യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചത് ഏകപക്ഷീയമെന്ന് സ്‌പെയിന്‍; യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സ്
ചര്‍ച്ചകള്‍ നടക്കുന്നതിനിടെയുള്ള ആക്രമണം ചതിയാണെന്ന് റഷ്യ
മഡ്രിഡ്: യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ഇറാന്‍ ആക്രമണത്തെ ഏകപക്ഷീയമെന്ന് വിശേഷിപ്പിച്ച് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്. ആഗോള അനിശ്ചിതത്വങ്ങള്‍ വര്‍ധിപ്പിക്കാനും ലോകക്രമത്തെ തകര്‍ക്കാനും ആക്രമണം കാരണമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണത്തെയും അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിച്ചുകൊണ്ട് എത്രയും വേഗത്തിലുള്ള വെടിനിര്‍ത്തലാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംഘര്‍ഷ സാഹചര്യം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷയെയും സമാധാനത്തെയും യുദ്ധം സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പങ്കാളികള്‍ ആവശ്യപ്പെടുന്ന പക്ഷം എല്ലാ സുരക്ഷാ വിന്യാസങ്ങള്‍ക്കും ഫ്രാന്‍സ് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ റഷ്യ രൂക്ഷപ്രതികരണം നടത്തി. ചര്‍ച്ചകള്‍ നടക്കുന്നതിനിടെയുള്ള ആക്രമണം ചതിയാണെന്നും അമേരിക്കയുടെ തനിനിറം വെളിപ്പെട്ടുവെന്നും റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും മുന്‍ പ്രസിഡന്റുമായ ദിമിത്രി മെദ്വദേവ് പറഞ്ഞു. 'സമാധാനവാദി' തന്റെ യഥാര്‍ഥ നിറം ഒരിക്കല്‍ കൂടി വെളിപ്പെടുത്തിയിരിക്കുന്നുവെന്ന് ട്രംപിനെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള എല്ലാ ചര്‍ച്ചകളും വെറും ഒരു മറ മാത്രമായിരുന്നു. ഇതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. ആര്‍ക്കും ഒന്നിനോടും യോജിക്കാന്‍ താല്പര്യവുമില്ലായിരുന്നു - മെദ്വദേവ് പറഞ്ഞു.
യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഇന്ന് രാവിലെയാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നീട് വിവിധ സമയങ്ങളിലായി ആക്രമണം തുടര്‍ന്നു. മറുപടിയായി ഇസ്രായേലിലെ തെല്‍ അവിവ് ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. ഇറാനില്‍ സ്‌കൂളിലുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 50ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടു. മേഖലയിലാകെ സംഘര്‍ഷ സാഹചര്യം തുടരുകയാണ്.