Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
മാഡ്രിഡ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ 22 കുടിയേറ്റ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കാൻ ഇസ്രയേൽ അനുമതി നൽകിയതിനെ സ്പെയ്ൻ ശക്തമായി അപലപിച്ചു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണന്നും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയെ തുരങ്കം വെയ്ക്കുന്നതാണെന്നും സ്പെയ്ൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളിൽ സ്പെയ്ൻ ആശങ്ക രേഖപ്പെടുത്തി. കൂടാതെ, ഫലസ്തീനികളുടെ വീടുകൾ തകർക്കുന്നതിനെയും, കുടിയേറ്റക്കാരുടെ അക്രമം വർധിക്കുന്നതിനേയും, ആയിരക്കണക്കിന് ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്നതിനെയും സ്പെയ്ൻ അപലപിച്ചു. ഈ പ്രവൃത്തികൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും അവർ പറഞ്ഞു.
മേഖലയിൽ സമാധാനം പുലരണമെങ്കിൽ ഗസ്സയും വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന ഒരു പരമാധികാര ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാകണ്ടതുണ്ട്.
അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രായേലി കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അഭിപ്രായപ്പെടുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയ നടപടിയെ എതിർത്ത് ഫിൻലാൻഡും രംഗത്തെത്തിയിട്ടുണ്ട്.