യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിക്കാനൊരുങ്ങി റഷ്യ

റഷ്യയുടെ അധിനിവേശം തടയാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീവ്ര നയതന്ത്ര ശ്രമങ്ങൾക്കിടയിലാണ് റഷ്യയുടെ പുതിയ നീക്കം

Update: 2022-02-15 13:01 GMT
Advertising

യുക്രൈൻ അതിർത്തിയിൽ നിന്ന് ഒരു വിഭാഗം റഷ്യൻ സേനകളെ പിൻവലിക്കാൻ പദ്ധതിയിട്ടതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യയ്ക്ക് ഉചിതമെന്ന് തോന്നുന്ന രീതിയിൽ രാജ്യത്തെ വിവിധയിടങ്ങളിൽ സൈന്യത്തെ വിന്യസിക്കുന്നത് തുടരും. സൈന്യത്തിന്റെ  അഭ്യാസ പ്രകടനങ്ങൾ കഴിഞ്ഞു. അതുകൊണ്ട് തന്നെ അവർ ക്യാമ്പുകളിലേക്ക് മടങ്ങുകയാണ്. ഇത് നേരത്തെ ഞങ്ങൾ പറഞ്ഞിരുന്നു. ഇവിടെ പുതുതായി ഒന്നും നടക്കുന്നില്ലെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു.

റഷ്യയുടെ അധിനിവേശം തടയാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീവ്ര നയതന്ത്ര ശ്രമങ്ങൾക്കിടയിലാണ് റഷ്യയുടെ പുതിയ നീക്കം. എന്നാൽ യുക്രൈൻ ആക്രമിക്കാൻ  പദ്ധതിയിടുന്നുവെന്ന ആരോപണങ്ങൾ വീണ്ടും നിരസിക്കുകയാണ് റഷ്യ.

ഇത് വെറും അപവാദ പ്രചരണം മാത്രമാണ്. സംഘർഷം വർധിപ്പിക്കുന്നതിന് പകരം റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ സുരക്ഷാ ആശങ്കകൾ ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നും ഇതാണ് പ്രസിഡന്റ് പുടിൻ നിർദേശിക്കുന്നതും ആഗ്രഹിക്കുന്നതെന്നും ദിമിത്രി പെസ്‌കോവ് കൂട്ടിച്ചേർത്തു.

യുക്രൈൻ തലസ്ഥാനമായ കീവില്‍ നിന്ന് യുഎസും കാനഡയും ഉൾപ്പെടെ നിരവധി  രാജ്യങ്ങൾ തങ്ങളുടെ എംബസികൾ മാറ്റാനുള്ള നീക്കത്തിനെയും പെസ്‌കോവ് വിമർശിച്ചു.

യുക്രൈനിനെതിരെ വലിയ ആക്രമണം നടത്തുന്നതിന് വേണ്ട എല്ലാ സൈനിക സന്നാഹങ്ങളും റഷ്യയ്ക്കുണ്ടെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ പറഞ്ഞിരുന്നു.മോസ്‌കോ അതിർത്തിയിൽ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചതിന് ശേഷം യുക്രൈനിനെതിരെ വലിയ ആക്രമണം നടത്താൻ റഷ്യയ്ക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. യുക്രൈനിൽ റഷ്യയുടെ അധിനിവേഷത്തിന് സാധ്യതയുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവർ സുസജ്ജമാണെന്നായിരുന്നു ഫ്രാൻസ് വിദേശകാര്യ മന്ത്രിയുടെ മറുപടി.

യുക്രൈനിൽ റഷ്യ അധിനിവേഷം നടത്തിയാൽ മോസ്‌കോയിൽ വൻ പ്രതിരോധം തീർക്കുമെന്ന് യുറോപ്യൻ യൂണിയനും സഖ്യ കക്ഷികളും മുന്നറിയിപ്പു നൽകി. റഷ്യയുടെ യുക്രൈൻ അധിനിവേഷം അടുത്തെത്തിയിരിക്കുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. അത്തരം ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടാൽ യുറോപ്യൻ യൂണിയനും സഖ്യകക്ഷികളും റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

യുക്രൈനിൽ നിന്ന് കൂടുതൽ രാജ്യങ്ങൾ പൗരന്മാരെ തിരികെ വിളിക്കുകയാണ്. യുക്രൈൻ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുന്നതിന്റെ തെളിവുകൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തിയിരുന്നു.

റഷ്യയുമായി അടിയന്തര ചർച്ച നടത്താൻ യുക്രൈൻ സർക്കാർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാൻ ജർമനിയുടെ നേതൃത്വത്തിൽ തിരക്കിട്ട നീക്കങ്ങളും ആരംഭിച്ചു. ഇതിനിടെ റഷ്യൻ ഭീഷണി നിലനിൽക്കുന്നതിനാൽ റഷ്യക്കാർ തങ്ങളുടെ രാജ്യത്ത് കടക്കുന്നതിന് യുക്രൈൻ വിലക്ക് ഏർപ്പെടുത്തി.റഷ്യ ഏത് നിമിഷവും യുക്രൈൻ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന യുഎസ് മുന്നറിയിപ്പിനെ തുടർന്ന് യുക്രൈനിലേക്കുള്ള വിമാനങ്ങൾ മിക്കതും റദ്ദാക്കി.

യുക്രൈൻ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുന്നതിന്റെ തെളിവുകൾ കാണുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. യുക്രൈനുമായി യുദ്ധത്തിനില്ലെന്ന് ആവർത്തിക്കുമ്പോഴും റഷ്യ സൈനിക സന്നാഹം വർധിപ്പിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News