പ്രാദേശിക ഭാഷയിൽ വിശ്വാസികളെ അഭിവാദ്യം ചെയ്ത് മാർപാപ്പ; ചരിത്രം കുറിച്ച് കോംഗോ സന്ദർശനം

1985നുശേഷം ഇതാദ്യമായാണ് ആഗോള കത്തോലിക്കാ സഭാ തലവൻ കോംഗോ സന്ദർശിക്കുന്നത്

Update: 2023-02-02 16:06 GMT

കിൻഷാസ: കോംഗോയിൽ ചരിത്രം കുറിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം. വിമാനത്താവളം മുതൽ വൻ വരവേൽപ്പാണ് മാർപാപ്പയ്ക്കു ലഭിച്ചത്. തലസ്ഥാനമായ കിൻഷാസയിലെ എൻഡോളോ വിമാനത്താവളത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത ദിവ്യബലിയോടെയായിരുന്നു കോംഗോ സന്ദർശനത്തിനു തുടക്കം കുറിച്ചത്. 1985നുശേഷം ഇതാദ്യമായാണ് ആഗോള കത്തോലിക്കാ സഭാ തലവൻ കോംഗോ സന്ദർശിക്കുന്നത്.

ദിവ്യബലിയിൽ കോംഗോക്കാരുടെ പ്രാദേശിക ഭാഷയായ ലിങ്കാലയിലാണ് വിശ്വാസികളെ മാർപാപ്പ അഭിവാദ്യം ചെയ്തത്. ജനങ്ങൾ ആർപ്പുവിളികളോടെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. രാജ്യത്ത് വിമതസംഘങ്ങൾ നടത്തുന്ന കൊടുംക്രൂരതകളെ കടുത്ത ഭാഷയിൽ വിമർശിച്ചായിരുന്നു മാർപാപ്പ പ്രസംഗം ആരംഭിച്ചത്. ഇറ്റാലിയൻ ഭാഷയിലാണ് തുടർന്ന് പ്രസംഗിച്ചതും ദിവ്യബലി അർപ്പിച്ചതും. 2013ൽ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം മാർപാപ്പയുടെ 40-ാമത്തെ വിദേശ സന്ദർശനമാണിത്.

Advertising
Advertising

വിമതരുടെ അക്രമത്തിന് ഇരയായവരുടെ അനുഭവസാക്ഷ്യം കേട്ടതിനുശേഷം നൻസിയേച്ചറിലെ സദസ്സിനു മുന്നിലാണ് മനുഷ്യത്വരഹിതമായ അക്രമത്തെ മാർപാപ്പ അപലപിച്ചത്. എല്ലാ മനുഷ്യരാശിക്കും നാണക്കേടുണ്ടാക്കുന്ന ക്രൂരതകൾ ചെയ്യുന്നവരുടെ ഹൃദയങ്ങളെ ദൈവം പരിവർത്തിപ്പിക്കട്ടെ എന്നും മാർപാപ്പ പറഞ്ഞു. ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നവരോട് ആയുധം താഴെവയ്ക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു.

തീവ്രവാദികൾ മൂന്ന് മാസത്തോളം ലൈംഗിക അടിമയാക്കിയെന്നും, മനുഷ്യമാംസം ഭക്ഷിക്കാൻ നിർബന്ധിച്ചെന്നും ഇരകൾ മാർപാപ്പയോട് വെളിപ്പെടുത്തി. പതിറ്റാണ്ടുകളായി അക്രമങ്ങൾ നേരിടുന്ന കോംഗോ ജനത അക്രമികൾക്ക് മാപ്പുനൽകാൻ തയാറാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. യേശുവിനെ മാതൃകയാക്കി തങ്ങളെ ദ്രോഹിച്ചവർക്ക് കോംഗോ ജനതയും മാപ്പുനൽകണമെന്നും അദ്ദേഹം പറഞ്ഞു. ആറു ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിനെത്തിയ മാർപാപ്പ ചൊവ്വാഴ്ചയാണ് കോംഗോയിലെത്തിയത്.

ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യയിൽ മുന്നിലുള്ള രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. കണക്കുകൾ പ്രകാരം ഏകദേശം 100 ദശലക്ഷം ജനസംഖ്യയുടെ 40 ശതമാനവും റോമൻ കത്തോലിക്ക വിഭാഗത്തിലുള്ളവരാണ്. ചൊവ്വാഴ്ച കിൻഷാസയുടെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ രാഷ്ട്രീയനേതാക്കളോടും വിശിഷ്ടാതിഥികളോടും നടത്തിയ പ്രസംഗത്തിൽ നൂറ്റാണ്ടുകളായി വിദേശശക്തികൾ ആഫ്രിക്കയെ കൊള്ളയടിക്കുന്നതിനെ അദ്ദേഹം അപലപിച്ചിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News