്‍ ഇറാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

ലെബനാനില്‍ ഇസ്രായേല്‍ വ്യാപക ആക്രമണമാണ് നടത്തുന്നത്. 1500ലേറെ പേരെയാണ് ഇസ്രായേല്‍ ലെബനാനില്‍ കൊലപ്പെടുത്തിയത്. 4430 പേര്‍ക്കാണ് പരിക്കേറ്റത്. 1.2 ദശലക്ഷം ജനങ്ങള്‍ക്കാണ് തെരുവിലിറങ്ങേണ്ടിവന്നത്. ലെബനാന്റെ 14 ശതമാനം ഭൂപ്രദേശവും ഇസ്രായേല്‍ കയ്യേറിയതായാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News