'അമേരിക്കയെയും ഡൊണാൾഡ് ട്രംപിനെയും വെറുക്കുന്നു'; ദക്ഷിണാഫ്രിക്കൻ അംബാസഡറെ പുറത്താക്കി അമേരിക്ക

ഇരു രാജ്യങ്ങൾക്കുമിടയിൽ വർധിച്ച് വരുന്ന സംഘർഷങ്ങൾക്കിടയിലാണ് അമേരിക്കയുടെ അപൂർവ്വ നീക്കം

Update: 2025-03-15 08:12 GMT
Editor : സനു ഹദീബ | By : Web Desk

വാഷിംഗ്‌ടൺ: ദക്ഷിണാഫ്രിക്കൻ അംബാസഡറെ പുറത്താക്കി അമേരിക്ക. ദക്ഷിണാഫ്രിക്കൻ അംബാസഡർ ഇബ്രാഹിം റസൂൽ അമേരിക്കയെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വെറുക്കുന്നുവെന്ന് കാണിച്ചാണ് നടപടി. ഇരു രാജ്യങ്ങൾക്കുമിടയിൽ വർധിച്ച് വരുന്ന സംഘർഷങ്ങൾക്കിടയിലാണ് അമേരിക്കയുടെ അപൂർവ്വ നീക്കം.

"നമ്മുടെ മഹത്തായ രാജ്യം അദ്ദേഹത്തെ ഇനി സ്വാഗതം ചെയ്യുന്നില്ല. ഞങ്ങൾക്ക് അദ്ദേഹവുമായി ചർച്ച ചെയ്യാൻ ഒന്നുമില്ല," യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സാമൂഹ്യ മാധ്യമമായ എക്‌സിൽ കുറിച്ചു. റസൂൽ വംശീയ വിദ്വേഷം പുലർത്തുന്ന രാഷ്ട്രീയനേതാവാണെന്നും റൂബിയോ കുറ്റപ്പെടുത്തി. ക്യൂബെക്കിൽ നടന്ന ഗ്രൂപ്പ് ഓഫ് 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ നിന്ന് മടങ്ങുന്നതിനിടെയാണ് റൂബിയോ പോസ്റ്റ് പങ്കുവെച്ചത്.

Advertising
Advertising

ട്രംപ് ഭരണകൂടത്തെക്കുറിച്ചുള്ള ഒരു ഓൺലൈൻ പ്രഭാഷണത്തിനിടെ ഇബ്രാഹിം റസൂൽ അടുത്തിടെ നടത്തിയ പരാമർശങ്ങളാണ് നടപടിക്ക് കാരണമായത്. ട്രംപ് വെള്ളക്കാരുടെ മേധാവിത്വത്തിനാണ് നേതൃത്വം നൽകുന്നതെന്ന് പ്രഭാഷണത്തിനിടെ റസൂൽ പറഞ്ഞിരുന്നു. വലതുപക്ഷ വെബ്‌സൈറ്റായ ബ്രൈറ്റ്ബാർട്ടിൽ വന്നിട്ടുള്ള പ്രഭാഷണത്തിന്റെ ഭാഗങ്ങൾ അടങ്ങിയ ലേഖനവും റൂബിയോ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

യുഎസ് സഖ്യകക്ഷിയായ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നൽകിയ വംശഹത്യ കേസിലും ഭൂനയത്തിലും അതൃപ്തി പ്രകടിപ്പിച്ച്  ദക്ഷിണാഫ്രിക്കക്ക് നൽകി വന്നിരുന്ന സാമ്പത്തിക സഹായം ട്രംപ് ഭരണകൂടം അടുത്തിടെ വെട്ടിക്കുറച്ചിരുന്നു.

അതേസമയം, റസൂലിന്റെ പുറത്താക്കൽ ഖേദകരമാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് പ്രതികരിച്ചു. അമേരിക്കയുമായി പരസ്പരം പ്രയോജനകരമായ ബന്ധം കെട്ടിപ്പടുക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

2010 മുതൽ 2015 വരെ യുഎസിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ ആയിരുന്നു ഇബ്രാഹിം റസൂൽ. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News