സ്റ്റാർ ബക്‌സിനെ നിയമപോരാട്ടത്തിൽ തോൽപ്പിച്ച പാകിസ്താനി കഫേ; സത്താർ ബക്ഷിനെക്കുറിച്ചറിയാം..
ലോഗോയിലും പേരിലുമുള്ള സാമ്യം ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുമെന്നായിരുന്നു സ്റ്റാർ ബക്‌സ് ആരോപിച്ചത്
കറാച്ചി: പാകിസ്താനിലെ കറാച്ചിയിലെ പേരുകേട്ട കഫേയാണ് സത്താര്‍ ബക്ഷ്. ആഗോള കോഫി ഭീമനായ സ്റ്റാർബക്‌സുമായുള്ള നിയമപോരട്ടത്തില്‍ വിജയം നേടിക്കൊണ്ടാണ് ഈ കഫേ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. 2013റിസ്വാൻ അഹമ്മദ്, അദ്നാൻ യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് സത്താര്‍ ബക്ഷ് എന്ന കഫേ ആരംഭിക്കുന്നത്. കറാച്ചിയിലെക്ലിഫ്റ്റൺ ബ്ലോക്ക് 4 ലാണ് കഫേയുടെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നത്.ബൺ കബാബുകളും ഗുലാബ് ജാമുനുകളും മുതൽ ബർഗറുകളും പിസ്സകളും വരെയുള്ള പ്രാദേശിക, പാശ്ചാത്യ രുചികള്‍ സംയോജിപ്പിച്ച വിഭവങ്ങളായിരുന്നു ഇവരുടെ പ്രത്യേകത.
ഇവരുടെ ലോഗോ സ്റ്റാർബക്‌സുമായി സാമ്യമുണ്ടെന്ന് കാണിച്ചായിരുന്നു നിയമപോരാട്ടം തുടങ്ങുന്നത്. സ്റ്റാർബക്‌സിന്റെ മത്സ്യകന്യകയ്ക്ക് പകരം മീശയുള്ള മനുഷ്യനാണ് സത്താര്‍ ബക്ഷിന്‍റെ ലോഗോയിലുള്ളത്. ലോഗോയെ പോലെതന്നെ പേരിലും സാമ്യമുണ്ടെന്നതും സ്റ്റാർബക്‌സിനെ ചൊടിപ്പിച്ചു.
ലോഗോയിലും പേരിലുമുള്ള സാമ്യം ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുമെന്നും, ബ്രാൻഡിനെ ദുർബലപ്പെടുത്തുമെന്നും, വ്യാപാരലോഗോ നിയമങ്ങളുടെ ലംഘനത്തിന് സാധ്യതയുണ്ടെന്നും സ്റ്റാർബക്‌സ് വാദിച്ചു. എന്നാല്‍ സ്റ്റാർബക്‌സിനെ അനുകരിക്കാൻ വേണ്ടിയല്ല ലോഗോ തയ്യാറാക്കിയതെന്നും ആക്ഷേപഹാസ്യ പരീക്ഷണമായി ചെയ്തതാണെന്നും സത്തർ ബക്ഷ് ഉടമകള്‍ കോടതിയില്‍ വാദിച്ചു. മാത്രവുമല്ല,ലോഗോയുടെ കളറിലും ഫോണ്ടിലും വ്യത്യാസമുണ്ടെന്നും ഇവര്‍ വാദിച്ചു. കൂടാതെ സത്തർ ബക്ഷ് എന്ന പേര് തന്നെ പാകിസ്താന്‍ സംസ്കാരത്തില്‍ നിന്നെടുത്തതാണെന്നും ഇവര്‍ പറയുന്നു.സത്താർ എന്നത് പാകിസ്താനിലെ സാധാരണ ഉപയോഗിക്കുന്ന പേരാണ്. ബക്ഷ് എന്നതിന് ഉറുദുവിൽ "ദാതാവ്" അല്ലെങ്കിൽ "ദാസൻ" എന്നാണ് അർത്ഥം. സത്താര്‍ ബക്ഷ് എന്ന പേര് 500 വർഷം പഴക്കമുള്ള അറബി പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.
പാകിസ്താനിലെ വ്യാപാരമുദ്ര സംരക്ഷണ നിയമങ്ങൾ പ്രകാരം, പ്രമുഖ ആഗോള ബ്രാൻഡുകളുമായി സാമ്യമുള്ളതോ കോപ്പിയടിക്കുന്നതോ ആയ ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാകും. സത്താർ ബക്ഷിന്റെ ചിഹ്നവും പേരും ആ വിഭാഗത്തിൽ പെടുന്നതെന്നാണ് സ്റ്റാർബക്സ് വാദിച്ചത്. എന്നാല്‍ തങ്ങളുടെത് കോപ്പിയടിയല്ല, പാരഡിയാണെന്ന് വാദത്തില്‍ സത്താര്‍ ബക്ഷ് ഉടമകള്‍ ഉറച്ച് നിന്നു. ഒടുവില്‍ നിയമപോരാട്ടത്തില്‍ വിജയം സത്താര്‍ ബുക്ഷിനൊപ്പമായിരുന്നു. ഏതായാലും സ്റ്റാർബക്‌സിനോട് ഏറ്റുമുട്ടി വിജയം നേടിയ ഈ പ്രാദേശിക കഫേ ലോകമാകെ ചര്‍ച്ചയായിക്കഴിഞ്ഞു.