ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന് ഡ്രോണുകള്‍ നല്‍കിയത് സുമയ്യ ഉര്‍ദുഗാന്‍റെ ഭര്‍ത്താവിന്റെ കമ്പനിയോ? സെലെബി വിലക്കിനു പിന്നിലെന്ത്?

സുമയ്യയുടെ ഭര്‍ത്താവ് സെല്‍ജൂക്ക് ബൈരക്തര്‍ തുര്‍ക്കി ഡിഫന്‍സ് കമ്പനിയായ ബയ്കാറിന്റെ ചെയര്‍മാനും ചീഫ് ടെക്‌നോളജി ഓഫിസറുമാണ്

Update: 2025-05-21 09:15 GMT
Editor : Shaheer | By : Web Desk

ന്യൂഡല്‍ഹി/അങ്കാറ: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ 'ഓപറേഷന്‍ സിന്ദൂറി'ല്‍ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയ ആദ്യത്തെ രാഷ്ട്രങ്ങളിലൊന്നാണ് തുര്‍ക്കി. പാകിസ്താന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമെന്നായിരുന്നു തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തിന്റെ ആദ്യ പ്രതികരണം വന്നത്. പിന്നാലെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെ വിളിച്ച് എല്ലാ പിന്തുണയും ഉറപ്പുനല്‍കി. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ പാക് മുഹമ്മദ് ഇസ്ഹാഖ് ദറിനെയും വിളിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.

Advertising
Advertising

പിന്നാലെ, തുര്‍ക്കിയില്‍നിന്ന് പാകിസ്താന്‍ തുറമുഖങ്ങള്‍ ലക്ഷ്യമാക്കി ആയുധങ്ങളുമായി തുര്‍ക്കിയുടെ കപ്പലുകള്‍ എത്തിയതായും റിപ്പോര്‍ട്ട് വന്നു. അത്യാധുനിക ഡ്രോണുകളാണ് എത്തിച്ചുനല്‍കിയതെന്നായിരുന്നു വിവരം. പിന്നാലെയാണ് ഇന്ത്യയില്‍ 36 ഇടങ്ങളില്‍ പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്. അസിസ് ഗാര്‍ഡ് സോംഗര്‍, ബൈരക്തര്‍, അകിഞ്ചി എന്നിങ്ങനെ പേരുള്ള തുര്‍ക്കി ഡ്രോണുകളായിരുന്നു ആക്രമണത്തിന് ഉപയോഗിച്ചതെന്നാണു സൂചന. ആക്രമണശ്രമം പക്ഷേ ഇന്ത്യന്‍ സൈന്യത്തിന്റെ മിസൈല്‍ ഡിഫന്‍സ് സംവിധാനം തകര്‍ത്തിരുന്നു.

Full View

പാകിസ്താനുള്ള ആയുധ സഹായ വാര്‍ത്തകള്‍ക്കു പിന്നാലെ തുര്‍ക്കിക്കെതിരെ ഇന്ത്യയില്‍ വന്‍ ബഹിഷ്‌ക്കരണ കാംപയിന്‍ നടന്നു. തുര്‍ക്കി ആപ്പിളുകളും മാര്‍ബിളുമെല്ലാം മാര്‍ക്കറ്റുകൡിനിന്നു വ്യാപകമായി മാറ്റിനിര്‍ത്തപ്പെട്ടു. ഐ.ഐ.ടി ബോംബേ, ജാമിഅ മില്ലിയ്യ, ജെ.എന്‍.യു, മൗലാനാ ആസാദ്, ഡല്‍ഹി യൂനിവേഴ്‌സിറ്റി, മൗലാനാ ആസാദ് നാഷനല്‍ ഉറുദു യൂനിവേഴ്‌സിറ്റി, ലവ്‌ലി പ്രൊഫഷനല്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തുര്‍ക്കി സര്‍വകലാശാലകളുമായുള്ള എം.ഒ.യു റദ്ദാക്കി.

