'അതൊന്നും ഇവിടെ പറയണ്ട കാര്യമില്ല' - അദാനി കേസിനെ കുറിച്ച് ചോദ്യം, സ്വരം കടുപ്പിച്ച് മോദി
"വ്യക്തികളുടെ കാര്യം ചർച്ച ചെയ്യാനല്ല നേതാക്കന്മാരുടെ കൂടിക്കാഴ്ച, സ്വകാര്യവ്യക്തികളുടെ ഇടപാടിനെ കുറിച്ച് സംസാരിക്കേണ്ട ഒരാവശ്യവുമില്ല"
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ വാർത്തയാണെങ്ങും... ട്രംപും മോദിയുമായുള്ള കൂടിക്കാഴ്ച അന്താരാഷ്ട്ര തലത്തിലടക്കം ചർച്ചയായിട്ടുമുണ്ട്. ട്രംപുമായി മോദി എന്തൊക്കെ ചർച്ച ചെയ്തു എന്നറിയാനാണ് എല്ലാവർക്കും ആകാംഷ. എന്നാൽ എന്ത് ചർച്ച ചെയ്തു എന്നതിനേക്കാൾ എന്ത് ചർച്ച ചെയ്തില്ല എന്ന വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് പ്രധാനമന്ത്രിയിപ്പോൾ.
എല്ലാവരും കരുതുന്നത് പോലെ അദാനി കേസിനെ കുറിച്ച് ഒന്നും തന്നെ ചർച്ച ചെയ്തിട്ടില്ലെന്നാണ് മോദി അറിയിച്ചിരിക്കുന്നത്.. ട്രംപുമായി ഒന്നിച്ച് നടത്തിയ പത്രസമ്മേളനത്തിൽ റിപ്പോർട്ടർമാരിലൊരാളുടെ ചോദ്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
അല്പം സ്വരം കടുപ്പിച്ച് തന്നെ ആയിരുന്നു മോദിയുടെ മറുപടി. അത്തരം കാര്യങ്ങളൊന്നും ഇവിടെ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അത് സ്വകാര്യ വ്യക്തിയുടെ കാര്യമാണെന്നും പ്രധാനമന്ത്രി പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ട്രംപ് ആകട്ടെ പ്രതികരണം ഒന്നും തന്നെ നടത്തിയതുമില്ല.
പത്രസമ്മേളനത്തിൽ മോദിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു-
"ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഞങ്ങൾ വിശ്വസിക്കുന്നത് വസുദൈവ കുടുംബകത്തിലും. ലോകമേ തറവാട് എന്നതാണ് ഞങ്ങളുടെ വിശ്വാസം. എല്ലാ ഇന്ത്യക്കാരും എന്റേതാണ്. അദാനി കേസ് സ്വകാര്യവ്യക്തിയെ കേന്ദ്രീകരിച്ചുള്ളതാണ്. വ്യക്തികളുടെ കാര്യം ചർച്ച ചെയ്യാനല്ല നേതാക്കന്മാരുടെ കൂടിക്കാഴ്ച. സ്വകാര്യവ്യക്തികളുടെ ഇടപാടിനെ കുറിച്ച് സംസാരിക്കേണ്ട ഒരാവശ്യവുമില്ല. തികച്ചും വ്യക്തിപരമായ കാര്യമാണത്".
അദാനിയെ മോദിയുടെ 'അലൈ' അഥവാ അടുപ്പക്കാരൻ എന്ന് വിശേഷിപ്പിച്ചായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇന്ത്യയിൽ ഇത്തരമൊരു ചോദ്യം നേരിട്ടിട്ടില്ല എന്നിരിക്കെ, അത്തരമൊരു ചോദ്യവും അദാനിയുടെ മിത്രം എന്ന വിശേഷണവും മോദിയെ ചൊടിപ്പിച്ചതായാണ് മനസ്സിലാക്കാനാവുന്നത്. ഒരു വ്യക്തിയുടെ കാര്യം പറയാൻ രണ്ട് രാജ്യങ്ങളുടെ നേതാക്കൾ തമ്മിൽ കാണുകയുമില്ല, ഒന്നിച്ചിരിക്കുകയുമില്ല, ചർച്ചയും ചെയ്യില്ല എന്ന് തറപ്പിച്ച് പറഞ്ഞു പ്രധാനമന്ത്രി.
യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ അദാനിക്കെതിരെ ചാർത്തിയിരിക്കുന്ന കുറ്റം. സോളാർ പവർ കോൺട്രാക്ടുകളുടെ ഭാഗമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ( ഏകദേശം 2,029 കോടി രൂപ ) അദാനി കൈക്കൂലി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. യുഎസ് ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നും സാഹരിച്ച തുകയാണ് ഇതിനായി വിയോഗിച്ചതെന്നാണ് ആരോപണം.
വിദേശവ്യക്തികൾ കൈക്കൂലി നൽകിയാൽ അമേരിക്കയിൽ കേസെടുക്കാനുള്ള നിയമമുണ്ട്. അരനൂറ്റാണ്ടോളം പഴക്കമുള്ള ഈ നിയമം തല്കാലത്തേക്ക് മരവിപ്പിക്കാൻ ട്രംപ് നേരത്തേ തീരുമാനമെടുത്തിരുന്നു. ഇത് അദാനിക്ക് താല്കാലിക ആശ്വാസമാകും എന്ന തരത്തിലും റിപ്പോർട്ടുകളെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയിൽ തന്നെ അദാനിയെ കുറിച്ചുള്ള ചോദ്യം മോദി നേരിട്ടത്. റിപ്പോർട്ടർക്ക് മോദി മറുപടി നൽകുമ്പോൾ പ്രത്യേകിച്ചൊരു ഭാവഭേദവുമില്ലാതെ ആയിരുന്നു വേദിയിൽ ട്രംപ്.
