എട്ട് മാസത്തെ ബഹിരാകാശവാസം, സുനിത വില്യംസും വിൽമോറും തിരിച്ചെത്തുന്നു; മാര്‍ച്ച് പകുതിയോടെ ഭൂമിയിലെത്തുമെന്ന് നാസ
കഴിഞ്ഞ വർഷം ജൂൺ 5ന് ഇവർ പുറപ്പെട്ട ബോയിങ് സ്റ്റാർലൈനർ പേടകം തകരാറിൽ ആയതോടെ ബഹിരാകാശത്ത് കുടുങ്ങിപ്പോവുകയായിരുന്നു
വാഷിംഗ്ടണ്‍: ഇന്ത്യൻ വംശജയും ബഹിരാകാശ യാത്രികയുമായ സുനിതാ വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം പകുതിയോടെ ഇവരുടെ തിരിച്ചുവരവ് ഉണ്ടാകുമെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വർഷം ജൂൺ 5ന് ഇവർ പുറപ്പെട്ട ബോയിങ് സ്റ്റാർലൈനർ പേടകം തകരാറിൽ ആയതോടെ ബഹിരാകാശത്ത് കുടുങ്ങിപ്പോവുകയായിരുന്നു.
മാർച്ച് 12ന് ഇത്ര ദീർഘനാൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (International Space Station) പുറപ്പെടുന്ന സ്പേസ് എക്സിന്‍റെ എൻഡ്യുറൻസ് പേടകം ക്രൂ 10ല്‍ ഇവരെ തിരിച്ചെത്തിക്കാം എന്നാണ് കണക്കുകൂട്ടൽ. നേരത്തെ മാർച്ച് 25നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീട് 12ലേക്ക് മാറ്റുകയായിരുന്നു. ക്രൂ-10 പര്യവേഷണ സംഘവുമായി കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ക്രൂ-9 ദൗത്യസംഘം തിരിച്ചെത്തുമെന്ന് ബഹിരാകാശ ഏജൻസി വ്യക്തമാക്കി. ക്രൂ-10 ദൗത്യത്തിൽ നാസ ബഹിരാകാശ യാത്രികരായ ആനി മക്ലെയ്ൻ, പൈലറ്റ് നിക്കോൾ അയേഴ്‌സ്, ജാക്‌സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശ യാത്രിക തകുയ ഒനിഷി, മിഷൻ സ്‌പെഷ്യലിസ്റ്റ് റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ് എന്നിവരടങ്ങുന്ന സംഘമാണ് ഉള്‍പ്പെടുന്നത്.
സുനിതയെയും വിൽമോറിനെയും എത്രയും വേഗം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്കിനോട് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ആവശ്യത്തിന് ശേഷം, ബഹിരാകാശയാത്രികരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി നാസ സ്ഥിരീകരിച്ചു, "എത്രയും വേഗം പ്രായോഗികമാകും" എന്ന് പറഞ്ഞു. ചൊവ്വാഴ്ചത്തെ പ്രസ്താവനയിൽ, സ്റ്റാർലൈനർ ക്രൂവിനെ നേരത്തെ വീട്ടിലെത്തിക്കുന്നതിനാണ് ക്രൂ-10 കാപ്സ്യൂൾ മാറ്റാനുള്ള തീരുമാനം എടുത്തതെന്ന് ഏജൻസി പറഞ്ഞിട്ടില്ല.
ദീർഘനാളായി ബഹിരാകാശത്ത് തുടരുന്ന ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകളുണ്ട്. ഗുരുത്വാകർഷണമില്ലാത്ത കാലാവസ്ഥക്ക് അനുസരിച്ച് പാകപ്പെട്ടുപോയ ശാരീരിക സ്ഥിതിയെ തിരികെ പഴയ അവസ്ഥയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നാസ നടത്തുന്നുണ്ട്.
മസാച്ചുസെറ്റ്സിലെ സ്കൂൾ വിദ്യാർഥികളുമായി ഫോണിൽ സംസാരിക്കുമ്പോൾ തൻ്റെ ശാരീരിക അവസ്ഥയെക്കുറിച്ച് സുനിത പറഞ്ഞിരുന്നു… “ഞാൻ ഇരുന്നിട്ടില്ല, നടന്നിട്ടില്ല, കിടന്നിട്ടുമില്ല….” -അവർ കടന്നുപോകുന്ന അവസ്ഥ ഈ വാക്കുകളിൽ നിന്ന് വ്യക്തമാകുമെന്നും അക്വാറിയത്തിലിട്ട മീനിൻ്റെ അവസ്ഥയിലാകും ബഹിരാകാശത്തെ ജീവിതമെന്നും നാസയിൽ നിന്ന് വിരമിച്ച ബഹിരാകാശ യാത്രികൻ കേഡി കോൾമാൻ പറയുന്നു.
കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും,ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യപരീക്ഷണത്തിന്‍റെ ഭാഗമായിരുന്നു സുനിതയും വിൽമോറും.
വിക്ഷേപണത്തിന് മുമ്പ്, സ്റ്റാർലൈനറിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ ഹീലിയം ചോർച്ച കണ്ടെത്തുകയായിരുന്നു. ഇതുകാരണം യാത്ര പലതവണ മാറ്റിവെച്ചു. ഒടുവിൽ ജൂൺ അഞ്ചിന് വിക്ഷേപണം വിജയകരമാകുകയും 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. എട്ടുദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.
ജൂൺ 13 നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്നത് ജൂൺ 26 ലേക്ക് നീട്ടിവെച്ചു. ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.