ബാള്‍ട്ടിമോര്‍ അപകടം; കപ്പലിലെ ഇന്ത്യക്കാരെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍

ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ചിലര്‍ പ്രതികരിച്ചു

Update: 2024-03-29 14:02 GMT
Editor : ദിവ്യ വി | By : Web Desk
Advertising

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി സാമൂഹ മാധ്യമത്തില്‍ കാര്‍ട്ടൂണ്‍. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് മേരിലാന്‍ഡില്‍ നിന്നും കൊളംബോയിലേക്ക് പുറപ്പെട്ട 'ഡാലി' എന്ന ചരക്കുകപ്പല്‍ പാലത്തിലിടിച്ചത്. ഇതിലുണ്ടായിരുന്ന ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് വംശീയ അധിക്ഷേപം അടങ്ങിയ കാര്‍ട്ടൂണ്‍ പ്രചരിച്ചത്. അപകടത്തിന് തൊട്ടുമുന്‍പുള്ള കപ്പലിനുള്ളിലെ ദൃശ്യം എന്ന പേരിലാണ് ഗ്രാഫിക് കാര്‍ട്ടൂണ്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ചിലര്‍ പ്രതികരിച്ചു. ഇന്ത്യക്കാരെ അപമാനിക്കുന്നതിന് പുറമെ കപ്പലിലെ ജീവനക്കാരെ അപഹസിക്കുന്നതും അവര്‍ക്കെതിരെ തെറ്റിദ്ധാരാണ പരത്തുന്നതുമാണ് ഇതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അതേസമയം അപകടത്തിന് മുന്‍പ് കപ്പല്‍ ജീവനക്കാര്‍ മുന്നറിയിപ്പ് സന്ദേശം നല്‍കിയതിനാല്‍ ഒരുപാട് ജീവന്‍ രക്ഷിക്കാനായി എന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. കപ്പലിലെ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി മേരിലാന്‍ഡ് ഗതാഗത വകുപ്പിനെ അറിയിക്കാന്‍ കഴിഞ്ഞതിനാല്‍ പാലത്തില്‍ കപ്പല്‍ ഇടിക്കുന്നതിന് മുമ്പായി ഇതിലൂടെയുള്ള ഗതാഗതം തടയാന്‍ അധികൃതര്‍ക്ക് സാധിച്ചുവെന്നും ഇത് നിസ്സംശയമായും നിരവധി പേരുടെ ജീവനാണ് രക്ഷിച്ചതെന്നും ബൈഡന്‍ പറഞ്ഞിരുന്നു. തുടര്‍ നടപടിക്ക് ആവശ്യമായ എല്ലാ ഫെഡറല്‍ സൗകര്യങ്ങളും അവിടേക്ക് അയക്കുന്നുണ്ടെന്ന്‌ പറഞ്ഞ ബൈഡന്‍ ഇത്‌ മനഃപൂര്‍വം സൃഷ്ടിച്ച അപകടമല്ലെന്നും വ്യക്തമാക്കിയിരുന്നു.

സിംഗപ്പൂര്‍ ഉടമസ്ഥതയിലുള്ള കപ്പലില്‍ 22 ജീവനക്കാര്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. പാലത്തിന്റെ അറ്റകുറ്റപ്പണികളിലേര്‍പ്പെട്ടിരുന്ന ജീവനക്കാരാണ് അപകടത്തില്‍ മരിച്ചത്. എട്ടോളം പേര്‍ മരിച്ചതായാണ് നിലവിലെ കണക്ക്. കപ്പലിലെ വൈദ്യുത ബന്ധത്തിലുണ്ടായ പ്രശ്‌നമാണ് തകരാറിന് കാരണം പിന്നാലെ കപ്പല്‍ ഗതിമാറി പാലത്തില്‍ ഇടിക്കുകയായിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News