കുറ്റം തെളിയിക്കാനായില്ല; ഇസ്രായേലിനെ വിമർശിച്ചതിന് യുഎസ് തടവിലാക്കിയ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ മോചിതനായി
യുഎസിൽ പ്രഭാഷണത്തിനെത്തിയ ഹംദിയെ, ഒക്ടോബർ 26ന് രാവിലെ സാന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഐസിഇ അറസ്റ്റ് ചെയ്തത്.
വാഷിങ്ടൺ: ഗസ്സ വംശഹത്യയിൽ ഇസ്രായേലിനെ വിമർശിച്ചതിന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തടവിലാക്കിയ ബ്രിട്ടീഷ് മാധ്യമപ്രവർത്തകനും മാധ്യമ നിരൂപകനുമായ സാമി ഹംദി മോചിതനായി. രണ്ടാഴ്ചത്തെ തടവിന് ശേഷമാണ് ഹംദി ജയിൽ മോചിതനായത്. തുടർന്ന് അദ്ദേഹം സ്വന്തം രാജ്യമായ യുകെയിലേക്ക് യാത്ര തിരിച്ചു.
യുഎസിൽ പ്രഭാഷണത്തിനെത്തിയ ഹംദിയെ, ഒക്ടോബർ 26ന് രാവിലെ സാന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഐസിഇ അറസ്റ്റ് ചെയ്തത്. കൂടാതെ, അദ്ദേഹത്തിന്റെ വിസ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. ഹംദി ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആരോപിച്ചായിരുന്നു നടപടി.
എന്നാൽ ഹംദിക്കെതിരായ ആരോപണം തെളിയിക്കാൻ യുഎസ് അധികൃതർക്ക് സാധിച്ചില്ലെന്നും അതിനാൽതന്നെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ അവർക്കായില്ലെന്നും കൗൺസിൽ ഓൺ അമേരിക്കൻ- ഇസ്‌ലാമിക് റിലേഷൻസും (സിഎഐആർ) ഹംദിയുടെ അഭിഭാഷകരും അറിയിച്ചു. സ്വമേധയാ അമേരിക്ക വിടാൻ അനുവദിക്കുന്ന കരാറിന്റെ പശ്ചാത്തലത്തിലാണ് ഹംദിയുടെ തിരിച്ചുവരവ്.
പുറത്തിറങ്ങിയ ഹംദി, കുടുംബത്തിനും അഭിഭാഷകർക്കും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയും കടപ്പാടും അറിയിച്ചു. 'എനിക്കൊപ്പം നിന്ന കുടുംബം, അഭിഭാഷകർ, തനിക്കായി പ്രാർഥിക്കുകയും പ്രതിഷേധിക്കുകയും ശബ്ദിക്കുകയും ചെയ്ത ലോകത്തിന്റെ അങ്ങോളമിങ്ങോളമുള്ള മനുഷ്യർ എല്ലാവരോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളനാണ്. ഞാൻ ഏതെങ്കിലും നിയമം ലംഘിക്കുകയോ ഭീഷണി ഉയർത്തുകയോ ചെയ്തിട്ടില്ല. ഗസ്സയിലെ വംശഹത്യക്കെതിരെ സംസാരിക്കുക മാത്രമാണ് ചെയ്തത്'- അദ്ദേഹം പ്രതികരിച്ചു.
ഇത് തനിക്കെതിരെയുള്ള അനീതി മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, ഉചിതമായ നടപടിക്രമങ്ങൾക്കുള്ള അവകാശം എന്നിവ ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രത്തിനെതിരായ കുറ്റപത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തടവിലായിരിക്കെ വൈദ്യസഹായം വൈകിയെന്നും കൈകാലുകളിൽ വിലങ്ങും ചങ്ങലയും ധരിപ്പിച്ചെന്നും ഹംദിയും അഭിഭാഷകരും ആരോപിച്ചു.
ഹംദിയുടെ മോചനം അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ ബലഹീനത വെളിവാക്കുന്നതാണെന്ന് സിഎഐആർ-സിഎ ചീഫ് എക്സിക്യൂട്ടീവ് ഹുസാം അയ്‌ലോഷ് പറഞ്ഞു. 'അധികാരികളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം ഒരു സ്വതന്ത്ര മനുഷ്യനായി രാജ്യം വിടില്ലായിരുന്നു'- അയ്ലോഷ് പറഞ്ഞു.
ഒക്ടോബർ 25ന്, സാക്രമെന്റോയിൽ നടന്ന സിഎഐആറിന്റെ വാർഷിക പരിപാടിയിൽ സംസാരിച്ച ഹംദി, ഞായറാഴ്ച ഫ്ലോറിഡയിലെ പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് തടങ്കലിലാക്കിയത്. ഇസ്രായേൽ വിമർശകരെ തടവിലാക്കുന്ന പരിപാടി യുഎസ് അവസാനിപ്പിക്കണമെന്നും ഇത് ഇസ്രായേലിന്റെ പ്രാഥമിക നയമാണ്. അമേരിക്കയുടെയല്ലെന്നും സിഎഐആർ ആവശ്യപ്പെട്ടിരുന്നു.
ഐസിഇ ഉടൻ ഹംദിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട സിഎഐആർ, ഈ അനീതിയെക്കുറിച്ച് തങ്ങൾ ലോകത്തെ അറിയിക്കുമെന്നും അറിയിച്ചിരുന്നു. മാർച്ചിൽ കൊളംബിയ യൂണിവേഴ്സിറ്റി ബിരുദധാരിയും ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റുമായ മഹമൂദ് ഖലീലിനെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്യുകയും നാടുകടത്തൽ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.