ഖൈബർ താഴ്‌വരയിൽ ബോംബ് വർഷിച്ച് പാകിസ്താൻ വ്യോമസേന; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

പുലർച്ചെ 2 മണിയോടെയാണ് തിറ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മത്രെ ദാര ഗ്രാമത്തിൽ പാകിസ്താൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിച്ചത്

Update: 2025-09-22 12:01 GMT

ഖൈബർ: പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തി പ്രദേശമായ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പാകിസ്താൻ സേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പുലർച്ചെ 2 മണിയോടെയാണ് തിറ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മത്രെ ദാര ഗ്രാമത്തിൽ പാകിസ്താൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൃതദേഹങ്ങൾക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുകയാണ്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്.

'ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വർധിച്ചുവരുന്ന ഡ്രോൺ ആക്രമണങ്ങൾ കാരണം അവിടുത്തെ സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പാകിസ്താൻ അധികാരികൾ പരാജയപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഡ്രോൺ ആക്രമണം ഒരു കുട്ടിയുടെ മരണത്തിന് കാരണമായി. ഈ വർഷം മാർച്ച് മുതൽ വർധിച്ചുവരുന്ന ഭയാനകമായ ആക്രമണ പരമ്പരയുടെ ഭാഗമാണ് ഇന്നത്തെ ആക്രമണം.' ആംനസ്റ്റി ഇന്റർനാഷണലിന്റെ ദക്ഷിണേഷ്യയുടെ ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ ഇസബെല്ലെ ലസ്സി പറഞ്ഞു.

Advertising
Advertising

ഖൈബർ പഖ്തൂൺഖ്വ പൊലീസിന്റെ കണക്കനുസരിച്ച് ഈ വർഷം ജനുവരി മുതൽ ആഗസ്റ്റ് വരെ പ്രവിശ്യയിൽ 605 ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ കുറഞ്ഞത് 138 സാധാരണക്കാരും 79 പാകിസ്താൻ പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ആഗസ്റ്റിൽ മാത്രം 129 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ആറ് പാകിസ്താൻ ആർമി, അർദ്ധസൈനിക ഫെഡറൽ കോൺസ്റ്റാബുലറി ഉദ്യോഗസ്ഥരുടെ കൊലപാതകവും ഉൾപ്പെടുന്നു.

പാകിസ്താൻ തീവ്രവാദ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷൻ സിന്ദൂരിനുശേഷം ജയ്ഷ്-എ-മുഹമ്മദ് (JeM), ഹിസ്ബുൽ മുജാഹിദീൻ (HM) തുടങ്ങിയ തീവ്രവാദ സംഘടനകൾ അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഖൈബർ പഖ്തൂൺഖ്വയിൽ പുതിയ താവളങ്ങൾ സ്ഥാപിക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News