യുക്രൈനുമേലുള്ള ആക്രമണത്തിൽ പ്രതിഷേധം; രാജിവെച്ച റഷ്യൻ പ്രതിനിധി രാജ്യം വിട്ടു

1990 കളിൽ മുൻ പ്രസിഡന്‍റ് ബോറിസ് യെൽറ്റ്‌സിന്‍റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് അനാറ്റോളി ചുബൈസ്

Update: 2022-03-24 02:59 GMT
Advertising

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധമറിയിച്ച് മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥന്‍ അനാറ്റോളി ചുബൈസ് അന്താരാഷ്ട്ര പ്രതിനിധി സ്ഥാനം രാജിവെച്ചു. രാജിക്ക് പിന്നാലെ രാജ്യം വിട്ട അദ്ദേഹം നിലവില്‍ കുടുംബത്തോടൊപ്പം തുര്‍ക്കിയിലാണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനു കീഴില്‍ വിവിധ ബിസിനസ്, രാഷ്ട്രീയ രംഗങ്ങളില്‍ ചുബൈസ് സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെയാണ് അന്താരാഷ്ട്ര സംഘടനകളുടെ പ്രത്യേക ദൂതനായി ചുബൈസ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ യുക്രൈനുമായി യുദ്ധം ആരംഭിച്ചതോടെ ഭരണകൂടവുമായി അകന്നു.  

1990 കളില്‍ മുന്‍ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്സിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് അനാറ്റോളി ചുബൈസ്. സ്വകാര്യവല്‍ക്കരണത്തിനും വിപണി പരിഷ്‌കരണങ്ങള്‍ക്കും അക്കാലത്ത് നേതൃത്വം നല്‍കുകയും ചെയ്തു. റഷ്യയില്‍ ഒരു പരിഷ്‌കര്‍ത്താവായാണ് ചുബൈസ് പൊതുവെ അറിയപ്പെട്ടിരുന്നത്. 

അതേസമയം, യുക്രൈനിലെ റഷ്യൻ ആക്രമണം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. ഫെബ്രുവരി 24നായിരുന്നു യുക്രൈന് മേൽ റഷ്യൻ ആക്രമണം ശക്തമായത്. യുക്രൈനിലെ തന്ത്രപ്രധാന നഗരങ്ങൾ ഇപ്പോഴും റഷ്യ വളഞ്ഞിരിക്കുകയാണ്. എന്നാല്‍, യുക്രൈന്‍ തലസ്ഥാനമായ കിയവ് പിടിക്കാനുള്ള റഷ്യൻ ശ്രമം വിഫലമായി തന്നെ തുടരുന്നു. തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ റഷ്യൻ ബോംബാക്രമണം ഇപ്പോഴുമുണ്ട്. ഏകദേശം 100,000 ആളുകൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മരിയുപോളിൽ മാത്രം 2,300 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

അതിനിടെ നാറ്റോ, ജി 7, യൂറോപ്യൻ യൂണിയൻ ഉച്ചകോടികൾ ഇന്ന് ചേരുകയാണ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബ്രസൽസിലെത്തി. ഉച്ചകോടിയിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് സൂചന.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News