ഇതിനിടെയാണ് തുര്‍ക്കി എയര്‍പോര്‍ട്ട് ഗ്രൗണ്ട് സര്‍വീസ് കമ്പനിയായ സെലെബി ഏവിയേഷന്റെ സുരക്ഷാ ക്ലിയറന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുന്നത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹ്മദാബാദ്, കൊച്ചി, ഗോവ, കണ്ണൂര്‍ എന്നിങ്ങനെ രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് സര്‍വീസിനു മേല്‍നോട്ടം വഹിച്ചിരുന്നത് സെലെബിയായിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കമ്പനിയുടെ സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിക്കുകയായിരുന്നു ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അഥവാ ബി.സി.എ.എസ്. കമ്പനിക്കു കീഴിലുള്ള സെലെബി എയര്‍പോര്‍ട്ട് സര്‍വിസസ് ഇന്ത്യ പ്രൈവറ്റഡ് ലിമിറ്റഡ് കമ്പനിക്കെതിരെയായിരുന്നു നടപടി. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു ആണ് പ്രഖ്യാപനം നടത്തിയത്. സെലെബിയുടെ ജീവനക്കാരെ തന്നെ നിര്‍ത്തി എയര്‍പോര്‍ട്ട് സേവനങ്ങള്‍ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സെലെബി പ്രതിഷേധവുമായി എത്തി. സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കൃത്യമായ വിശദീകരണമോ തെളിവുകളോ ഇല്ലാതെ, അവ്യക്തമായ ദേശീയ സുരക്ഷാ കാരണങ്ങളാണു നടപടിക്കു കാരണമായി വ്യക്തമാക്കിയിട്ടുള്ളതെന്നായിരുന്നു ഹരജിയില്‍ കമ്പനി വാദിച്ചത്. കമ്പനിക്കു കീഴിലുള്ള നാലായിരത്തോളം വരുന്ന തൊഴിലാളികളെ ഇതു ബാധിക്കും. തങ്ങളുടെ നിക്ഷേപകരുടെ ആത്മവിശ്വാത്തെയും ഇതു ബാധിക്കുമെന്നും കമ്പനി ഹരജിയില്‍ ചൂണ്ടിക്കാട്ടി.

അതിനിടെ, ഉര്‍ദുഗാനുമായും അദ്ദേഹത്തിന്റെ മകള്‍ സുമയ്യ ഉര്‍ദുഗാനുമായും കമ്പനിക്ക് ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. തുര്‍ക്കി ഭരണകൂടവുമായും ബന്ധം ആരോപിക്കപ്പെട്ടു. സുമയ്യ ഉര്‍ദുഗാന്‍ സെലെബിയുടെ സഹ ഉടമയാണെന്നും കമ്പനിയില്‍ ഓഹരി ഉടമയാണെന്നുമെല്ലാമായിരുന്നു പ്രചാരണങ്ങള്‍. അവരുടെ ഭര്‍ത്താവ് സെല്‍ജൂക്ക് ബൈരക്തര്‍ തുര്‍ക്കി ഡിഫന്‍സ് കമ്പനിയായ ബയ്കാറിന്റെ ചെയര്‍മാനും ചീഫ് ടെക്‌നോളജി ഓഫിസറുമാണ്. ബൈരക്തര്‍, അകിഞ്ചി ഉള്‍പ്പെടെയുള്ള അത്യാധുനിക ഡ്രോണുകള്‍ നിര്‍മിക്കുന്നുണ്ട് കമ്പനി. പാകിസ്താന്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ചതും ഇതേ ഡ്രോണുകളായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്. ഈ ബന്ധം ചൂണ്ടിക്കാട്ടിയാണ് സുമയ്യയ്ക്ക് ഉടമസ്ഥതയുള്ള സെലെബിയെ നിരോധിക്കാന്‍ ഒരു വശത്ത് കാരണങ്ങള്‍ നിരത്തപ്പെട്ടത്.

