ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീൻ മാധ്യമപ്രവർത്തക മറിയം അബൂ ദഖക്ക് വേൾഡ് പ്രസ് ഫ്രീഡം ഹീറോ അവാർഡ്

ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിൽ 2025 ആഗസ്റ്റ് 25ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മറിയം അബൂ ദഖ കൊല്ലപ്പെട്ടത്

Update: 2025-10-26 12:57 GMT

Mariam Abu Daqqa | Photo | X

വിയന്ന: ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീൻ മാധ്യമപ്രവർത്തക മറിയം അബൂ ദഖക്ക് വേൾഡ് പ്രസ് ഫ്രീഡം ഹീറോ അവാർഡ്. അപകടകരമായ സാഹചര്യത്തിലും ഗസ്സയിലെ യാഥാർഥ്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ നടത്തിയ പരിശ്രമങ്ങൾ പരിഗണിച്ചാണ് വിയന്ന ആസ്ഥാനമായ ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മറിയത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഇന്റർനാഷണൽ മീഡിയ സപ്പോർട്ടുമായി സഹകരിച്ച് ഐപിഐ അതിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി സത്യത്തിനും പത്ര സ്വാതന്ത്ര്യത്തിനും വേണ്ടി അസാധാരണ പ്രതിബദ്ധത പ്രകടിപ്പിച്ച ലോകമെമ്പാടുമുള്ള ഏഴ് മാധ്യമപ്രവർത്തകർക്കാർ അവാർഡ് പ്രഖ്യാപിച്ചത്.

Advertising
Advertising

ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിൽ 2025 ആഗസ്റ്റ് 25ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് റിപ്പോർട്ടറും ഫോട്ടോ ജേണലിസ്റ്റുമായ മറിയം അബൂ ദഖ കൊല്ലപ്പെട്ടത്. ഗസ്സയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളും ദുരിതവും ലോകത്തിന് മുന്നിലെത്തിക്കാൻ തന്റെ ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ച മാധ്യമപ്രവർത്തക എന്നാണ് ഐപിഐ മറിയത്തെ വിശേഷിപ്പിച്ചത്. ഗസ്സയിലെ സിവിലിയൻ ജനതയുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്ത ആക്രമണം രേഖപ്പെടുത്തുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട നിരവധി ഫലസ്തീൻ പത്രപ്രവർത്തകരിൽ ഒരാളായി മറിയത്തെ കണക്കാക്കുന്നുവെന്ന് ഐപിഐ പ്രസ്താവനയിൽ പറഞ്ഞു.

ഇൻഡിപെൻഡന്റ് അറേബ്യയുടെ റിപ്പോർട്ടർ ആയിരുന്നു മറിയം അബൂ ദഖ. ഇൻഡിപെൻഡന്റ് അറേബ്യയും മറിയത്തെ ആദരിച്ചിരുന്നു. ജീവൻ പോലും പണയപ്പെടുത്തി സത്യം അറിയിക്കുക എന്നത് ഒരു പവിത്രമായ കടമയാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമർപ്പിത പത്രപ്രവർത്തക എന്നാണ് പത്രം മറിയത്തെ വിശേഷിപ്പിച്ചത്.



ഏത് സമയത്തും കൊല്ലപ്പെടാൻ സാധ്യതയുള്ളതിനാൽ ഗസ്സയിലെ എല്ലാ മാധ്യമപ്രവർത്തകരെയും പോലെ ഒസ്യത്ത് എഴുതിവെച്ചാണ് മറിയം അബൂ ദഖയും ജോലി ചെയ്തിരുന്നത്. മറിയം തന്റെ മകന് എഴുതിയ കത്തിലെ വരികൾ ആരുടെയും കരളലിയിക്കുന്നതായിരുന്നു. ''ഗൈസ്, ഉമ്മയുടെ ഹൃദയവും പ്രാണനുമാണ് നീ. ഞാൻ മരിക്കുമ്പോൾ എനിക്ക് വേണ്ടി നീ പ്രാർഥിക്കണേ. എന്നെക്കുറിച്ചോർത്ത് കരയരുതേ...''- മറിയം എഴുതി.

''മോനേ...ഒരിക്കലും, ഒരിക്കലും നീയെന്നെ മറക്കരുത്. നീ എന്നും സന്തോഷമായിരിക്കാനും സുരക്ഷിതനായിരിക്കാനും എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. നീ വളരും, വിവാഹം കഴിക്കും, നിനക്ക് ഒരു മകളുണ്ടാകും, അവൾക്ക് എന്റെ പേര് നീ ഇടണം, മറിയം''- എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

Full View

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയത് മുതൽ സജീവമായി മാധ്യമപ്രവർത്തനരംഗത്ത് മറിയം ഉണ്ടായിരുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിന് വേണ്ടി വാർത്തകളും വീഡിയോകളും നൽകുകയായിരുന്നു. ഇൻഡിപെൻഡന്റ് അറേബ്യ അടക്കമുള്ള മാധ്യമങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചു. പട്ടിണികൊണ്ട് മരണാസന്നരായ കുട്ടികളെ രക്ഷിക്കാനുള്ള നാസർ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ തീവ്രശ്രമങ്ങളെ കുറിച്ചുള്ള മറിയത്തിന്റെ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News