അൽഅഖ്‌സ കോംപൗണ്ടിൽ അവകാശം മുസ്‌ലിംകൾക്ക് മാത്രം; പ്രമേയം പാസാക്കി യുഎന്‍

1967നുമുൻപുള്ള ഫലസ്തീൻ-ഇസ്രായേൽ അതിർത്തിയിൽ മാറ്റം വരുത്താനുള്ള ഒരു നീക്കവും അംഗീകരിക്കരുതെന്നും അനധികൃത കുടിയേറ്റങ്ങൾക്ക് ഒരുതരത്തിലുമുള്ള സഹായവും നൽകരുതെന്നും മറ്റൊരു പ്രമേയത്തില്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നു

Update: 2021-12-02 14:30 GMT
Editor : Shaheer | By : Web Desk
Advertising

ജറൂസലമിലെ മസ്ജിദുൽ അഖ്‌സ നിലകൊള്ളുന്ന കോംപൗണ്ടിനുമേലുള്ള ജൂത അവകാശം തള്ളി ഐക്യരാഷ്ട്രസഭ. ടെംപിൾ മൗണ്ട് എന്ന പേരിൽ ജൂതസമൂഹം അവകാശം ഉന്നയിക്കുന്ന പ്രദേശം ഇനിമുതൽ മുസ്‍ലിംകള്‍ വിളിക്കുന്ന ഹറം ശരീഫ് എന്ന പേരില്‍ മാത്രമായിരിക്കും അറിയപ്പെടുക. പ്രദേശത്തിന്റെ പൂർണ അവകാശം മുസ്‍ലിംകൾക്കുമായിരിക്കുമെന്ന് പ്രമേയം വ്യക്തമാക്കുന്നു.

യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച 'ജറൂസലം പ്രമേയം' 11നെതിരെ 129 വോട്ടുകൾക്കാണ് പാസായത്. ഫലസ്തീൻ അതോറിറ്റിയുടെയും വിവിധ മുസ്‌ലിം രാഷ്ട്രങ്ങളുടെയും വർഷങ്ങളുടെ പോരാട്ടത്തിനൊടുവിലാണ് യുഎന്നിൽ പ്രമേയത്തിന് വന്‍ ഭൂരിപക്ഷത്തിന്‍റെ അംഗീകാരം ലഭിക്കുന്നത്.

'ഫലസ്തീൻ പ്രശ്‌നത്തിൽ സമാധാന പരിഹാരം', 'ജറൂസലം', 'സിറിയൻ ഗോലാൻ' എന്നിങ്ങനെ ഫലസ്തീനും പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന പ്രമേയങ്ങൾക്കാണ് കഴിഞ്ഞ ദിവസം യുഎൻ പൊതുസഭയിൽ അംഗീകാരം ലഭിച്ചത്. പശ്ചിമേഷ്യയിൽ സമഗ്രവും സുസ്ഥിരവുമായ സമാധാനത്തിന് ആഹ്വാനം ചെയ്ത ആദ്യ പ്രമേയത്തിൽ അധിനിവിഷ്ട ഫലസ്തീനിലെ ഏകപക്ഷീയമായ കൈയേറ്റങ്ങൾ നിർത്തിവയ്ക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുന്നു. 1967നുമുൻപുള്ള ഫലസ്തീൻ-ഇസ്രായേൽ അതിർത്തിയിൽ മാറ്റം വരുത്താനുള്ള ഒരു നീക്കവും അംഗീകരിക്കരുതെന്നും അനധികൃത കുടിയേറ്റങ്ങൾക്ക് ഒരുതരത്തിലുമുള്ള സഹായവും നൽകരുതെന്നും ലോകരാജ്യങ്ങളോട് ആഹ്വാനവുമുണ്ട് പ്രമേയത്തിൽ.

ജറൂസലം പ്രമേയത്തിലാണ് ചരിത്രപരമായ പ്രഖ്യാപനമുള്ളത്. ജറൂസലമിൽ തങ്ങളുടെ നിയമവും ഭരണവും സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ ഏതു നീക്കവും നിയമവിരുദ്ധമാണെന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നു. മുസ്‌ലിംകൾ ഹറം ശരീഫെന്നു വിളിക്കുന്ന പുണ്യസ്ഥലത്തിന്റെ നിലവിലെ ചരിത്രപരമായ സ്ഥിതി നിലനിർത്തണമെന്ന് ആഹ്വാനം ചെയ്ത 2015ലെ യുഎൻ രക്ഷാസമിതി പ്രമേയം ഓർമിപ്പിച്ചായിരുന്നു പുതിയ പ്രമേയം. സിറിയയിലെ ഗോലാൻ മേഖലയിലെ ഇസ്രായേൽ കൈയേറ്റം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മൂന്നാമത്തെ പ്രമേയം. ഈ മേഖലയില്‍നിന്ന് പിന്മാറണമെന്ന് പ്രമേയം ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

യുഎസ്, ഹംഗറി, ചെക്ക് റിപബ്ലിക് തുടങ്ങി 11 രാജ്യങ്ങളാണ് ജറൂസലം പ്രമേയത്തെ എതിർത്തത്. ബ്രിട്ടൻ, ജർമനി, ഡെന്മാർക്ക്, നെതർലൻഡ്‌സ് പ്രതിനിധികൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ജറൂസലമിനുമേലുള്ള ജൂത അവകാശം നിഷേധിക്കുന്ന പ്രമേയം യുഎന്‍ പൊതുസഭ അംഗീകരിക്കുന്നത് ധാര്‍മികമായും ചരിത്രപരമായും രാഷ്ട്രീയപരമായും ശരിയല്ലെന്ന് യുഎസ് പ്രതിനിധി സഭയില്‍ വ്യക്തമാക്കി. 

പ്രമേയത്തെ പിന്തുണച്ച രാജ്യങ്ങൾക്ക് യുഎന്നിലെ ഫലസ്തീൻ അംബാസഡർ റിയാസ് മൻസൂർ നന്ദി രേഖപ്പെടുത്തി. ഫലസ്തീൻ ജനതയ്ക്ക് പിന്തുണയും പ്രതീക്ഷയും പകരുന്ന പ്രമേയമാണിതെന്നും റിയാദ് പറഞ്ഞു. ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തെ മതസംഘർഷമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കുള്ള അടികൂടിയാണ് പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മൂന്ന് പ്രമേയങ്ങളെയും അംഗീകരിക്കുക വഴി മേഖലയിൽ തുടർന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളിലേക്ക് കൂടുതൽ സഹായം നൽകുകയാണ് അന്താരാഷ്ട്ര സമൂഹം ചെയ്യുന്നതെന്ന് പൊതുസഭയിൽ ഇസ്രായേൽ പ്രതിനിധി പ്രതികരിച്ചു. ഇസ്രായേൽ പശ്ചിമേഷ്യയിലെ ഊർജസ്വലമായ ഏക ജനാധിപത്യ രാജ്യവും മനുഷ്യാവകാശത്തിന്റെ ദീപസ്തംഭവുമാണ് ഇസ്രായേലെന്നും തങ്ങളെ പൈശാചികവൽക്കരിക്കു മാത്രമാണ് മൂന്ന് പ്രമേയങ്ങളുടെയും ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Summary: The United Nations General Assembly approved a resolution 129-11 on Wednesday, that disavowed Jewish ties to the Temple Mount and called it solely by its Muslim name of al-Haram al-Sharif. Only Muslims own rights to the Al-Aqsa compound, the resolution says

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News