എന്നാല്‍, അത്തരം ആരോപണങ്ങളെല്ലാം സെലെബി മാനേജ്‌മെന്റ് തള്ളിക്കളഞ്ഞിട്ടുണ്ട്. സുമയ്യ ഉര്‍ദുഗാന്‍ കമ്പനി ഉടമയാണെന്നും ഓഹരിയുണ്ടെന്നുമെല്ലാം ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇത് തെറ്റായ പ്രചാരണമാണെന്നാണ് സെലെബി പ്രതികരിച്ചത്. കാന്‍ സെലെബിയോഗ്ലു, കനാന്‍ സെലെബിയോഗ്ലു എന്നിവര്‍ ഉള്‍പ്പെടെയുന്ന സെലെബിയോഗ്ലു കുടുംബത്തിലെ ഏതാനും പേര്‍ക്കു മാത്രമാണ് കമ്പനിയില്‍ ഓഹരിയുള്ളത്. 35 ശതമാനത്തോളമാണ് ഇവരുടെ ഓഹരി. ബാക്കിയുള്ള ഓഹരി ഉടമകളെല്ലാം വിദേശികളാണെന്നും സുമയ്യ എന്നൊരാള്‍ അക്കൂട്ടത്തിലില്ലെന്നും കമ്പനി വ്യക്തമാക്കി. കമ്പനിക്ക് ഒരു തരത്തിലുമുള്ള രാഷ്ട്രീയബന്ധമില്ലെന്നും സെലെബി അറിയിച്ചു.

റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍-എമിന്‍ ഉര്‍ദുഗാന്‍ ദമ്പതികളുടെ ഇളയ മകളാണ് സുമയ്യ. ട്രാബ്‌സണിലെ അര്‍ക്ലി ഇമാം ഹാത്തിപ് ഹൈസ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം. ഇന്ത്യാന യൂനിവേഴ്‌സിറ്റി ബ്ലൂമിങ്ടണില്‍നിന്ന് സോഷ്യോളജിയിലും പൊളിറ്റക്കല്‍ സയന്‍സിലും ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. പിന്നീട് ജോര്‍ദാന്‍ സര്‍വകലാശാലയില്‍നിന്ന് അറബിയിലും ബിരുദം നേടി.

പഠനം പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ സുമയ്യ 2013ല്‍ പിതാവ് ഉര്‍ദുഗാന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി ചുമതലയേറ്റെടുക്കുകയായിരുന്നു. പിന്നീട് ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയില്‍ വിദേശകാര്യ കണ്‍സല്‍ട്ടന്റായും സേവനമനുഷ്ഠിച്ചു. ഇതിനിടയില്‍ 'വിമിന്‍ ആന്‍ഡ് ഡെമോക്രസി അസോസിയേഷന്‍' എന്ന പേരില്‍ ഒരു സംഘടനയ്ക്കും രൂപം നല്‍കി. സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യവും പങ്കാളിത്തവും വര്‍ധിപ്പിക്കുകയും സ്ത്രീ അവകാശങ്ങളും തുല്യനീതിയും ഉറപ്പാക്കുകയും ചെയ്യുകയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം. 2010ല്‍ ഡൊറുക് ഇസ്ഗാറ എന്ന പേരില്‍ സഹോദരന്‍ ബിലാല്‍ ഉര്‍ദുഗാനുമായി ചേര്‍ന്ന് ഒരു ഫുഡ് കമ്പനിക്കും തുടക്കമിടുന്നുണ്ട് അവര്‍. 2016ലാണ് സെല്‍ജൂക് ബൈരക്തറുമായുള്ള വിവാഹം നടക്കുന്നത്.

Summary: Did Sumeyye Erdogan's husband's company provide drones to Pakistan to attack India? What's behind the Celebi clearance revocation?

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News