'മോദി-ഗൊട്ടബയ രഹസ്യ കരാർ': അദാനിക്കെതിരെ ശ്രീലങ്കയിൽ വൻ പ്രക്ഷോഭം

ശ്രീലങ്കയിൽ 500 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി നിലയം ആരംഭിക്കാൻ അദാനി ഗ്രൂപ്പിന് അംഗീകാരം നൽകണമെന്ന് നരേന്ദ്ര മോദി ലങ്കൻ പ്രസിഡന്റ് ഗൊട്ടബയയോട് നിർബന്ധിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ

Update: 2022-06-16 15:36 GMT
Editor : Shaheer | By : Web Desk
Advertising

കൊളംബോ: പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ സമ്മർദത്തെ തുടർന്ന് വൻകിട വൈദ്യുത പദ്ധതി അദാനി ഗ്രൂപ്പിനു നൽകിയതായുള്ള വെളിപ്പെടുത്തലിനു പിന്നാലെ ശ്രീലങ്കയിൽ വൻ പ്രതിഷേധം. അദാനിക്കു നൽകിയ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊളംബോയിലടക്കം പ്രതിപക്ഷ പ്രതിഷേധങ്ങൾ നടക്കുന്നത്. മോദിയും ശ്രീലങ്കൻ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയും തമ്മിലുള്ള ദുരൂഹമായ രഹസ്യ കരാറിന്റെ ഭാഗമായാണ് അദാനിക്ക് വടക്കൻ ശ്രീലങ്കയിലുള്ള മാന്നാർ ജില്ലയിലെ കാറ്റാടി വൈദ്യുതി നിലയം കൈമാറിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

മോദിയും ഗൊട്ടബയയും തമ്മിൽ നടന്ന നിയമവിരുദ്ധവും സുതാര്യമല്ലാത്തതുമായ ഇടപാടിന്റെ ഭാഗമായാണ് അദാനിക്ക് പദ്ധതിയുടെ കരാർ ലഭിച്ചതെന്ന് പ്രമുഖ എൻജിനീയറായ നുസ്‌ലി ഹമീം ആരോപിച്ചു. ലേല നടപടികളൊന്നുമില്ലാതെ അദാനിക്ക് സുഖമായി കരാർ നേരിട്ട് ലഭ്യമാക്കുകയായിരുന്നു ഇതുവഴി ഇരുനേതാക്കളും ലക്ഷ്യമിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലേലനടപടികളില്ലാതെ കരാർ നേരിട്ട് അദാനിക്ക് നൽകാനായി ശ്രീലങ്കൻ പാർലമെന്റ് വൈദ്യുത നിയമം ഭേദഗതി ചെയ്യുക വരെയുണ്ടായെന്നും നുസ്‌ലി കൂട്ടിച്ചേർത്തു.

മാന്നാറിൽ പ്രമുഖ കാറ്റാടി ഊർജ പദ്ധതിയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ചയാളാണ് നുസ്‌ലി ഹമീം. അദാനിയുടെ പദ്ധതിക്കെതിരായ പൗരാവകാശ സമരത്തിന് നേതൃത്വം നൽകുന്ന സംഘത്തിലെ അംഗം കൂടിയാണ് അദ്ദേഹം. ഇത്തരം നിഗൂഢമായ ഇടപാടുകൡലൂടെ രാജ്യത്തെ 2.2 കോടി ജനങ്ങളെയാണ് ഭരണകൂടം ഇരുട്ടിലാക്കിയിരിക്കുന്നതെന്ന് സമരത്തിന്റെ ഭാഗമായ വിദ്യാർത്ഥി നേതാവ് ആൻജനീ വിമർശിച്ചു.

'500 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതി'

ദിവസങ്ങൾക്കുമുൻപ് നടന്ന ശ്രീലങ്കൻ പാർലമെന്റിന്റെ പൊതുസംരംഭ സമിതിയുടെ വാദംകേൾക്കലിനിടെയായിരുന്നു സിലോൺ ഇലക്ട്രിസിറ്റി ബോർഡ്(സി.ഇ.ബി) ചെയർമാൻ എം.എം.സി ഫെർഡിനാൻഡോയുടെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തൽ. ശ്രീലങ്കയിൽ 500 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി നിലയം ആരംഭിക്കാൻ അദാനി ഗ്രൂപ്പിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി സമ്മർദം ചെലുത്തിയെന്ന് ഫെർഡിനാൻഡോ പാർലമെന്റ് സമിതിയോട് വെളിപ്പെടുത്തി. ഗൊട്ടബയ തന്നെ തന്നോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യമെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാൽ, ആരോപണം തള്ളി ഗൊട്ടബയ രംഗത്തെത്തിയതോടെ വൈകാരിക പശ്ചാത്തലത്തിൽ പറഞ്ഞുപോയ കള്ളമായിരുന്നു അതെന്ന് പിന്നീട് ഫെർഡിനാൻഡോ വിശദീകരിച്ചു.

''2021 നവംബർ 24ന് ഒരു യോഗത്തിനുശേഷം പ്രസിഡന്റ് എന്നെ വിളിച്ചുവരുത്തി. എന്നിട്ട് ആ പദ്ധതി അദാനി ഗ്രൂപ്പിന് നൽകണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർബന്ധിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.''- ശ്രീലങ്കൻ മാധ്യമം 'ന്യൂസ് ഫസ്റ്റ്' പുറത്തുവിട്ട ഫെർനിനാൻഡോയുടെ ആരോപണത്തിന്റെ ദൃശ്യങ്ങളിൽ പറയുന്നു. വടക്കൻ ശ്രീലങ്കൻ തീരത്തെ പദ്ധതിക്കായി എങ്ങനെയാണ് അദാനിയെ തിരഞ്ഞെടുത്തതെന്ന പാർലമെന്റ് സമിതിയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗൊട്ടബയയുടെ ഇത്തരമൊരു നിർദേശം വച്ചിട്ടുണ്ടെന്ന് പറഞ്ഞ് താൻ ധനകാര്യ സെക്രട്ടറിക്ക് കത്തെഴുതിയെന്നും ഫെർഡിനാൻഡോ വെളിപ്പെടുത്തി. വേണ്ടതു ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇത് സർക്കാരുകൾ തമ്മിലുള്ള ഇടപാടാണെന്നും താൻ സൂചിപ്പിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഗൊട്ടബയ ആറോപണങ്ങൾ തള്ളി രംഗത്തെത്തിയതിനു പിന്നാലെ വൈദ്യുതി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് ഫെർഡിനാൻഡോ രാജിവയ്ക്കുകയും ചെയ്തിരുന്നു.

Summary: Citizens held a protest in Sri Lankan city Colombo against the alleged favouring of Gautam Adani's group in the award of an energy project in Mannar district as part of a "dubious" deal between Indian PM Narendra Modi and Sri Lankan President Gotabaya Rajapaksa

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News