ഡാന്റെ മുതൽ മൗദൂദി വരെയുള്ളവരുടെ പുസ്തകങ്ങൾക്ക് നിരോധനമേർപ്പെടുത്തി അഫ്ഗാനിലെ താലിബാൻ ഭരണകൂടം
താലിബാന്റെ പരമോന്നത നേതാവായ മുല്ല ഹിബത്തുള്ള അഖുന്ദ്സാദ, പുസ്തക നിരോധനത്തെക്കുറിച്ചുള്ള നിർദേശം നേരത്തെ തന്നെ നൽകിയിരുന്നു
കാബൂള്‍: ഡാന്റെ മുതല്‍ അബുല്‍ അഅ്ലാ മൗദൂദിയുള്‍പ്പെടെയുള്ള ചിന്തകരുടെ പുസ്തകങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം.
സാംസ്കാരിക അധിനിവേശത്തിനെതിരെയുള്ള സംരക്ഷണമായിട്ടാണ് താലിബാൻ ഉദ്യോഗസ്ഥർ പുസ്തക നിരോധനങ്ങളെ ചൂണ്ടിക്കാട്ടുന്നത്. താലിബാന്റെ പരമോന്നത നേതാവായ മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ ഇതുസംബന്ധിച്ചുള്ള നിര്‍ദേശം നേരത്തെ തന്നെ നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാനുമായി യോജിച്ച് പോകുന്നവയല്ല ഇത്തരം പുസ്തകങ്ങളെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ കിതാബുല്‍ തൗഹീദ്, അബുൽ അഅ്‌ലാ മൗദൂദിയുടെ ഖുർആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, സയ്യിദ് ഖുതുബ് എഴുതിയ ഇസ്‌ലാമിലെ സാമൂഹിക നീതി, ജമാലുദ്ദീന്‍ അഫ്ഗാനി, അബ്ദുല്ല അസ്സാം, ആധുനിക ഇറാനിയൻ ബുദ്ധി ജീവികളായ അലി ശരീഅത്തി, മുർത്തസ മുത്തഹരി എന്നിവരുടെ പുസ്തകങ്ങളും നിരോധിച്ചിട്ടുണ്ട്.
മൂന്ന് അതിദീർഘ കവിതകളുടെ സമാഹാരമാണ് ഇറ്റാലിയന്‍ സൈദ്ധാന്തികനായിരുന്ന ഡാന്റെ രചിച്ച ഡിവൈൻ കോമഡി. നവോത്ഥാന യൂറോപ്പിൽ ഏറ്റവും പ്രചാരം ലഭിച്ചതും ഡിവൈൻ കോമഡിക്കാണ്. ഈ പുസ്തകത്തെയും നിരോധിച്ചിട്ടുണ്ട്. യുവാൽ നോഹ ഹരാരിയുടെ സാപിയൻസ്, ജോസഫ് സ്മിത്തിന്റെ മോർമന്റെ പുസ്തകം(The Book of Mormon ) ഖലീല്‍ ജിബ്രാന്റെ ദി പ്രോഫറ്റ് എന്ന പുസ്തകങ്ങള്‍ക്കും നിരോധനമുണ്ട്.
ഇസ്‌ലാമിക, അഫ്ഗാൻ മൂല്യങ്ങളെ തകർക്കാനുള്ള വിദേശ ഗൂഢാലോചനകൾ അഫ്ഗാനിസ്ഥാൻ വളരെക്കാലമായി അനുഭവിച്ചുവരികയാണെന്ന് മതകാര്യ മന്ത്രി നൂർ മുഹമ്മദ് സാഖിബ് പറയുന്നു. ഇത്തരം ശേഷിപ്പുകള്‍ ഇനിയും ലൈബ്രറികളില്‍ തങ്ങുന്നതിനെ സംശയത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറയുന്നു.