ആണവോർജ ഏജൻസി മേധാവിക്ക് ഇറാനിൽ പ്രവേശിക്കുന്നതിൽ വിലക്ക്; മാസങ്ങൾക്കുള്ളിൽ ഇറാൻ വീണ്ടും യുറേനിയം സമ്പുഷ്ടമാക്കുമെന്ന് റാഫേൽ ഗ്രോസി

ആണവോർജ സഹകരണം താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള നിയമം ഇറാൻ പാർലമെന്റ് ബുധനാഴ്ച പാസാക്കിയിരുന്നു

Update: 2025-06-29 03:55 GMT

തെഹ്‌റാൻ: അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) തലവൻ റാഫേൽ മരിയാനോ ഗ്രോസിയെ തങ്ങളുടെ പ്രദേശത്ത് പ്രവേശിക്കുന്നത് വിലക്കുമെന്നും ആണവ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഏജൻസിയെ അനുവദിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി ശനിയാഴ്ച പ്രഖ്യാപിച്ചതായി അനഡോലു റിപ്പോർട്ട് ചെയ്യുന്നു. 'ഞങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയെ ഞങ്ങൾ അനുവദിക്കില്ല. ഏജൻസിയുടെ മേധാവിയെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കും.' ഇറാനിയൻ ദേശീയ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ അബ്ബാസ് അരാഗ്ചി പറഞ്ഞു.

Advertising
Advertising

ഇസ്രായേലും യുഎസുമായും അടുത്തിടെയുണ്ടായ സൈനിക ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിരീക്ഷിക്കുന്നതിനെച്ചൊല്ലി ഇറാനും യുഎൻ ആണവ നിരീക്ഷണ ഏജൻസിയും തമ്മിൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. ആണവോർജ സഹകരണം താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള നിയമം ഇറാൻ പാർലമെന്റ് ബുധനാഴ്ച പാസാക്കിയിരുന്നു. ജൂൺ 13ന് ഇറാനിയൻ സൈനിക, ആണവ, സിവിലിയൻ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചതിന് ശേഷം ഇറാനിൽ 606 പേർ കൊല്ലപ്പെടുകയും 5,332 പേർക്ക് പരിക്കേൽക്കുകയും ചെയ്തു തുടർന്നുള്ള പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ 29 പേർ കൊല്ലപ്പെടുകയും 3,400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 24ന് പ്രാബല്യത്തിൽ വന്ന യുഎസ് സ്പോൺസർ ചെയ്ത വെടിനിർത്തലിനെത്തുടർന്ന് സംഘർഷം അവസാനിച്ചു.

ഇറാന് മേലുള്ള യുഎസ്, ഇസ്രായേൽ ആക്രമണങ്ങളിൽ നിരവധി ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഇറാന് സമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് യുഎൻ ആണവ നിരീക്ഷണ മേധാവി റാഫേൽ ഗ്രോസി പറഞ്ഞതായി സിബിഎസ് ന്യൂസ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. യുഎസ് ആക്രമണത്തിന് മുന്നേ 60 ശതമാനം വരെ യുറേനിയം ഇറാൻ സമ്പുഷ്ടമാക്കിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സിവിലിയൻ ഉപയോഗത്തിന് ആവശ്യമായതിനേക്കാൾ കൂടുതലാണ്. എന്നാൽ ആയുധ ഗ്രേഡിനേക്കാൾ കുറവാണ്. ആ പദാർത്ഥം കൂടുതൽ പരിഷ്കരിച്ചാൽ ഒമ്പതിലധികം ന്യൂക്ലിയർ ബോംബുകൾ നിർമിക്കാൻ പര്യാപ്തമാകും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News