Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo| AP
വാഷിങ്ടൺ: ഗസ്സയിലെ യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിർത്തൽ കരാർ പൂർത്തിയാക്കുന്നതിൽ ഖത്തർ വലിയൊരു സഹായമായിരുന്നുവെന്നും ഖത്തർ അമീർ വളരെ ധീരനാണെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
ഖത്തറിന്റെ സഹായം ആളുകൾക്ക് മനസ്സിലാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ വളരെ ധീരരായിരുന്നു. ഖത്തറിന് ചില അംഗീകാരങ്ങൾ ലഭിക്കാൻ തുടങ്ങണമെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കാലങ്ങളായി നിലനില്‍ക്കുന്ന നിരവധി ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു. പാകിസ്താനും അഫ്ഗാനിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. തിരിച്ചെത്തിയാല്‍ ഈ വിഷയം ഏറ്റെടുക്കാമെന്ന് പറഞ്ഞ ട്രംപ് 'യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍' തനിക്കുള്ള കഴിവില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
ഗസ്സ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി ട്രംപ് ഇസ്രായേലിലെത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ടെൽ അവിവ് ബീച്ചിൽ 'നന്ദി ട്രംപ്' (Thank you trump) എന്ന് ബാനർ എഴുതിയാണ് ഇസ്രായേൽ ട്രംപിനെ സ്വീകരിച്ചത്. ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രായേൽ പാർലമെന്റിനെ ട്രംപ് അഭിസംബോധന ചെയ്യും. ബന്ദികളുടെ കുടുംബങ്ങളെയും ട്രംപ് സന്ദർശിക്കും. അതിനുശേഷം ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ട്രംപ് ഈജിപ്തിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞാണ് ഗസ്സ സമാധാന ഉച്ചകോടി. 20 ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.