ജന്മദിന കേക്ക് 20 കഷ്ണങ്ങളാക്കി മുറിച്ചതിന് 1,800 രൂപ!, റസ്റ്റോറന്റിനെതിരെ കുടുംബം; സമ്മിശ്ര പ്രതികരണവുമായി സോഷ്യൽമീഡിയ

നേരത്തെ, സാൻഡ്‍വിച്ച് രണ്ടായി മുറിച്ച് നൽകിയതിന് 180 രൂപ ഈടാക്കിയെന്ന സഞ്ചാരിയുടെ പരാതിയും ചര്‍ച്ചയായിരുന്നു

Update: 2023-08-16 15:35 GMT
Editor : Lissy P | By : Web Desk

മിലാൻ: ജന്മദിനകേക്ക് 20 കഷ്ണങ്ങളാക്കി മുറിച്ചതിന് റസ്റ്റോറന്റ് ഈടാക്കിയത് വൻ തുകയെന്ന് ആരോപണം. ഇറ്റലിയിലെ സിസിലിയിലെ പലേർമോയിലെ ഒരു റെസ്റ്റോറന്റിൽ ജന്മദിന പാർട്ടിക്കെത്തിയവരോട് കേക്ക് മുറിച്ചതിന് മാത്രം 20 യൂറോ (1,800 രൂപ) ഈടാക്കുകയായിരുന്നെന്ന് കുടുംബം സോഷ്യല്‍മീഡിയിയില്‍ പങ്കിട്ട പോസ്റ്റില്‍ പറയുന്നു. 

ഏകദേശം 10,000 രൂപ പിസയ്ക്കും പാനീയങ്ങൾക്കുമായി കുടുംബം ചെലവഴിച്ചിരുന്നു. ബില്ലിൽ കേക്ക് മുറിച്ചതിന് 1800 രൂപ അധികം ഈടാക്കിയെന്നും കുടുംബം പറയുന്നത്. എന്തുകൊണ്ടാണ് ഇത്രയധികം തുക ഈടാക്കിയെന്ന് വ്യക്തമല്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Advertising
Advertising

അതേസമയം, സംഭവത്തിൽ സോഷ്യൽമീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ഇത് ന്യായീകരിക്കാനാകാത്തതെന്നായിരുന്നു ചിലരുടെ കമന്റ്. ആളുകളെ ഇത്തരത്തിൽ കൊള്ളയടിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്നായിരുന്നു ഒരുവിഭാഗത്തിന്റെ പ്രതികരണം.

എന്നാൽ ചിലരാകട്ടെ റസ്റ്റോറന്റിനെ പിന്തുണച്ചായിരുന്നു രംഗത്തെത്തിയത്. കേക്ക് മുറിച്ചതിന് മാത്രമാണോ,അതോ കേക്ക് മുറിച്ച് പ്ലേറ്റുകളിലാക്കി സ്പൂണും ഫോർക്കും ഉൾപ്പെടെ തരികയാണോ,കേക്ക് റസ്റ്റോറന്റിൽ നിന്ന് തന്നെ വാങ്ങിയതാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ വ്യക്തത വരാതെ അവരെ കുറ്റപ്പെടുത്താനാകില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം.

നേരത്തെ,  ഇറ്റലിയിലെ റെസ്റ്റോറന്‍റില്‍ സാൻഡ്‍വിച്ച് രണ്ടായി മുറിച്ച് നൽകിയതിന് 180 രൂപ സർവീസ് ചാർജ് ഈടാക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഇറ്റലിയിലെ ലേക്ക് കോമോയ്ക്ക് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രമായ ഗേരാ ലാരിയോയിലെ ബാർ പേസിൽ എന്ന ബാർ കം റെസ്റ്റോറന്റാണ് ഇത്തരത്തിൽ ഒരു ബില്ല് നൽകിയത്. ബില്ല് കണ്ട് പ്രകോപിതരായ ഉപഭോക്താക്കളിൽ ഒരാളാണ് ബില്ലിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കിട്ടത്.

സാൻഡ്‍വിച്ച് പകുതിയായി മുറിച്ചുതന്നിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. അതിന് നിങ്ങൾ അധികം പണം നൽകേണ്ടി വരുമെന്നായിരുന്നു യുവാവിന്റെ പരിഹാസം. 7.50 ഇറ്റാലിയൻ യൂറോയാണ് സാൻഡ്‍വിച്ചിന് നൽകേണ്ടിയിരുന്നത്. എന്നാൽ രണ്ടുകഷ്ണമാക്കി മുറിച്ചതോടെ ഇതിന് 9.50 യൂറോയായി. സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായി. പകൽകൊള്ളയാണ് ഇതെന്നായിരുന്നു പലരുടെയും അഭിപ്രായം. ഇങ്ങനൊന്ന് ആദ്യമായി കേൾക്കുകയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News