100 ദിവസത്തിനുള്ളിൽ നെറ്റ്ഫ്ളിക്‌സിന് നഷ്ടമായത് രണ്ടുലക്ഷം വരിക്കാർ; കാരണം ഇതാണ്..

ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയും വരിക്കാരെ നെറ്റ്ഫ്‌ളിക്‌സിന് നഷ്ടമാകുന്നത്

Update: 2022-04-20 08:45 GMT
Editor : Lissy P | By : Web Desk
Advertising

സാൻഫ്രാൻസിസ്‌കോ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ സ്ട്രീമിങ് സൈറ്റാണ് നെറ്റ്ഫ്‌ളിക്‌സ്. കഴിഞ്ഞ 100 ദിവസത്തിനിടെ ഒ.ടി.ടി ഭീമന്മാർക്ക് നഷ്ടമായത് 200,000 വരിക്കാരെയാണ്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയും വരിക്കാരെ നെറ്റ്ഫ്‌ളിക്‌സിന് നഷ്ടമാകുന്നത്.

യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശമാണ് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായി കമ്പനി പറയുന്നത്. യുക്രൈനിൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ റഷ്യയിലെ സേവനം നെറ്റ്ഫ്‌ളിക്‌സ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഒ.ടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നും 20 ഓളം റഷ്യൻ ടി.വി ഷോകളാണ് നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചിരുന്നത്. ഇതാണ് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് നെറ്റ്ഫ്‌ളിക് നൽകുന്ന വിശദീകരണം.

സിലിക്കൺ വാലി ആസ്ഥാനാമായി പ്രവർത്തിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് കഴിഞ്ഞ പാദത്തിൽ 1.6 ബില്യൺ ഡോളറിന്റെ വരുമാനമാണ് നേടിയിരുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.7 ബില്യൺ ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. ഇതോടെ നെറ്റ്ഫ്‌ളിക്‌സിന്റെ ഓഹരികൾക്കും ഇടിവുണ്ടായി.ചൊവ്വാഴ്ച ഓഹരി മൂല്യത്തിന്റെ നാലിലൊന്നാണ് കമ്പനിക്ക് നഷ്ടമായത്.വരുമാന കണക്കുകൾ പുറത്തുവന്നതിന് ശേഷമുള്ള മാർക്കറ്റിന് ശേഷം നെറ്റ്ഫ്‌ളിക്‌സ് ഓഹരികൾ 25 ശതമാനം ഇടിഞ്ഞ് 262 ഡോളറിലെത്തി.

'2020 ൽ ഞങ്ങളുടെ വളർച്ച ഗണ്യമായി വർധിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് കൂടുതൽ പേരും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയായിരുന്നു വളർച്ച അതിവേഗമായത്. എന്നാൽ 2021 ആയതോടെ വളർച്ചയിൽ കുറവുണ്ടായെന്നും' കമ്പനി പറയുന്നു. വീടുകളിൽ ബ്രോഡ് ബാന്റ് കണക്ഷൻ ഇല്ലാത്തതും പാസ് വേർഡ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പങ്കിടുന്നതുമാണ് ഈ ഇടിവ് കാരണമായെതെന്നും നെറ്റ്ഫ്‌ളിക്‌സ് പറയുന്നു.

ഏകദേശം 222 ദശലക്ഷം കുടുംബങ്ങൾ പണമടച്ച് സിനിമകളും ടെലിവിഷൻ ഷോകളും കാണുമ്പോൾ പണം നൽകാത്ത പാസ് വേർഡ് പങ്കിട്ട് ഏകദേശം 100 ദശലക്ഷത്തിലധികം കുടുംബങ്ങളാണ് ഇവ ആസ്വദിക്കുന്നത്. ഇതിന് പരിഹാരമുണ്ടാക്കാനായി പലവഴികളും നെറ്റ്ഫ്‌ളിക്സ് പയറ്റിയിരുന്നു. മറ്റുള്ളവരെ ചേർക്കുമ്പോൾ വരിസംഖ്യ കുറച്ചുകൊണ്ടുള്ള പ്ലാനുകളും കമ്പനി നടപ്പാക്കിയിരുന്നു. ഒ.ടി.ടി ഭീമന്മാരായ ആപ്പിളിൽ നിന്നും ഡിസ്‌നിൽ നിന്നുമെല്ലാം കടുത്ത മത്സരമാണ് നെറ്റ്ഫ്‌ളിക്‌സിന് നേരിടേണ്ടി വരുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News