'തിങ്കളാഴ്‌ച കാണാം': ശുഭാപ്തിവിശ്വാസം കൈവിടാതെ ഋഷി സുനക്

മിക്ക സര്‍വേകളും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് വിജയിയാകുമെന്നാണ് പ്രവചിക്കുന്നത്

Update: 2022-09-04 06:45 GMT
Advertising

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജനും പാർലമെന്റ് അംഗവുമായ ഋഷി സുനക് പിന്തുണച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി. മിക്ക സര്‍വേകളും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് വിജയിയാകുമെന്നാണ് പ്രവചിക്കുന്നത്. അതേസമയം ഋഷി സുനക് തികഞ്ഞ ശുഭാപ്തിവിശ്വാസത്തിലാണ്.

"വോട്ടിങ് ഇപ്പോൾ അവസാനിച്ചു. എന്‍റെ എല്ലാ സഹപ്രവർത്തകർക്കും പ്രചാരണ ടീമിനും എന്നെ കാണാനും പിന്തുണ നൽകാനും വന്ന എല്ലാവര്‍ക്കും നന്ദി. തിങ്കളാഴ്ച കാണാം" എന്നാണ് ഋഷി സുനക് ട്വിറ്ററിൽ കുറിച്ചത് .

കുതിച്ചുയരുന്ന പണപ്പെരുപ്പം തടയുക, അനധികൃത കുടിയേറ്റം നേരിടാനുള്ള 10 പദ്ധതികൾ, യുകെ തെരുവുകൾ കുറ്റകൃത്യങ്ങളിൽ നിന്ന് സുരക്ഷിതമാക്കുക, ജനഹൃദയത്തിൽ സർക്കാരിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുക തുടങ്ങിയ വാഗ്ദാനങ്ങളാണ് ഋഷി സുനക് മുന്നോട്ടുവെച്ചത്.

ഏകദേശം 1,60,000 അംഗങ്ങൾ രേഖപ്പെടുത്തിയ ഓൺലൈൻ തപാൽ ബാലറ്റുകളിൽ നിന്ന്, തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30ന് വിജയിയെ പ്രഖ്യാപിക്കും. സെൻട്രൽ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിന് സമീപമുള്ള ക്വീൻ എലിസബത്ത് കോൺഫറൻസ് സെന്ററിൽ ഫലം പ്രഖ്യാപിച്ചതിന് ശേഷം, പുതിയ പ്രധാനമന്ത്രി ഹ്രസ്വ പ്രസംഗം നടത്തും.

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചൊവ്വാഴ്ച വിടവാങ്ങൽ പ്രസംഗം നടത്തും. പുതിയ നേതാവിനെ എലിസബത്ത് രാജ്ഞി അവരുടെ ബൽമോറൽ കാസിൽ വസതിയിൽ വച്ച് പ്രധാനമന്ത്രിയായി ഔദ്യോഗികമായി നിയമിക്കും. പ്രധാന കാബിനറ്റ് പദവികൾ ബുധനാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിക്കും.

ഇതോടെ ആഴ്ചകളോളം നീണ്ട ബ്രിട്ടീഷ് രാഷ്ട്രീയ നാടകത്തിന് പരിസമാപ്തിയാവും. കോവിഡ് നിയമ ലംഘന ആഘോഷ പാർട്ടികളുടെയും അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ അറുപതോളം മുതിർന്ന മന്ത്രിമാരാണ് ജൂലൈയിൽ ബോറിസ് ജോണ്‍സണ്‍ ക്യാബിനറ്റിൽ നിന്ന് രാജിവെച്ചത്. തുടർന്ന് നീണ്ട സമ്മർദത്തിനൊടുവിലാണ് ബോറിസ് ജോൺസണ്‍ രാജി സമര്‍പ്പിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News