ആസ്ത്രേലിയയിൽ ഇസ്രായേൽ കപ്പലിൽനിന്ന് ചരക്കിറക്കാൻ അനുവദിക്കാതെ പ്രതിഷേധം

കപ്പൽ നാല് ദിവസമായി മെൽബണിൽ കുടുങ്ങിക്കിടക്കുന്നു, ലക്ഷങ്ങളുടെ നഷ്ടം

Update: 2024-01-23 16:01 GMT
Advertising

ഇസ്രായേൽ ഗസ്സയിൽ തുടരുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആസ്ത്രേലിയയിൽ ഫലസ്തീൻ അനുകൂല സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നു. മെൽബൺ തുറമുഖത്ത് ഇസ്രായേൽ ആസ്ഥാനമായുള്ള ഷിപ്പിങ് കമ്പനിയായ ഇസഡ്.ഐ.എമ്മിന്റെ കപ്പലിൽനിന്ന് ചരക്കിറക്കാനുള്ള ശ്രമം ​പ്രതിഷേധക്കാർ തടഞ്ഞു.

മെൽബൺ തുറമുഖം ഉപരോധിക്കുന്നത് നാലാം ദിവസത്തിലേക്ക് കടന്നു. തുറമുഖത്തിലേക്ക് ജോലിക്കെത്തിയവരെ തടഞ്ഞതോടെ 30,000 കണ്ടെയ്നറുകളുള്ള കപ്പൽ നാല് ദിവസമായി കുടുങ്ങിക്കിടക്കുകയാണ്.

അതേസമയം, അതിക്രമിച്ച് കയറിയതിനും നാശനഷ്ടത്തിനും 10 പേരെ അറസ്റ്റ് ചെയ്തതായി വിക്ടോറിയ പൊലീസ് അറിയിച്ചു. പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായതായും ​പൊലീസ് കുരുമുളക് സ്​പ്രേ ഉപയോഗിച്ചതായും സമരക്കാർ ആരോപിച്ചു.

സമരം തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്. കൂടാതെ തുറമുഖത്തെ മറ്റു കപ്പൽ കമ്പനികളെയും സമരം ബാധിച്ചിട്ടുണ്ട്.

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളിൽനിന്ന് ചരക്ക് ഇറക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഫ്രീ ഫലസ്തീൻ മെൽബൺ സംഘടന അറിയിച്ചു. ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന് വലിയ സന്ദേശം നൽകുകയാണ് തങ്ങളുടെ ലക്ഷ്യം. ഗസ്സയിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

അതേസമയം, തുറമുഖത്ത് ജോലിക്ക് എത്താൻ സാധിക്കാത്ത ജീവനക്കാർക്കായി രണ്ട് ദിവസത്തിനുള്ളിൽ പ്രതിഷേധക്കാർ 23,000 ഡോളറിലധികം ഫണ്ട് സ്വരൂപിച്ചിട്ടുണ്ട്. ഈ പണം ഉടൻ വിതരണം ചെയ്യുമെന്നാണ് അറിയുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News