തിരിച്ചടി ട്രംപിന്: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്‌റാൻ മംദാനിക്ക് ജയം

34 കാരനായ മംദാനി തെരഞ്ഞെടുക്കപ്പെട്ടതോടെ ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം മേയറായി

Update: 2025-11-05 05:42 GMT
Editor : rishad | By : Web Desk

സൊഹ്റാൻ മംദാനി Photo-AFP

വാഷിങ്ടണ്‍: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്‌റാൻ മംദാനിക്ക് ജയം. 34 കാരനായ മംദാനി തെരഞ്ഞെടുക്കപ്പെട്ടതോടെ ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം മേയറായി. അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റമായാണ് ഇന്ത്യന്‍ വംശജനായ മംദാനിയുടെ ജയത്തെ വിശേഷിപ്പിക്കുന്നത്. 

സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഗവർണർ ആൻഡ്രൂ കുമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ കോമോയെ അട്ടിമറിച്ചാണ് നേരത്തെ സൊഹ്റാൻ മംദാനി രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചത്.

Advertising
Advertising

ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീരാ നായരുടെയും ഉഗാണ്ടൻ അക്കാദമീഷ്യനായ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ മംദാനി. മത്സരത്തിൽ മംദാനിക്ക് തന്നെയായിരുന്നു കൂടുതൽ വിജയസാധ്യത പ്രവചിക്കപ്പെട്ടിരുന്നത്. 

ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രായേലിൻ്റെ വംശഹത്യയെ വിമർശിച്ചതും ഉൾപ്പെടെയുള്ള നിലപടുകളാണ് മംദാനിക്കെതിരെ പ്രവർത്തിക്കാൻ യു.എസ് പ്രസിഡൻ്റ് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നത്. ഗസ്സയിലെ വംശഹത്യക്ക്‌ സഹായം നൽകുന്നതിനെ മംദാനി എതിർക്കുന്നുണ്ട്. ന്യൂയോർക്കിൽ എത്തിയാൽ യുദ്ധക്കുറ്റവാളിയായ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മംദാനി പ്രഖ്യാപിച്ചിരുന്നു.

ട്രംപ്, യുഎസ് ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമാണെന്നും മംദാനി തിരിച്ചടിച്ചിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന സൊഹ്‌റാൻ മംദാനി ജയിക്കുമെന് ഏതാണ്ട് ഉറപ്പായതോടെയാണ് തന്‍റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ട്രംപ് എതിര്‍പ്പുയര്‍ത്തിയിരുന്നത്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ, ന്യൂയോർക്ക് ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റാണെങ്കിൽ, അവിടേക്ക് അയയ്ക്കുന്ന പണം വെറും പാഴ് ചെലവാണെന്ന് ട്രംപ് പറഞ്ഞിരുന്നു. 

മംദാനിയാണ് മേയറെങ്കിൽ ന്യൂയോർക്കിന് ധാരാളം പണം നൽകുന്നത് പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് ബുദ്ധിമുട്ടായിരിക്കും എന്നും ട്രംപ് പറഞ്ഞിരുന്നു. നിലവിൽ സ്റ്റേറ്റ് അംസബ്ലി അംഗമായ 34 കാരനായ സൊഹ്‌റാൻ മംദാനി ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് ജനിച്ചത്. 2018ലാണ് അമേരിക്കൻ പൗരത്വം ലഭിക്കുന്നത്. ന്യൂയോർക്കിലെ സാധാരണക്കാരായ ജനങ്ങളുടെ വക്താവായാണ് സൊഹ്റാൻ രാഷ്ട്രീയത്തിലിറങ്ങിയത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News