വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കമ്പനികൾക്ക് ഉപരോധവുമായി സിഡ്‌നി
ഇസ്രായേലി ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്‍റ് അംഗങ്ങൾ
സിഡ്‌നി: വെസ്റ്റ് ബാങ്കിലും കിഴക്കൻ അധിനിവേശ ജെറുസലേമിലും പ്രവർത്തിക്കുന്ന ഇസ്രായേലി കമ്പനികൾക്ക് ഉപരോധവുമായി സിഡ്‌നി സിറ്റി കൗൺസിൽ. ബഹിഷ്‌കരണം, ഓഹരി വിറ്റഴിക്കൽ, ഉപരോധം (ബിഡിഎസ്) എന്നിവയ്ക്കുള്ള നിർദേശം സിറ്റി കൗൺസിൽ തിങ്കളാഴ്ച അംഗീകരിച്ചെന്ന് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കൺസിലിലെ ഒരാൾ ഒഴികെ എല്ലാവരും തീരുമാനത്തെ പിന്തുണച്ചു.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്‍റെ പട്ടികയിൽ ഉൾപ്പെട്ട തർക്ക പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്രായേലി അല്ലെങ്കിൽ ഇസ്രായേലി ഇതര കമ്പനികളുമായി യാതൊരു നിക്ഷേപമോ കരാറോ ഉണ്ടാവുകയില്ലെന്ന് കൗൺസിൽ വ്യക്തമാക്കി. തീരുമാനത്തെ ആസ്ത്രേലിയയിലെ ബിഡിഎസ് പ്രസ്ഥാനം പ്രശംസിച്ചു. നിയമവിരുദ്ധമായ ഇസ്രായേലി അധിനിവേശത്തിൽ പങ്കാളികളായ കമ്പനികളെ ഒഴിവാക്കാൻ രാജ്യത്തുടനീളമുള്ള തദ്ദേശ കൗൺസിലുകൾക്ക് മാതൃകയാകുന്ന സുപ്രധാന നീക്കമാണിതെന്ന് അവർ വ്യക്തമാക്കി. ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന ആസ്ത്രേലിയയിലെ സംഘടനകളുടെ കൂട്ടായ്മയാണ് ബിഡിഎസ്.
ഇസ്രായേലിനെതിരെ സമാനമായ നീക്കം ബ്രിട്ടനിലും നടക്കുന്നുണ്ട്. അനധികൃത ഇസ്രായേലി സെറ്റിൽമെന്‍റുകളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്‍റിലെ 60-ലധികം അംഗങ്ങളും വിവിധ രാഷ്ട്രീ പാർട്ടി നേതാക്കളും ആവശ്യപ്പെട്ടു. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമിക്കും വ്യാപാര മന്ത്രി ജോനാഥൻ റെയ്നോൾഡ്സിനും അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷം പരിഹരിക്കാൻ അന്താരാഷ്ട്ര നിയമത്തെ മാനിക്കണം. ഇസ്രായേലുമായുള്ള ബ്രിട്ടന്‍റെ ഇടപാടുകൾ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമ പ്രതിബദ്ധതകളും പാലിച്ചായിരിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ബെഞ്ചമിൻ നെതന്യാഹുവിന്‍റെ സർക്കാരിനെതിരെ നടപടിയെടുക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടത് അപമാനകരമാണെന്ന് ലേബർ എംപി ബ്രയാൻ ലീഷ്മാൻ പറഞ്ഞു. ‘അന്താരാഷ്ട്ര നിയമം പാലിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുകെ സർക്കാർ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇസ്രായേൽ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കുന്ന വ്യാപാരം തുടരുന്നതിലൂടെ നെതന്യാഹു സർക്കാരിന്‍റെ യുദ്ധക്കുറ്റകൃത്യങ്ങൾ നിയമാനുസൃതമാക്കപ്പെടുകയാണ്’ -ലീഷ്മാൻ കൂട്ടിച്ചേർത്തു.