അതേസമയം അദാനി വിഷയത്തിൽ പ്രധാനമന്ത്രി അമേരിക്കയിൽ നടത്തിയ പ്രതികരണം വീണുകിട്ടിയ അവസരമായി എടുത്തിരിക്കുകയാണ് പ്രതിപക്ഷം. അമേരിക്കയിൽ പോലും അദാനിയുടെ അഴിമതി മോദി മറച്ചു പിടിക്കുകയാണെന്നാണ് രാഹുൽ ഗാന്ധി തുറന്നടിച്ചത്. സുഹൃത്തിന്റെ പോക്കറ്റ് നിറയ്ക്കുന്നതാണ് വികസനം എന്ന് കരുതുന്നവർക്ക്, രാജ്യത്തെ കൊള്ളയടിക്കുന്നതൊക്കെ ആഭ്യന്തര കാര്യമായി തോന്നും എന്നും രാഹുൽ വിമർശിച്ചു.
അദാനിയെ കുറിച്ച് ചോദ്യം വന്നപ്പോൾ തന്നെ പ്രധാനമന്ത്രിക്ക് ദേഷ്യം വന്നു എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെയുടെ പരിഹാസം. ഇന്ത്യയിൽ മോദി പത്രസമ്മേളനം നടത്താത്തതിന്റെ കാരണം അമേരിക്കയിൽ കണ്ടു എന്ന് അദ്ദേഹം ട്വിറ്ററിൽ വിമർശനമുന്നയിച്ചു. അപ്രതീക്ഷിതമായി ഒരു ചോദ്യം എത്തിയപ്പോഴേ ദേഷ്യം വന്ന മോദി എന്തുകൊണ്ടാണ് ഇന്ത്യയിൽ എഴുതി തയ്യാറാക്കിയ അഭിമുഖങ്ങൾ നടത്തുന്നത് എന്ന് മനസ്സിലായില്ലേ എന്നായിരുന്നു ഗോഖലെയുടെ ചോദ്യം.
അതേസമയം വൈറ്റ് ഹൗസിൽ മോദിക്ക് ഊഷ്മള വരവേൽപാണ് ട്രംപ് നൽകിയത്. ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്തു എന്നായിരുന്നു മോദിയെ കണ്ടപ്പോഴേ ട്രംപിന്റെ പ്രതികരണം. വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം എന്ന് പ്രധാനമന്ത്രി മറുപടിയും നൽകി. മോദിയെ ട്രംപ് കൂടിക്കാഴ്ചയ്ക്ക് ആനയിക്കുന്നതും ഇരിക്കാനായി കസേര നീക്കി നൽകുന്നതുമൊക്കെ സമൂഹമാധ്യമങ്ങളിൽ ഹിറ്റ് വീഡിയോകളാണ്.
ദീർഘകാലത്തിന് ശേഷമുള്ള കൂടിക്കാഴ്ചയുടെ പ്രതീകമായി, തന്റെ അവർ ജേർണി ടുഗതർ എന്ന പുസ്തകം ട്രംപ് മോദിക്ക് സമ്മാനിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയിൽ ആയുധക്കൈമാറ്റത്തെ പറ്റിയും വ്യവസായത്തെ പറ്റിയുമൊക്കെ ചർച്ച നടന്നതായാണ് വിവരം.
പക്ഷേ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചതും ചങ്ങലയ്ക്കിട്ടും കൊണ്ടുവന്നത് കൂടിക്കാഴ്ചയിൽ മോദി ഉന്നയിച്ചിട്ടില്ല. എന്നാൽ അനധികൃതമായി താമസിക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും തിരികെ എത്തിക്കാൻ തയ്യാറെന്ന് ട്രംപിനെ തൃപ്തിപ്പെടുത്തി കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു.
ഇന്ത്യ- യു.എസ് ഉഭയകക്ഷിബന്ധത്തെക്കുറിച്ച് 'മാഗ+മിഗ=മെഗാ' എന്ന സൂത്രവാക്യവും മോദി അവതരിപ്പിച്ചു.. ട്രംപിന്റെ 'മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്'നും 2047ലെ വികസിത ഭാരതം അഥവാ 'മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ' എന്നതും ചേരുമ്പോൾ സമൃദ്ധിക്കായുള്ള 'മെഗാ' പങ്കാളിത്തമായി മാറുമെന്നാണ് മോദി കൂട്ടിച്ചേർത്തത്.
2030 ആകുമ്പോളേക്കും ഇന്ത്യയും യു.എസും തമ്മിൽ 500 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്നതായി രണ്ട് നേതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്.. വികസനം, ഉൽപാദനം, സാങ്കേതിക വിദ്യ കൈമാറ്റും എന്നീ മേഖലകളിൽ സംയുക്തമായി ഇരുരാജ്യങ്ങളും മുന്നോട്ടുപോകുമെന്നും ഇറക്കുമതി തീരുവയിലും പ്രതിരോധ മേഖലയിലെ സഹകരണത്തിലും വിശദമായ ചർച്ചകൾ നടന്നുവെന്നും ഇരുരാജ്യങ്ങളും അറിയിച്ചു..