ഇസ്രായേൽ ആക്രമണങ്ങളെ പിന്തുണച്ചു; ട്രംപ് ക്യാമ്പിൽ ഭിന്നത

'അമേരിക്ക ഫസ്റ്റ്' എന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് മുദ്രവാക്യത്തിന് വിരുദ്ധമാണ് ഇസ്രായേലിനുള്ള നിരുപാധിക പിന്തുണയെന്ന് നിരവധി വലതുപക്ഷ രാഷ്ട്രീയക്കാരും നിരൂപകരും ചൂണ്ടിക്കാണിക്കുന്നു

Update: 2025-06-14 12:29 GMT

വാഷിംഗ്‌ടൺ: ജനുവരിയിൽ രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഡൊണാൾഡ് ട്രംപ് എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ സ്ഥാനാരോഹണത്തിന് ആറ് മാസങ്ങൾക്ക് ശേഷവും ഇസ്രേൽ നടത്തുന്ന യുദ്ധങ്ങളിൽ അമേരിക്കയുടെ സാന്നിധ്യം പ്രകടമാണ്. ഏറ്റവും പുതിയ ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തിലും അമേരിക്കക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഇത് ട്രംപ് ക്യാമ്പിൽ പൊട്ടിത്തെറികൾക്ക് വഴിവെച്ചിരിക്കുന്നുവെന്ന് അൽ ജസീറയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

'അമേരിക്ക ഫസ്റ്റ്' എന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് മുദ്രവാക്യത്തിന് വിരുദ്ധമാണ് ഇസ്രായേലിനുള്ള നിരുപാധിക പിന്തുണയെന്ന് നിരവധി വലതുപക്ഷ രാഷ്ട്രീയക്കാരും നിരൂപകരും ചൂണ്ടിക്കാണിക്കുന്നു. 'അമേരിക്ക ഫസ്റ്റ് ക്യാമ്പിന്റെ പല ഭാഗങ്ങളിലും വളരെ ശക്തമായ വിമർശനം നിലനിൽക്കുന്നുണ്ട്. യുദ്ധങ്ങളിൽ യുഎസ് പങ്കാളിയാകുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നുണ്ടെന്ന ആശയത്തിനെതിരെ അവർ  തിരിഞ്ഞിരിക്കുന്നു.' യുഎസ് നയതന്ത്ര തിങ്ക് ടാങ്കായ ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ടിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ട്രിത പാർസി പറഞ്ഞു.

Advertising
Advertising

ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ നിരവധി കൺസെർവേറ്റിവുകൾ ചോദ്യം ചെയ്യുകയും യുഎസിന്റെ താൽപ്പര്യങ്ങൾ നിറവേറ്റാത്ത ഒരു യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിയായി കണക്കാക്കപ്പെടുന്ന നിരീക്ഷകൻ ടക്കർ കാൾസൺ ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിൽ പ്രസിഡന്റ് ട്രംപിന് പങ്കുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിക്കുന്നത് യുഎസിനെ യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും വിമർശിച്ചതായി ദി ഹിൽ റിപ്പോർട്ട് ചെയ്യുന്നു. 'ഇസ്രായേൽ ഈ യുദ്ധം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് അതിനുള്ള എല്ലാ അവകാശവുമുണ്ട്. അതൊരു പരമാധികാര രാജ്യമാണ്. അവർക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാൻ കഴിയും. പക്ഷേ അമേരിക്കയുടെ പിന്തുണയോടെയാവരുത്.' ടക്കർ കാൾസൺ പറഞ്ഞു.

ഇറാനുമായുള്ള യുദ്ധത്തിനെതിരെ റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ മുന്നറിയിപ്പ് നൽകുകയും വാഷിംഗ്ടണിലെ കൺസെർവേറ്റിവുകളെ വിമർശിക്കുകയും ചെയ്തു. 'അമേരിക്കൻ ജനത നമ്മുടെ അനന്തമായ യുദ്ധങ്ങളെ ശക്തമായി എതിർക്കുന്നു. 2024ൽ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്തപ്പോൾ അവർ അങ്ങനെയാണ് വോട്ട് ചെയ്തത്.' റാൻഡ് പോൾ സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി.

വലതുപക്ഷ കോൺഗ്രസ് വുമൺ മാർജോറി ടെയ്‌ലർ ഗ്രീനും ആക്രമണങ്ങളെ എതിർക്കുന്നുവെന്ന് സൂചിപ്പിച്ച് ഒരു സന്ദേശം പങ്കുവെച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News