ഒമിക്രോൺ ഭീതി; അടുത്ത നാലാഴ്ചയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങ് നിർത്തി സിംഗപ്പൂർ

ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ള ടിക്കറ്റ് ബുക്കിങ്ങാണ് നിർത്തിയത്, നിലവിൽ ടിക്കറ്റ് എടുത്തവർക്ക് യാത്ര ചെയ്യാം

Update: 2021-12-22 08:13 GMT
Editor : Lissy P | By : Web Desk
Advertising

ക്രിസ്തുമസും പുതുവർഷമാഘോഷിക്കാൻ സിംഗപ്പൂരിലേക്ക് പറക്കാനൊരുങ്ങുന്നവർക്ക് തിരിച്ചടി.ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ള പുതിയ വിമാനടിക്കറ്റ് ബുക്കിങ്ങ് നിർത്തി സിംഗപ്പൂർ. ലോകമെമ്പാടും വർധിച്ചുവരുന്ന ഒമിക്രോൺ കേസുകളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സിംഗപ്പൂരിലേക്ക് വരുന്ന വാക്‌സിനേറ്റഡ് ട്രാവൽ ലെയ്ൻ (വിടിഎൽ) വിമാനങ്ങളുടെ ടിക്കറ്റ് വിൽപ്പനയാണ് സിംഗപ്പൂരിലെ സിവിൽ ഏവിയേഷൻ അതോറിറ്റി നിർത്തുന്നത്. ക്വാറന്റൈൻ ഫ്രീ ട്രാവൽ പ്രോഗ്രാമിന്റെ കീഴിലുള്ള അധികൃതരാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

'ഒമിക്രോൺ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ  സഞ്ചാരികളുടെ വരവ് നിയന്ത്രിക്കുന്നതിനും അതുവഴി രോഗം പടരുന്നത് തടയുന്നതിനുമാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് സിംഗപ്പൂരും വാക്‌സിനേറ്റഡ് ട്രാവൽ ലെയ്‌നും ഇത്തരമൊരു നടപടിയെടുക്കുന്നത്. എയർപോർട്ട് ജീവനക്കാരെയും എയർ ക്രൂവിനെയും സംരക്ഷിക്കുന്നതിന് അധിക സുരക്ഷാ സംവിധാനങ്ങളും നടപ്പാക്കുമെന്നും അധികൃതർ  വാർത്താകുറിപ്പിൽ അറിയിച്ചു.

ഓസ്ട്രേലിയ, ഇന്ത്യ, മലേഷ്യ, ബ്രിട്ടൻ, യു.എസ് തുടങ്ങി 24 ഓളം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിയമം ബാധകമാകുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്  അടുത്ത നാലാഴ്ചത്തേക്ക് പുതിയ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയില്ല. വി.ടി.എൽ ഫ്‌ളൈറ്റുകളിലോ ബസുകളിലോ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർക്ക് യാത്ര ചെയ്യുന്നതിന് വിലക്കില്ല. കൂടാതെ ടിക്കറ്റുകൾ കൈവശം വെച്ചിരിക്കുന്ന സിംഗപ്പൂർ സ്വദേശികൾക്കും മറ്റ് പി.ആർമാർക്കും ഈ തീരുമാനം ബാധിക്കില്ല.

65 ഒമൈക്രോൺ കേസുകളാണ് സിംഗപ്പൂരിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒമിക്രോണിന്റെ സമൂഹവ്യാപനം തടയാൻ സാധിച്ചിട്ടുണ്ടെന്നും സിംഗപ്പൂർ സർക്കാർ അവകാശപ്പെട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News