Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: പേശി ബലഹീനതയോ പക്ഷാഘാതമോ കാരണം ഉണ്ടാക്കുന്ന അപൂർവ നാഡി രോഗമായ ഗില്ലൻ-ബാരെ സിൻഡ്രോം (GBS) മൂലം കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അഞ്ച് മാസമായി ഇസ്രായേൽ ഗസ്സയിലേക്ക് മരുന്ന് ഉൾപ്പെടെയുള്ള സഹായങ്ങൾ തടഞ്ഞുകൊണ്ടിരിക്കുകയാണ്. മന്ത്രാലയം പറയുന്നതനുസരിച്ച് മരണപെട്ടവരിൽ രണ്ടുപേർ 15 വയസിന് താഴെയുള്ള കുട്ടികളായിരുന്നു. ഉപരോധം കാരണം ജീവൻ രക്ഷിക്കാനുള്ള ചികിത്സ ലഭ്യമല്ലാതായതിനെ തുടർന്നാണ് മരണമുണ്ടായത്.
അണുബാധയിലും പോഷകാഹരക്കുറവിലും കുത്തനെയുള്ള വർധനവ് ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും കുട്ടികളിൽ. ഗസ്സയിലെ ആരോഗ്യ, പരിസ്ഥിതി സംവിധാനങ്ങളുടെ തകർച്ച ഫലസ്തീനികൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് ഉദ്യോഗസ്ഥർ ഒരു പ്രസ്താവനയിൽ പറഞ്ഞു. അത്യാവശ്യ മരുന്നുകളും ചികിത്സകളും അടിയന്തരമായി വിതരണം ചെയ്യാൻ മന്ത്രാലയം അന്താരാഷ്ട്ര, മാനുഷിക സംഘടനകളോട് ആഹ്വാനം ചെയ്തു.
ഗസ്സയിൽ രോഗങ്ങൾ വർധിച്ചുവരുകയാണെന്നും അത്യാവശ്യമായ മരുന്നുകളുടെയും ശുദ്ധജലത്തിന്റെയും അഭാവം മൂലം സാധാരണക്കാർ മരിച്ചുവീഴുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗസ്സയിലേക്കുള്ള ഇന്ധന പ്രവേശനം ഇസ്രായേൽ ഉപരോധിച്ചത് പ്രദേശത്തെ ഉപ്പുവെള്ള നിർമാർജ്ജന പ്ലാന്റുകളെയും ജല സംവിധാനത്തെയും സ്തംഭിപ്പിച്ചു.