ഫലസ്തീനിൽ ഹമാസിന് പിന്തുണയേറുന്നുവെന്ന് സർവേ: പ്രസിഡൻറ് രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവർ 90ശതമാനം

സെപ്തംബറിൽ വെസ്റ്റ് ബാങ്കിലെ 12 ശതമാനം പേരാണ് ഹമാസിനെ പിന്തുണച്ചതെങ്കിൽ ഇപ്പോൾ 44 ശതമാനം പേരാണ് പിന്തുണക്കുന്നത്

Update: 2023-12-14 09:04 GMT
Advertising

റാമല്ല, വെസ്റ്റ്ബാങ്ക്: ഫലസ്തീനിൽ ഹമാസിന് പിന്തുണയേറുന്നതായും യുഎസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയുള്ള പ്രസിഡൻറ് മഹമൂദ് അബ്ബാസ് രാജിവയ്ക്കണമെന്ന് 90 ശതമാനത്തോളം പേരും ആവശ്യപ്പെടുന്നതായും സർവേ. പാലസ്റ്റിയൻ സെൻറർ ഫോർ പോളിസി ആൻഡ് സർവേ റിസർച്ചാണ് യുദ്ധകാല സർവേ നടത്തിയത്. സെപ്തംബറിൽ വെസ്റ്റ് ബാങ്കിലെ 12 ശതമാനം പേരാണ് ഹമാസിനെ പിന്തുണച്ചതെങ്കിൽ ഇപ്പോൾ 44 ശതമാനം പേരാണ് പിന്തുണക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ 38 ശതമാനം അധികം പിന്തുണയാണ് അവർക്കുള്ളത്. 88 ശതമാനം പേരും മഹ്മൂദ് അബ്ബാസിനെതിരാണ്. വെസ്റ്റ് ബാങ്കിലെ 92 ശതമാനം പേരും അദ്ദേഹം രാജിവെക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. ഒക്‌ടോബർ ആക്രമണം ശരിയായ തീരുമാനമായിരുന്നുവെന്ന് ഗസ്സയിലെ 57 ശതമാനവും വെസ്റ്റ്ബാങ്കിലെ 82 ശതമാനവും അഭിപ്രായപ്പെട്ടതായി സർവേയിൽ പറഞ്ഞു. സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷവും ഹമാസ് യുദ്ധക്കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് പറഞ്ഞു.

ഹമാസിന്റെ സൈനികവും ഭരണപരവുമായ ശേഷിയില്ലാതാക്കാനുള്ള ഇസ്രായേലിന്റെയും അവരെ പിന്തുണക്കുന്ന ബൈഡൻ ഭരണകൂടത്തിന്റെയും ലക്ഷ്യം വിദൂരമാണെന്ന് കാണിക്കുന്നതാണ് പുതിയ സർവേ ഫലം. നിലവിൽ വെസ്റ്റ് ബാങ്ക് ഭരിക്കുന്ന ഫലസ്തീൻ അതോറിറ്റിയുടെ മഹ്മൂദ് അബ്ബാസിനെ ക്രമേണ ഗസ്സയിലും ഭരണമേൽപ്പിക്കാനാണ് യുഎസ് പദ്ധതി. ഒരു രാഷ്ട്രമായി മാറുന്നതിന് മുന്നോടിയായി ഗസ്സയും വെസ്റ്റ് ബാങ്കും ഒന്നിച്ച് ഭരിക്കാനും ആവശ്യപ്പെട്ടിരുന്നു. ഫലസ്തീൻ അതോറിറ്റിയെ പുനരുജ്ജീവിപ്പിക്കാനും അവർ ആവശ്യപ്പെടുന്നു. 2007 ഹമാസ് ഏറ്റെടുക്കുന്നത് വരെ ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ അതോറിറ്റിയാണ് ഗസ്സയും ഭരിച്ചിരുന്നത്. 2006ൽ ഹമാസ് ഭൂരിപക്ഷം നേടിയ ശേഷം ഫലസ്തീനിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രവലതുപക്ഷ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു ഗസ്സ ഫലസ്തീൻ അതോറിറ്റിയെ ഏൽപ്പിക്കുന്നതിനെ അംഗീകരിക്കുന്നില്ല. അവിടെ തുറന്ന സുരക്ഷാ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇസ്രായേലിൽ നെതന്യാഹു ഭരണകൂടമായതിനാൽ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാകുമെന്ന് ഉറപ്പുണ്ടെങ്കിലേ യുഎസ്സിന്റെ അറബ് സഖ്യകക്ഷികൾ യുദ്ധാനന്തര പുനർനിർമാണത്തിൽ പങ്കാളികളാകൂ.

പുതിയ സർവേയോടെ, ഫലസ്തീൻ അതോറിറ്റിക്ക് ജനപ്രീതിയില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഫലസ്തീൻ രാഷ്ട്രത്തിനായുള്ള വാദഗതി തുടങ്ങാനും സാധ്യതയില്ലെന്നും സർവേ നടത്തിയ ഖലീൽ ഷികാകി പറഞ്ഞു. അതിനാൽ ഗസ്സയിൽ ഇസ്രായേൽ അധിനിവേശം തുടർന്നേക്കുമെന്നും ചൂണ്ടിക്കാട്ടി.

'നിലവിൽ ഇസ്രായേൽ ഗസ്സയിൽ കുടുങ്ങിക്കിടക്കുകയാണ്' ഷികാകി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. നെതന്യാഹുവിന് ശേഷമുള്ള ഇസ്രായേൽ ഭരണകൂടം ഗസ്സയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചാലും അധിനിവേശം തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നവംബർ 22നും ഡിസംബർ രണ്ടിനുമിടയിലായി 1231 പേർക്കിടയിലാണ് സർവേ നടന്നത്. വെസ്റ്റ് ബാങ്കിലും ഗസ്സയിലുമായാണ് സർവേ നടന്നത്. 481 വ്യക്തിഗത അഭിമുഖങ്ങൾ സർവേ സംഘം നടത്തി. തുടർച്ചയായി സർവേകൾ നടത്തുന്നയാളാണ് ഷികാകി. കൂട്ട പലായനം നടക്കുന്നതിനാൽ സർവേ ഫലത്തിൽ പിഴവ് വരാനുള്ള സാധ്യത കുറച്ചു കൂടുതലാണെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടിൽ പറയുന്നത്. ഒക്‌ടോബർ ഏഴിന് ശേഷം ഫലസ്തീനികൾ എങ്ങനെ ചിന്തിക്കുന്നുവെന്നതാണ് സർവേയിലൂടെ പുറത്തുവന്നിരിക്കുന്നത്.

Survey shows that support for Hamas in Palestine is increasing and almost 90 percent want President Mahmoud Abbas to resign.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News