പാകിസ്താനിൽ നവീകരിച്ച ഹിന്ദു ക്ഷേത്രം പൊതുജനത്തിനായി തുറന്നുകൊടുത്തു
പഞ്ചാബ് പ്രവിശ്യയിലുള്ള ലാഹോർ കോട്ടയിലെ ലോഹ് ക്ഷേത്രമാണ് പൂർണമായി നവീകരിച്ചത്
ലാഹോർ: പാകിസ്താനിൽ ഹിന്ദു ക്ഷേത്രം നവീകരിച്ചു. പഞ്ചാബ് പ്രവിശ്യയിലുള്ള ലാഹോർ കോട്ടയിലെ ലോഹ് ക്ഷേത്രമാണ് പൂർണമായി നവീകരിച്ചത്. ശ്രീരാമ പുത്രൻ ലവന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. ലവൻ എന്ന പേരിൽ നിന്നാണ് ലാഹോർ ഉണ്ടായതെന്നാണ് ഹിന്ദു വിശ്വാസം. ക്ഷേത്രം പൊതുജനത്തിനായി തുറന്നുകൊടുത്തു.
ജീർണാവസ്ഥയിലായിരുന്ന ക്ഷേത്രം വാൾഡ് സിറ്റി ലാഹോർ അതോറിറ്റിയാണ് (WCLA) അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിച്ചത്. ക്ഷേത്രത്തോടൊപ്പം,മറ്റ് രണ്ട് ഘടനകൾ കൂടി അധികൃതർ നവീകരിച്ചിട്ടുണ്ട്. ആഗാ ഖാൻ കൾച്ചറൽ സർവീസ് പാകിസ്താന്റെ സഹായത്തോടെ, മൂന്ന് ഘടനകളും പുതിയൊരു പ്രതാപം കൈവരിച്ചുവെന്ന് വാൾഡ് സിറ്റി ലാഹോർ അതോറിറ്റി അധികൃതർ വ്യക്തമാക്കി.
ലാഹോർ കോട്ടയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക പൈതൃകം ആഘോഷിക്കുകയും സംരക്ഷിക്കുകയും എന്നതാണ് പുനരുദ്ധാരണ സംരംഭത്തിന്റെ ലക്ഷ്യം. ബ്രിട്ടീഷ് കാലഘട്ടത്തിലെ സിഖ്, ഹിന്ദു ക്ഷേത്രങ്ങൾ, മുഗൾ പള്ളികൾ, ഘടനകൾ എന്നിവയാണ് സംരക്ഷണത്തിന്റെ ഭാഗമാകുന്നതെന്ന് WCLA വക്താവ് ടാനിയ ഖുറേഷി പറഞ്ഞു. സംരക്ഷണ പ്രക്രിയക്ക് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.